ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: മഞ്ജു വാര്യരുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ സ്ത്രീകൾക്ക് പുതിയ സംഘടന. മലയാള ചലച്ചിത്ര ലോകത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി പുതിയ സംഘടന രൂപംകൊള്ളുന്നു. വുമണ്‍ കളക്ടീവ് ഇൻ സിനിമ എന്നാണ് പുതിയ സംഘടനയുടെ പേര്. ചലച്ചിത്ര അക്കാഡമി ഡയറക്ടറായിരുന്ന ബീന പോളും നടിമാരായ മഞ്ജു വാര്യരും റിമ കല്ലിങ്കലുമാണ് സംഘടനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിധു വിൻസന്‍റ് ഉൾപ്പടെയുള്ള പ്രമുഖർ പുതിയ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കും.
പുതിയ സംഘടന നിലവിലെ മലയാള ചലച്ചിത്ര സംഘടനകൾക്ക് ബദലല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും പുതിയ സംഘടനയുമായി സഹകരിക്കുമെന്നും നേതൃത്വം അറിയിച്ചു. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന് മുൻപ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ടാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയെ തങ്ങളുടെ പ്രശ്നങ്ങൾ അറിയിച്ച ശേഷം സർക്കാർ സഹായം തേടാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ആദ്യമായാണ് വനിതകൾക്ക് വേണ്ടി ഒരു സംഘടന രൂപം കൊള്ളുന്നത്.