ജോണ്‍സണ്‍ ചെറിയാന്‍.
ബാഹുബലിയുടെ വേഷത്തില്‍ ഹൃതിക് റോഷനെയും ഭല്ലാലദേവയായി ജോണ്‍ എബ്രഹാമിനെയുമാണ് രാജമൗലി ആദ്യം മനസ്സില്‍ കണ്ടിരുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ തിരക്ക് മൂലം വേഷം വേണ്ടെന്നുവച്ചെന്നും അതിന് ശേഷമാണ് പ്രഭാസിലേയ്ക്കും റാണയിലേയ്ക്കും രാജമൗലി എത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇതെല്ലാം വാസ്തവവിരുദ്ധവും മാധ്യമങ്ങളുടെ ഭാവന മാത്രമാണെന്നും ചൂണ്ടിക്കാണിച്ച് സാക്ഷാല്‍ റാണ ദഗുപതി തന്നെ രംഗത്തെത്തി. കേള്‍ക്കുന്നതൊന്നും സത്യമല്ലെന്നും ബാഹുബലിയുടെ തിരക്കഥ ആരംഭിക്കുന്നതിന് മുമ്പേ ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ട താരമാണ് പ്രഭാസ് എന്നും റാണ വ്യക്തമാക്കി. പ്രഭാസ് കരാര്‍ ഒപ്പിട്ടതിന് ശേഷം ഈ പ്രോജക്ടിലേക്ക് വരുന്ന അടുത്ത താരം താനായിരുന്നെന്നും റാണ പറഞ്ഞു.
സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വാസ്തവിരുദ്ധമാണ്. ബാഹുബലി സിനിമയില്‍ ശിവകാമിയുടെ വേഷം ഒഴിച്ച് ബാക്കി എല്ലാ താരങ്ങളും രാജമൗലി മനസ്സില്‍ കണ്ട താരങ്ങള്‍ തന്നെയാണ്. ഇതില്‍ ശിവകാമിയായി അണിയറപ്രവര്‍ത്തകര്‍ ശ്രീദേവിയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ശ്രീദേവിയ്ക്കു അവസരം നഷ്ടപ്പെട്ടു.