Saturday, November 23, 2024
HomeLiteratureദര്‍പ്പണം. (കഥ)

ദര്‍പ്പണം. (കഥ)

ദര്‍പ്പണം. (കഥ)

സജേഷ് വാസുദേവൻ. (Street Light fb group)
“ഗീതേ.. മോളേ ഇതെന്തൊരു ഇരുപ്പാ കുട്ട്യേ..എണീറ്റേ.. നോക്കൂ ഉണ്ണിക്കുട്ടന്‍ ഇതുവരെ ഒന്നും കഴിച്ചിട്ടില്യാ… നീ വരാണ്ട് അവനൊന്നും വേണ്ടാത്രേ.. പോയവരു പോയില്യേ കുട്ട്യേ.. ജീവിച്ചിരിക്കണോരുടെ കാര്യം നോക്കിയല്ലെ പറ്റൂ…”
കളഭത്തിന്‍റെ മണം. അച്ഛന്‍പെങ്ങളാണ്.. ഒറ്റയും തെറ്റയുമായി ആള്‍ക്കാര്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. അകലെ തൊടിയില്‍ കുറച്ചു മുന്നെ ആകാശം മുട്ടെ ഉയര്‍ന്ന തീജ്വാലകള്‍ കെട്ടടങ്ങിയിരിക്കുന്നു. ചുറ്റും കെട്ടിയിരുന്ന പച്ചപ്പന്തലിനിപ്പോള്‍ കറുപ്പു കലര്‍ന്ന മഞ്ഞ നിറം.
അമ്മ…
തികട്ടി വന്ന തേങ്ങല്‍ കടിച്ചൊതുക്കി. സാരിത്തലപ്പില്‍ മുഖം തുടച്ചെഴുന്നേറ്റു. അടുക്കളയുടെ ഇരുളാര്‍ന്ന കോണില്‍ ഉണ്ണിക്കുട്ടനു ആഹാരം വാരിക്കൊടുത്തു നില്‍ക്കുമ്പോള്‍ അനുസരണയില്ലാത്ത കണ്ണുകള്‍ തുറന്നിട്ട ജനാല വഴി തൊടിയിലേക്ക് പോയി. അവിടിപ്പോള്‍ ചെറുതായി പുക ഉയരുന്നുണ്ട്.. എല്ലാ മനുഷ്യരുടേയും അവസാനം ഇതുതന്നെ.
ആഹാരം കഴിക്കുന്നതിനൊപ്പം മുഖത്തെക്കുറ്റു നോക്കി തന്‍റെ നെടുവീര്‍പ്പിനര്‍ത്ഥം തിരയുകയാണ് ഉണ്ണിക്കുട്ടന്‍റെ കുഞ്ഞിക്കണ്ണുകള്‍.. മറുപടി പറയാനില്ല.
പാത്രം കഴുകി വച്ച് വീണ്ടും തളത്തിലേക്ക് നടക്കുമ്പോള്‍ അറിയാതെ അമ്മയുടെ മുറിയിലേക്ക് നോക്കിപ്പോയി. കാലുകള്‍ അറിയാതെ അങ്ങോട്ടെത്തിച്ചു.
മുറിയിലാകെ അമ്മയുടെ മണം നിറഞ്ഞു നില്‍ക്കുന്നു. കുറേ നാളായി നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അമ്മ… ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തന്നോടിന്നു രാവിലെ സംസാരിച്ചത്. ചായ വേണമെന്നു പറഞ്ഞു. താന്‍ കൊടുത്ത ചായ കുടിച്ച് കിടന്നതാണ്. പിന്നെ എഴുന്നേറ്റില്ല. ആ കപ്പ് ഇപ്പോഴും മേശപ്പുറത്തിരുന്ന് തന്നെ പരിഹസിക്കുന്നു.
മുറിയുടെ കോണിലെ പീഠത്തില്‍ വീണയിരിക്കുന്നു. സംസാരിക്കാതായതിനു ശേഷം അതു മാത്രമായിരുന്നു അമ്മയുടെ ലോകം.
തോളില്‍ ഒരു കരസ്പര്‍ശം. തിരിഞ്ഞു നോക്കി. അച്ഛന്‍പെങ്ങള്‍ . ആ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നു.
കല്യാണം കഴിഞ്ഞു കയറിവന്ന നാള്‍ മുതല്‍ നാത്തൂന്‍ എന്നതിലുപരി അമ്മയുടെ സ്ഥാനത്തായിരുന്ന ആളാണ് അപ്പുറത്തെ തൊടിയില്‍ എരിഞ്ഞടങ്ങിയത്. സഹിക്കാനാകില്ല അച്ഛന്‍പെങ്ങള്‍ക്കും.
മരണവീടിന്‍റെ മൂകത പതിയെ പതിയെ വ്യാപിച്ചു തുടങ്ങി. വീടിന്‍റെ അകത്തളങ്ങളെ ഇരുള്‍ വിഴുങ്ങിത്തുടങ്ങിയപ്പോള്‍ ആരോ വിളക്കു തെളിയിക്കുന്നതറിഞ്ഞു.
ഒന്നിനും വയ്യ. ഒരു തരം മരവിപ്പ് കൈകാലുകളെ ബന്ധിപ്പിച്ചിരിക്കുന്നു. അമ്മയുടെ കട്ടിലില്‍ ചുമരില്‍ച്ചാരി ഇരുന്നു. മടിയില്‍ കിടക്കുന്ന ഉണ്ണിക്കുട്ടന്‍റെ തലയിലെ മുടിയിഴകളെ കൈകള്‍ തഴുകുന്നത് യാന്ത്രികമായിട്ടായിരുന്നു. മനസ്സ് പിടിവിട്ട ചിന്തകളിലായിരുന്നു.
കട്ടിലിന്‍റെ കാല്ക്കലുള്ള തടിയില്‍ മുഖമമര്‍ത്തി തേങ്ങലൊതുക്കാന്‍ പാടുപെടുന്നു അച്ഛന്‍പെങ്ങള്‍ .
അമ്മയ്ക്കെന്നും ഉല്‍ക്കണ്ഠയായിരുന്നു തന്‍റെ കാര്യത്തില്‍ .
ഉദരത്തില്‍ പേറുമ്പോള്‍ ആയുരാരോഗ്യത്തോടെ തനിക്ക് ജന്മം നല്‍കാനാകണേ എന്ന ആശങ്കയായിരുന്നുവത്രേ. അച്ഛന്‍പെങ്ങളില്‍ നിന്നും കേട്ടറിഞ്ഞ വിവരം. ജനിച്ചു കഴിഞ്ഞപ്പോള്‍ തനിക്കു വരുന്ന അസുഖങ്ങളെക്കുറിച്ചായി ഉല്‍ക്കണ്ഠ. അതും കേട്ടു കേള്‍വിയാണ്.
ഓര്‍മ്മ വച്ച നാള്‍ മുതല്‍ നിഴല്‍ പോലെ അമ്മ പിറകിലുണ്ടായിരുന്നു. പഠനത്തില്‍ , കളിയില്‍ , എന്തിന് താനുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങളിൽപ്പോലും അമ്മ ആകുലപ്പെട്ടിരുന്നു. സ്കൂളിൽപ്പോയാല്‍ അദ്ധ്യാപകര്‍ തല്ലിയോ കൂട്ടുകാര്‍ ഉപദ്രവിച്ചോ എന്നൊക്കെയുള്ള ചിന്തകള്‍ .. കളിസ്ഥലത്താണെങ്കില്‍ വീണോ, മുറിഞ്ഞോ എന്നൊക്കെയും. ഒരു പരിധി വരെ തനിക്കതൊരു ശല്യമായിത്തോന്നിയിരുന്നു.
വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരികെയെത്തുവോളം ആശങ്കയോടെയുള്ള കാത്തിരുപ്പ്. വരുമ്പോള്‍ പടിക്കല്‍ നിൽപ്പുണ്ടാകും. വൈകിയാല്‍ നൂറു ചോദ്യങ്ങളോടെയാകും എതിരേല്‍ക്കുക. വിശദീകരണങ്ങള്‍ പറഞ്ഞു മടുക്കുമ്പോള്‍ തനിക്ക് അരിശം കേറാറുണ്ട്. വസ്ത്രമൊന്നു ചുളിഞ്ഞാല്‍ , മുഖമൊന്നു വാടിയാല്‍ , പതിവിലും കുറച്ച് ആഹാരം കഴിച്ചാല്‍ ഒക്കെ ചോദ്യങ്ങളുണ്ടാകും. കുട്ടിക്കാലത്തിൽ നിന്നും കൌമാരത്തിലേക്കും ഈ അമിത ശ്രദ്ധയുടെ പിടി മുറുകിയപ്പോൾ മടുപ്പ് തോന്നിയിരുന്നു എപ്പോഴൊക്കെയൊ.
തന്‍റെ സ്വഭാവം മറ്റുള്ളവരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നു തോന്നുമ്പോള്‍ ആരെയോ ബോധിപ്പിക്കാനെന്നവണ്ണം സ്വയം പറയുന്നതു കേള്‍ക്കാറുണ്ട്, “ കാലം ശരിയല്ല.. കുട്ട്യോളെയൊക്കെ പറഞ്ഞു വിട്ട് എങ്ങന്യാ വീട്ടില്‍ മനസ്സമാധാനത്തോടെ ഇരിക്ക്യാ..?”
വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ കല്യാണം നടത്തുന്നതിന്‍റെ പിന്നാലെയായിരുന്നു. വരുന്ന ആലോചനകളൊക്കെ തിരിച്ചും മറിച്ചും അന്വേഷിക്കും. എന്‍റെ കുട്ടിയെ വേദനിപ്പിക്കുന്നൊരുത്തന്‍ ആകരുതല്ലോ എന്നു അച്ഛന്‍പെങ്ങളോട് പറയുന്നത് കേട്ടിരുന്നു. പയ്യനെ തൃപ്തി വന്നാല്‍ വീട്ടുകാരെക്കുറിച്ചായി ആലോചന. അവിടേയും താന്‍ കഷ്ടപ്പെടരുത് വേദനിക്കരുത് എന്നൊക്കെയുള്ള ചിന്തകളായിരുന്നു ആ മനസ്സ് മുഴുവന്‍ .
ഒടുവില്‍ അമ്മ ആഗ്രഹിച്ചതുപോലെ തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരാളെ ജീവിതപങ്കാളിയായിക്കിട്ടി. സ്വന്തം വീട്ടിലെ കുട്ടിയായി തന്നെ കാണുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വീട്ടുകാര്‍ കൂടി ആയപ്പോള്‍ അമ്മയുടെ ആവലാതി അടങ്ങുമെന്നാണ് കരുതിയത്.
പക്ഷേ, ആ മനസ്സപ്പോഴും ശാന്തമായിരുന്നില്ല. തനിക്കൊരു കുഞ്ഞിക്കാല്‍ കാണാത്തതിനെച്ചൊല്ലി ആശങ്കപ്പെട്ടു. കുറച്ചു നാളത്തെ കാത്തിരുപ്പിനു ശേഷം ആ സൌഭാഗ്യം തന്നെത്തേടിയെത്തിയെന്നറിയിച്ചതു മുതല്‍ പിന്നെ കുഞ്ഞിനെക്കുറിച്ചായിരുന്നു അമ്മയുടെ ഉല്‍ക്കണ്ഠ. ഒടുവില്‍ ഉണ്ണിക്കുട്ടനു ജന്മം നല്‍കുമ്പോഴേക്കും അമ്മ ആശങ്കകളൊഴിഞ്ഞ് സ്വസ്ഥയാകുമെന്നു ആശിച്ചു.
സംഭവിച്ചത് വേറൊന്നായിരുന്നു. വിധിയുടെ പകിടകളിയില്‍ കുരുക്കള്‍ മറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. അന്നുവരെ ആശങ്കകളുടെ പിടിയിലായിരുന്ന അമ്മ പെട്ടെന്ന് ശാന്തയായി. ആ ശാന്തതയ്ക്ക് പക്ഷേ അസാധരണത്വം തോന്നിച്ചു. തനിക്കിനി നിരീക്ഷണങ്ങളുടെ ആവശ്യമില്ലെന്നു തോന്നിയിട്ടോ ഉല്‍ക്കണ്ഠകള്‍ക്കവസാനം ആ മനസ്സ് മടുത്തു തളര്‍ന്നുപോയിട്ടോ അമ്മ നിശ്ശബ്ദതയുടെ ലോകത്തേക്ക് മടങ്ങി. ഒരു തരം നിര്‍വ്വികാരതയുടെ മുഖമായി പിന്നെ അമ്മയ്ക്ക്.
മുറിയിലെ വീണയില്‍ ശ്രുതിയിടുമ്പോള്‍ മാത്രമാണു ആ ആത്മാവിപ്പോഴും ഉണര്‍ന്നിരിക്കുന്നുവെന്ന തോന്നല്‍ ഉളവായത്.
നിശ്ശബ്ദതയുടെ ലോകത്തായിരുന്നെങ്കിലും അമ്മയുടെ സാന്നിദ്ധ്യം തനിക്കൊരു ശക്തിയായിരുന്നു. അമ്മ പോയപ്പോള്‍ പെട്ടെന്ന് താന്‍ തളര്‍ന്നു. ആശ്രയമില്ലാത്ത കൊച്ചുകുഞ്ഞിനെപ്പോലെ സ്വയം തോന്നിച്ചു.
“അമ്മ എനിക്കു പിന്നില്‍ പടര്‍ന്നു പന്തലിച്ചൊരു തണല്‍മരമായിരുന്നു എന്നും. ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനനുവദിക്കാതെ എന്നെ ചേര്‍ത്തു പിടിച്ചിരുന്നു .” തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ ചിതറിത്തെറിച്ചു.
“അരുത് കുട്ട്യേ…ഒക്കേം സഹിച്ചേ തീരൂ.. അമ്മയുടെ ആത്മാവിനു ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക്.. നീ കരഞ്ഞാല്‍ ഉണ്ണിക്കുട്ടനും സങ്കടാവും.. സമാധാനിക്കു കുട്ട്യേ..” സ്വയം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ ആശ്വസിപ്പിക്കാന്‍ അച്ഛന്‍പെങ്ങള്‍ നടത്തിയ വിഫലശ്രമം.
കരഞ്ഞുകലങ്ങിയ കണ്ണുകളും കൈവിട്ട ചിന്തകളുമായി അങ്ങനെയെത്ര നേരം ഇരുന്നുവെന്നറിയില്ല. അകത്തെന്തോ നിലത്തുവീഴുന്ന ശബ്ദം.
“ഉണ്ണിക്കുട്ടാ………” ചാടിയെഴുന്നേറ്റു.
“ഉണ്ണിക്കുട്ടാ… എവിടാ.. നീയെവിടാ.. എന്താ അവിടെ ശബ്ദം.. നീ വീണോ മോനേ..” അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി ഓടുകയായിരുന്നു. തനിക്ക് പിന്നാലെയെത്താന്‍ വാര്‍ദ്ധക്യം അച്ഛന്‍പെങ്ങളെയനുവദിച്ചില്ല.
“ഈ അമ്മയ്ക്കെന്താ …ഞാനിവിടെയിരിക്ക്യല്യേ.. അടുക്കളയിലാ ശബ്ദം കേട്ടെ. ഈ അമ്മേടെ കാര്യം …ഞാനെന്താ കുഞ്ഞാവയാ…?” ഉണ്ണിക്കുട്ടന്‍റെ സ്വരം.
കാലുകള്‍ പിടിച്ചു കെട്ടീതുപോലെ നിന്നു.
“കാലം ശരിയല്ല”, തിരികെ നടക്കുമ്പോൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
✍കാമുകൻ
RELATED ARTICLES

Most Popular

Recent Comments