നിജു ആൻ ഫിലിപ്പ്.
തിരക്കിട്ടോടി നടക്കുന്നവർക്കിടയിൽ ഒരു കുഴിയിൽ കിടക്കുന്നത് പോലെയാണ് തോന്നിയത്.ഇരുട്ടും വെളിച്ചവും കലർന്ന് കിടക്കുന്ന ഒരു ഇരുണ്ട ഇടനാഴിയിലൂടെ നടക്കമ്പോഴായിരുന്നു ഈ കുഴിയിൽ വീണത്.മുമ്പിൽ നടന്നവർ ആരും ഇവിടെ പെട്ടു പോയില്ല.എല്ലാവരും അനായാസം കുഴി ചാടിക്കടന്നു.ഞാൻ മാത്രം…ഞാൻ മാത്രം.ഓർത്തുകൊണ്ടിരുന്നത് മുഴുമിപ്പിക്കാൻ ആവുന്നില്ല.കത്തി കയ്യിൽ ആഴ്ന്നു കയറുന്നതും സൂചി കൊണ്ട് തയ്‌ച്ചു വെക്കുന്നതും കണ്ണിനു മുൻപിൽ കാണാം എന്ന് തോന്നി.പൊട്ടിപ്പോയ ഒരു ബട്ടൺ അമ്മ തുന്നി ചേർക്കുന്നത് വെറുതെ ഓർമ്മ വരുന്നു.തൊണ്ട വരളുന്നു.അലറിക്കരയാൻ പറ്റാതെ ശബ്‌ദം കുരുങ്ങിക്കിടക്കുന്നു.ബോധാബോധങ്ങൾക്കിടയിൽ എന്റെ പേര് ഉറക്കെ വിളിക്കുന്നു.
“അനൂപ്,അനൂപ് വേയ്ക്കപ്പ്,യൂ ആർ ഓൾറൈറ്റ് നൗ.”
കണ്ണ് കുത്തിപ്പൊളിക്കുന്ന വെളിച്ചത്തിലേക്കാണ് കണ്ണ് തുറന്നത്.ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളുള്ള ഡോക്ടർ മാസ്കിനുള്ളിൽ ചിരിക്കുന്നു.കണ്ണുകൾ പിന്നെയും കുറുകി.വരണ്ട ചുണ്ടുകൾ കൊണ്ട് ഒരു നന്ദി മുഴുമിപ്പിക്കാനാകാതെ ഞാൻ കിടന്നു.നെറ്റിയിലെ തണുത്ത കൈ പിന്നെയും തല തടവി.കുഴിയിൽ നിന്നും ഞാൻ മെല്ലെ കയറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.എഴുന്നേൽക്കുമ്പോഴെല്ലാം ഞാൻ വീണു പോയ്കൊണ്ടിരുന്നു.
തുന്നിക്കൂട്ടിയ കൈ ഇന്നാണ് അഴിച്ചത്.ഒറ്റയ്ക്ക് ഈ തുരുത്തിൽ കിടപ്പ് തുടങ്ങിയിട്ട് ഒരു മാസമാകുന്നു.എന്റെ തവിട്ടു തൊലിയിൽ തീരെ ചേരാതെ അപരന്റെ വെളുത്ത കൈ.അറ്റു പോയ കൈയ്യിൽ ഞാൻ ഇടാറുണ്ടായിരുന്ന ചെമ്പു മോതിരം ഓർമ്മ വന്നു.വെട്ടാതെ ഞാൻ സൂക്ഷിച്ച ചെറു വിരലിലെ നഖവും.ആ നശിച്ച രാത്രിയിൽ തീവണ്ടി കയറി ചതഞ്ഞു പോയ എന്റെ വലതു കൈ.പേരറിയാത്ത,മരിച്ചു മണ്ണിലലിഞ്ഞവന്റെ കൈ എന്റെ കൈപ്പത്തിക്കു പകരം ചേർന്നിരിക്കുന്നു.വിരലുകൾ മടക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ ആരുടെയോ വിരലുകൾ അതിൽ കോർത്തിരിപ്പുണ്ടെന്നു വെറുതെ തോന്നി
മരുന്ന് തരാൻ ഒരു നേഴ്സ്, കണ്ണ് മാത്രം പുറത്തു കാട്ടി മുറിയിലേക്ക് കയറി വന്നു
“അനൂപ് ,നാളെ isolation ൽ നിന്ന് മാറ്റും.ഒരാഴ്ച ഒബ്സർവഷൻ പിന്നെ ഡിസ്ചാർജ് കേട്ടോ”
ഒട്ടൊരു അത്ഭുതതോടെ ഞാൻ തലയാട്ടി.എന്റെ കയ്യിൽ വേരു പിടിച്ച അപരന്റെ കൈ ഞാൻ നോക്കി കൊണ്ടിരുന്നു.ഭാഷ മറന്നു പോയ മനുഷ്യനെ പോലെ ഞാൻ വാക്കുകൾ തിരഞ്ഞു.
“സിസ്റ്റർ,ഈ കൈയുടെ ഉടമ ആരാണ്”ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.ഗുഹാമുഖത്തു നിന്നു പുറപ്പെടും പോലെ എന്റെ ശബ്‌ദം ചിന്നിപ്പോയി.
“ഡൊണറിന്റെ ഡീറ്റൈൽസ് ഡിസ്‌ക്ലോസ് ചെയ്യണ്ട എന്ന് സ്ട്രിക്റ് ഇൻസ്ട്രക്ഷൻ ഉണ്ട്”.ധൃതിയിൽ അവർ സ്ഥലം കാലിയാക്കി.മുൻപിൽ ടി.വിയിൽ ദൃശ്യങ്ങൾ മിന്നി മാറി.ഞാൻ വീണ്ടും ഒറ്റയ്ക്കായി.ഒറ്റക്കാകുമ്പോൾ സങ്കടങ്ങൾ ഘോഷയാത്രയായി വരും.ഒറ്റയ്ക്കാകുമ്പോൾ സ്വയം ഒന്നുമല്ലെന്ന് മനസിലാകും.കാലവും സമയവും നിലച്ചു പോയെന്നും ഞാൻ പുറകിൽ ഉപേക്ഷിക്കപ്പെട്ടവനാണെന്നും തോന്നും.
ഡിസ്ചാർജ് ആകുന്ന അന്ന് മുറിക്ക് വെളിയിൽ അപരിചിതരായ രണ്ടു പേർ രാവിലെ മുതൽ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.കണ്ണുകൾ പൊട്ടിയൊലിച്ചു നിൽക്കുന്ന രണ്ടു പെണ്ണുടലുകൾ.
ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്ന് അവരെ വിളിച്ചു.ആർത്തുപെയ്യുന്ന മഴ പോലെ അവർ നിന്ന് പെയ്തു.
എന്റെ കൈയിൽ മാത്രം നോക്കി വിരലുകളിൽ വിരൽ കോർക്കാൻ ആ അമ്മ ഒരു വിഫലശ്രമം നടത്തി.പ്രാണനാഥന്റെ വിരലുകളിൽ കൂടെ ഉണ്ടായിരുന്നവൾ വിരൽ നീട്ടി തൊട്ടു.കണ്ണ് നീര് കൊണ്ട് എന്റെ കൈകൾ കഴുകുന്ന അവരെ ഞാൻ സ്വാന്ത്വനിപ്പിക്കാനാകാതെ നിന്നു.തന്നെ തഴുകിയ,വാരിപുണർന്ന ,താൻ കൈ പിടിച്ച വിരലുകൾ നോക്കി നിൽക്കുന്ന പെൺകുട്ടിയും,താൻ ഓമനിച്ചു വളർത്തിയ,കൈ പിടിച്ചു നടത്തിയ ഓമന മകനെ എന്നിലൂടെ കാണാൻ ശ്രമിക്കുന്ന അമ്മയും.
മരണം വിളിച്ചു കൊണ്ട് പോകുമ്പോൾ പ്രിയപ്പെട്ടവരെ ഒന്ന് കൈ നീട്ടി തൊടാൻ വിരലുകൾ ഭൂമിയിൽ ശേഷിപ്പിച്ച സോദരാ ഞാൻ നിനക്ക് പകരം എന്ത് നൽകണം.
അപരന്റെ കൈ ഇനി എന്റെ കയ്യെങ്കിൽ അവന്റെ അമ്മ ഇനി എന്റെ അമ്മ,അവന്റെ പെണ്ണ് ഇനി എന്റെ പെങ്ങൾ… നിന്റെ ആത്മാവിന് എന്റെ അർച്ചന എന്റെ ഹൃദയത്തിൽ നിന്നും രണ്ടു തുള്ളിക്കണ്ണീർ