ജീവിക്കാന്‍ മറന്നു പോയവള്‍
——————————
സമീപ പ്രദേശത്ത് എവിടെയോ സര്‍ക്കസ്സ് വരാന്‍ പോകുന്നതിന്‍റെ അനൗണ്‍സ്മെന്‍റ് അഗതി മന്ദിരത്തിലിരുന്ന് കേട്ടപ്പോള്‍ ശാരദാമ്മയുടെ മനസ്സ് ഓര്‍മ്മകളിലൂടെ ഊളിയിട്ടു..
‘തന്‍റെ ജീവിതത്തിന്‍റെ നല്ല പങ്കും കഴിച്ച് കൂട്ടിയത് സര്‍ക്കസ് കൂടാരത്തിലായിരുന്നു.. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു സര്‍ക്കസിന്‍റെ നെടും തൂണായിരുന്ന കലാകാരി..
പത്താം വയസ്സില്‍ വീട്ടിലെ പട്ടിണി മാറ്റാനായി നാട്ടിലെ മറ്റു പല കുട്ടികളെയും പോലെ താനും സര്‍ക്കസ് തമ്പിലേക്ക് പറഞ്ഞയക്കപ്പെട്ടു..
എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ കഠിനമായ പരിശീലനങ്ങള്‍ക്ക് വിധേയയായി..
പരിശീലനങ്ങള്‍ക്കിടയില്‍ കിട്ടുന്ന ശിക്ഷകള്‍ പലപ്പോഴും ഒരുപാട് നൊമ്പരപ്പെടുത്തിയിരുന്നു..
കിനിഞ്ഞിറങ്ങുന്ന കണ്ണുനീര്‍ത്തുള്ളികള്‍ പുറം കെെ കൊണ്ട് തുടയ്ക്കുവാനേ അപ്പോള്‍ ആകുമായിരുന്നുള്ളു.. കാരണം തന്നെ ആശ്വസിപ്പിക്കാന്‍ സ്വന്തക്കാരൊന്നും അടുത്തില്ലല്ലോ.. അമ്മയും കൂടപ്പിറപ്പുകളുമൊക്കെ അകലെയാണല്ലോ.. അവരുടെ അടുത്തേക്ക് പോകാന്‍ മനസ്സു വല്ലാതെ കൊതിക്കും.. പക്ഷേ അറിയാത്ത ഏതോ നാട്ടില്‍ നിന്ന് പത്തു വയസ്സുകാരി എങ്ങനെ സ്വന്തം നാട്ടിലെത്തും.. അതറിയാവുന്നതു കൊണ്ട് അങ്ങനെയൊരു ശ്രമം നടത്തിയതേയില്ല…’
‘കുറച്ച് നാളത്തെ പരിശീലനം കൊണ്ടു തന്നെ നല്ലൊരു കലാകാരിയായി താന്‍ മാറി.. കാണികളുടെ കെെയ്യടികള്‍ നേടുന്നതിനൊടൊപ്പം വീട്ടിലെ പട്ടിണി മാറ്റാനും തനിക്ക് കഴിഞ്ഞു..’
‘എല്ലാ മാസവും മുടങ്ങാതെയെത്തുന്ന മണിയോര്‍ഡര്‍ വീട്ടിലെ സ്ഥിതികള്‍ മെച്ചപ്പെടുത്തി..
വര്‍ഷത്തിലൊരിക്കല്‍ വലിയ പെട്ടിയുമായി നാട്ടിലെത്തുന്ന തന്നെ അമ്മയും കൂടപ്പിറപ്പുകളും ഒരു രാജകുമാരിയെപ്പോലെ വരവേറ്റു..’
‘വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേച്ചിമാര്‍ക്കൊക്കെ നല്ല കുടുംബ ജീവിതം ഉണ്ടായി..
അനിയത്തിയുടെ ഊഴം എത്തിയപ്പോഴും ആരും തന്‍റെ കാര്യം ചോദിച്ചില്ല..
താനും ആഗ്രഹിച്ചിരുന്നു ഒരു കുടുംബ ജീവിതം..’
‘പക്ഷേ വേണ്ടപ്പെട്ടവരൊന്നും അതിനെ പറ്റി ചിന്തിച്ചതേയില്ല.. പെറ്റമ്മ പോലും..
ഒത്തിരി പേര്‍ ഇഷ്ടം പറഞ്ഞു വന്നുവെങ്കിലും ആരേയും സ്വീകരിക്കാന്‍ മനസ്സനുവദിച്ചില്ല..
വീട്ടുകാര്‍ക്കു വേണ്ടി ഇനിയുള്ള ജീവിതവും ഉഴിഞ്ഞു വെക്കാമെന്നു തീരുമാനിച്ചു..’
‘ചേച്ചിമാരുടെയും അനിയത്തിയുടെയും മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു..
അവര്‍ ആഗ്രഹിച്ചതൊക്കെ വാങ്ങി നല്‍കി..
പറയുന്നതൊക്കെ വാങ്ങി കൊടുക്കുന്ന തന്നെ അവരും സ്നേഹം കൊണ്ട് മൂടി..’
‘അഭ്യാസങ്ങള്‍ക്ക് വഴങ്ങാന്‍ മെയ്യ് മടിച്ചു നിന്നപ്പോള്‍ ഒരു തിരിച്ചു പോക്കിനു സമയമായി എന്നു താന്‍ മനസ്സിലാക്കി..അപ്പോഴേക്കും തന്‍റെ കുടുംബം നല്ല നിലയിലായിക്കഴിഞ്ഞിരുന്നു..’
‘അമ്മയുടെ മരണമറിഞ്ഞു താന്‍ നാട്ടിലേക്ക് പുറപ്പെട്ടത് സര്‍ക്കസ് തമ്പിനോട് എന്നെന്നേക്കുമായി വിട പറഞ്ഞു കൊണ്ടാണ്..
സ്വന്തം മക്കളില്ലെങ്കിലും ചേച്ചിമാരുടെയും അനിയത്തിയുടെയും മക്കള്‍ തന്നെ നോക്കിക്കൊള്ളും എന്ന ഉറപ്പുണ്ടായിരുന്നു..’
‘മൂത്ത ചേച്ചിയുടെയും മക്കളുടെയും കൂടെ തറവാട്ടില്‍ താമസിച്ചു..
തറവാട് ചേച്ചിയുടെ പേരിലാണെന്ന് താനറിഞ്ഞത് ഏറെ വെെകിയാണ്..
സ്വന്തമായി തനിക്ക് ഒന്നുമില്ല എന്ന തിരിച്ചറിവ് ഉണ്ടായത് കൂടപ്പിറപ്പുകളുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം കണ്ടപ്പോഴാണ്..’
‘സ്ഥിര വരുമാനമില്ലാത്ത തന്നെ ആര്‍ക്കും വേണ്ടായിരുന്നു..
തന്‍റെ ചോരയും വിയര്‍പ്പും ഊറ്റിയെടുത്തു വളര്‍ന്നവര്‍ നിഷ്കരുണം കെെവിട്ടു..
വല്ലപ്പോഴും കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ കൊണ്ട് എന്താകാന്‍…
അസുഖം വന്നാല്‍ മരുന്നു വാങ്ങിത്തരാന്‍ പോലും ആരുമുണ്ടായില്ല .’.
‘ഇനിയും ആരുടെയും കറുത്ത മുഖങ്ങള്‍ കാണേണ്ട എന്നു തോന്നിയിട്ടാണ് പുഴയിലേക്ക് ഇറങ്ങിയത്…
പക്ഷേ മരണത്തിനും തന്നെ വേണ്ടായിരുന്നു.. ആരൊക്കെയോ ചേര്‍ന്ന് രക്ഷിച്ച് ഇവിടെ കൊണ്ടാക്കുകയായിരുന്നു.. ഈ അഗതി മന്ദിരത്തില്‍.. ഇവിടെയെത്തിയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.. ഇന്നു വരെ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയിട്ടില്ല..’
‘ഇവിടെ വന്നപ്പോള്‍ തന്‍റെ സങ്കടമൊക്കെ മാറി.. നൊന്തു പെറ്റ മക്കള്‍ ഉപേക്ഷിച്ച ഒരുപാട് അമ്മമാര്‍ ഇവിടെയുണ്ട്.. അവരെ വെച്ചു നോക്കുമ്പോള്‍ താനാണ് ഭാഗ്യം ചെയ്തത്.. മക്കളില്ലല്ലോ ..’
നിറഞ്ഞ കണ്ണുകള്‍ തുളുമ്പാതിരിക്കാന്‍ ശാരദാമ്മ സാരിത്തലപ്പു കൊണ്ട് അമര്‍ത്തി തുടച്ചു..