പി. പി. ചെറിയാന്‍.
ഡാലസ് : കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഡാലസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം മേയ് 7 (ഞായറാഴ്ച) ന് നടന്നു. നോര്‍ത്ത് സ്റ്റെമ്മന്‍സ് ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടനസമ്മേളനം.
പാസ്റ്റര്‍ കെ. വി. തോമസിന്റെ പ്രാരംഭ പ്രാര്‍ഥനയ്ക്കുശേഷം ജോര്‍ജ് ടി. മാത്യുവിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. റൈറ്റേഴ്‌സ് ഫോറം െചയര്‍മാന്‍ തോമസ് മുല്ലയ്ക്കല്‍ ആമുഖപ്രസംഗവും സെക്രട്ടറി രാജു തരകന്‍ (എക്‌സ്പ്രസ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍) സ്വാഗതവും മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.
ഡാലസിലെ അനുഗ്രഹീത ഗായിക സ്വപ്ന തരകന്റെ ശ്രുതിമധുരഗാനത്തിനുശേഷം സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് തോമസ് മുല്ലയ്ക്കല്‍ വിശദീകരിച്ചു.
ഡാലസിലെ പുതിയ എഴുത്തുകാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും രചനകള്‍ സംഘടനയുടെ മുഖപത്രമായ റൈറ്റേഴ്‌സ് കോര്‍ണറില്‍ പ്രസിദ്ധീകരിയ്ക്കുന്നതിനും എഴുത്തുകാര്‍ക്കുള്ള പഠനശിബിരങ്ങള്‍ സംഘടിപ്പിയ്ക്കുന്നതിനും മുന്‍ഗണന നല്കുമെന്ന് തോമസ് മുല്ലയ്ക്കന്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
സംഘടനയുടെ പ്രഥമ സംരംഭമായ റൈറ്റേഴ്‌സ് കോര്‍ണര്‍ മാസികയുടെ ആദ്യ പ്രതി ഡാലസിലെ പ്രമുഖ വചനപണ്ഡിതനും കണ്‍വന്‍ഷന്‍ പ്രസംഗകനും നിരവധി ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവുമായ വിയ്യപുരം ജോര്‍ജ്ജുകുട്ടി മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ സെക്രട്ടറിയുമായ പി. പി. ചെറിയാന് നല്‍കി പ്രസിദ്ധീകരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രജി എന്‍. ഏബ്രഹാം, യോഹന്നാന്‍കുട്ടി ദാനിയേല്‍, സി. പി. മോനായി, എസ് പി. ജെയിംസ് (മുന്‍ പ്രസിഡന്റ്) സാം മാത്യു(പബ്ലിക് റിലേഷന്‍സ്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ജെയ്‌സണ്‍ മാത്യുവിന്റെ ഗാനത്തിനുശേഷം മുഖ്യാതിഥിയായി പങ്കെടുത്ത പാസ്റ്റര്‍ തോമസ് മാമ്മന്‍ തിരുവചനാടിസ്ഥാനത്തില്‍ എഴുത്തുകാരുടെ പരമപ്രധാന ലക്ഷ്യങ്ങള്‍ എന്തായിരിക്കണമെന്നും സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി.
സംഘടനാ ട്രഷറര്‍ വെസ് ലി മാത്യു നന്ദി പറഞ്ഞു. ഡാലസിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും സഭാ ശുശ്രൂഷകരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.