ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് കേന്ദ്രസർക്കാർ രാജ്യത്തുടനീളം നിരോധിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നൽകാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്.കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്‍റെ രേഖകള്‍ ഹാജരാക്കണം. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും നിരോധിച്ചിരിക്കുകയാണ്.
കാള, പശു, പോത്ത്, എരുമ,ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍ ഉണ്ട്. കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണപ്രവര്‍തത്തകരുടെ നേതൃത്വത്തില്‍ മാംസ വ്യാപാരികള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണവുമായി രംഗത്ത് വന്നിരിക്കുന്നത്.
കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും അകലത്തിലും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും. കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും.