ലാസവേഴ്സ്: വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടതായി ലാസ്വേഴ്സ് ക്ലാര്‍ക്ക് കൗണ്ടി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.മെയ് 8 തിങ്കളാഴ്ച ഉച്ചക്ക് 1.15 നാണ് വെസ്റ്റ് ബ്രിലൈന്റ് പ്രെയ്റി കോര്‍ട്ടിലെ 9100 ബ്ലോക്കില്‍ തലക്ക് ഗുരിതരമായി പരിക്കേറ്റ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു.
സങ്കര വര്‍ഗ്ഗത്തില്‍ പെട്ട ഒമ്പത് വയസ്സ് പ്രായമുള്ള പിറ്റ്ബുളാണ് കുട്ടിയെ അക്രമിച്ചതെന്ന് കൗണ്ടി സ്പോക്ക്മാന്‍ സാന്‍ കുലിന്‍ പറഞ്ഞു.പിറ്റ്ബുളുമായി കുളിച്ചു കൊണ്ടിരുന്ന കുട്ടിയെ തനിച്ചാക്കി മാതാവ് റസ്റ്റ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതിനിടയിലാണ് സംഭവം നടന്നത്. അക്രമാസക്തമായ പിറ്റ്ബുളിനെ മാതാവ് നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതിനിടെ കുട്ടി മാരകമായി മുറിവേറ്റിരുന്നു.
ഇതൊരു യാഥര്‍ശ്ചിക സംഭവമാണെന്നും മാതാപിതാക്കളുടെ പേരില്‍ കേസ്സെടുക്കാന്‍ സാധ്യതയില്ലെന്നും ലാസ്വേഴ്സ് പോലീസ് അറിയിച്ചു.ഒമ്പത് വര്‍ഷമായി വീട്ടില്‍ കഴിയുന്ന പിറ്റ്ബുള്‍ ഇതിന് മുമ്പ് ഒരിക്കലും ആക്രമണ വാസന പ്രകടിപ്പിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങളുടെ സമീപം കുട്ടികളെ തനിച്ചാക്കുന്നത് അത്രയും സുരക്ഷിതമല്ല എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു സംഭവമാണിത്.