ജോണ്‍സണ്‍ ചെറിയാന്‍.
ബാഹുബലി രണ്ടാം ഭാഗത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണൂരിലെ കണ്ണവം വനമേഖലയിലായിരുന്നു. ഇതോടെ കണ്ണവം കാടുകള്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ബാഹുബലി നായികയായ അനുഷ്‌കയെ കണ്ടു മുട്ടുന്ന രംഗവും തുടര്‍ന്നുണ്ടാകുന്ന സംഘട്ടനരംഗങ്ങളും കണ്ണവം വനത്തിലാണ് ചിത്രീകരിച്ചത്. എന്നാല്‍ ചിത്രീകരണത്തിനിടെ കാടിനെ നശിപ്പിച്ചെന്നും അടിക്കാടുകള്‍ വെട്ടിമാറ്റപ്പെട്ടെന്നും പരാതി ഉയര്‍ന്നിരുന്നു. പഴയ നിലയില്‍ കാട് വളരാന്‍ 70 വര്‍ഷങ്ങളെങ്കിലും എടുക്കുമെന്നും ചിലര്‍ പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമെന്നു കണ്ണവം വനമേഖലയുടെ ചുമതലയുണ്ടായിരുന്ന റേഞ്ച് ഓഫിസര്‍ ജോഷില്‍ മാളിയേക്കല്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
കഴിഞ്ഞ വര്‍ഷാരംഭത്തിലാണ് അര്‍ക്ക മീഡിയ വര്‍ക്‌സ് എന്ന ഒരു കമ്പനി കണ്ണൂര്‍ ഡി എഫ് ഓയെ സമീപിച്ച് ബാഹുബലി 2 എന്ന സിനിമ കാട്ടില്‍ ചിത്രീകരിക്കാനുള്ള അനുമതി വാങ്ങുന്നത്. ഒന്നാം ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വലിയ വാര്‍ത്തയായിരുന്നു. 24 ദിവസത്തെ ഷൂട്ടിങ്ങിനായി 3.60 ലക്ഷം രൂപ ഫീസായും 15000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും അടച്ചാണ് അനുമതി വാങ്ങിയത്.
തലശ്ശേരി മാനന്തവാടി റോഡില്‍ ചങ്ങല ഗെയ്റ്റ് എന്ന സ്ഥലത്ത് നിന്നും കാടിനകത്തുള്ള പെരുവ ചെമ്പുക്കാവ് തുടങ്ങിയ ഗ്രാമങ്ങളിലേക്ക് പോകുന്ന ടാര്‍ റോഡില്‍ രണ്ട് കിലോമീറ്റര്‍ അകത്തായി ടാര്‍ റോഡിന്റെ അരികിലെ താത്കാലിക ഡിപ്പോയിലും റോഡില്‍ നിന്നും കേവലം നൂറ് മീറ്റര്‍ അകത്ത് മാത്രമായി സ്ഥിതി ചെയ്യുന്ന പുഴക്കരയിലുമാണ് ഷൂട്ടിങ്ങിനായി അനുമതി നല്‍കിയത്. ജനുവരി ആദ്യത്തോടെ പുറത്ത് നിന്നും നിര്‍മ്മിച്ച് കൊണ്ടുവന്ന ചില വസ്തുക്കള്‍ കൂട്ടിയോജിപ്പിച്ച് പുഴക്കരയില്‍ മൂന്ന് നാല് ചെറിയ കല്‍മണ്ഡപങ്ങള്‍ ചേര്‍ന്ന ഒരു സെറ്റ് ഷൂട്ടിങ്ങിനായി തയ്യാറാക്കിയായിരുന്നു ഷൂട്ടിങ്ങ്.
കഴിഞ്ഞ ഒന്നര ദശകമായി സംസ്ഥാന പോലീസ് വകുപ്പ് സിവില്‍ പോലീസ് ഓഫീസര്‍മാരുടെ ട്രെയ്‌നിങ്ങിന്റെ ഭാഗമായുള്ള ജങ്കിള്‍ ക്യാമ്പ് നടത്തുന്ന ഭാഗമാണ് ഷൂട്ടിങ്ങിനായി അനുവദിച്ചത്. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇത്തരം ക്യാമ്പുകള്‍ക്കായി പൂര്‍ണ്ണമായും തൂത്ത് വൃത്തിയാക്കി ടെന്റുകളും മറ്റുമൊക്കെ കെട്ടുന്ന സ്ഥലമായത് കൊണ്ട് തന്നെ ഇവിടെ അടിക്കാടുകളൊന്നും തന്നെയില്ലായിരുന്നു. രാത്രി കാലത്ത് ഷൂട്ടിങ്ങ് പറ്റില്ല, സ്‌ഫോടക വസ്തുക്കളോ തീയോ ഉപയോഗിക്കരുത്, ആവസ വ്യവസ്ഥ മാറ്റരുത്, മരങ്ങള്‍ക്കോ മറ്റോ കേടുപാടുകള്‍ വരുത്തരുത്, ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ലിസ്റ്റ് മുന്‍കൂട്ടി നല്‍കണം തുടങ്ങി നിരവധി ഉപാദികളോടെയാണ് ഏകദേശം ഒരേക്കറില്‍ താഴെമാത്രമുള്ള സ്ഥലത്ത് ഷൂട്ടിങ്ങിനായി അനുമതി കൊടുത്തത്. വ്യവസ്ഥകളൊക്കെ പാലിക്കുന്നതില്‍ ഞങ്ങള്‍ നല്ല ജാഗ്രത പുലര്‍ത്തുകയും ചെയ്തതാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ഷൂട്ടിങ്ങ് തീരാറായപ്പോഴേക്കും ചില പ്രാദേശിക പ്രശ്‌നങ്ങള്‍ തലപൊക്കി. ഷൂട്ടിങ്ങ് കാണാനായി ചെന്ന ചില പ്രാദേശിക ആദിവാസിസമുദായ സംഘടനാ ഭാരവാഹികള്‍ ലൊക്കേഷന്റെ ചിത്രമെടുത്തതുമൊക്കെ ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും കയ്യാങ്കളികളും, ഷൂട്ടിങ്ങ് തടസപ്പെടുത്താതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന വിലപേശലുമൊക്കെയുണ്ടായി.
സിനിമയുമായി ബന്ധപ്പെട്ടവര്‍ പക്ഷെ ഇത്തരക്കാര്‍ക്ക് ഒരു പൈസപോലും കൊടുക്കാന്‍ തയ്യാറായില്ല. ഇതിനിടെ സിനിമക്ക് അനുമതി നല്‍കിയ പോലെ തങ്ങളുടെ ആവശ്യങ്ങളും വനം വകുപ്പ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ സമരം ആരംഭിച്ചു. സിനിമക്കായി അനുമതി നല്‍കിയതിനെതിരെ അല്ലായിരുന്നു സമരം, പകരം സിനിമക്ക് അനുമതി നല്‍കാമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങളും അനുവദിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സമരം. തങ്ങളുടെ പ്രദേശത്ത് വലിയ ഒരു ചിത്രം ഷൂട്ട് ചെയ്യുന്നതില്‍ അവരില്‍ ഭൂരിഭാഗമാളുകളും സന്തോഷിച്ചിരുന്നതായി തോന്നി..
കണ്ണവത്ത് ഞാന്‍ ചാര്‍ജെടുത്തിട്ട് ആറ് മാസമായിട്ടേയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ മറ്റ് പല ഭാഗങ്ങളിലും വനാവകാശ നിയമപ്രകാരം (ആദിവാസികള്‍ക്കും പരമ്പരാഗതമായി വനത്തില്‍ താമസിക്കുന്നവര്‍ക്കും വനത്തിലുള്ള അവകാശങ്ങളെ കുറിച്ചുള്ള നിയമം) വനത്തിനകത്ത് പല തരത്തിലുള്ള വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങളും ഉണ്ട്, എന്നാല്‍ ഇവിടെ പല അനുമതികളും വാക്കാല്‍ മാത്രമായിരുന്നു. രേഖാമൂലം തന്നെ നല്‍കാവുന്ന അനുമതികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖാമൂലം തന്നെ നല്‍കണമെന്നും നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്താകമാനം ഒരേ മാനദണ്ഡമുണ്ടാകണമെന്നും ഞാന്‍ റിപ്പോര്‍ട്ട് ചെതിരുന്നു.
കാടിനകത്ത് കൂടി നിരുപാദികം പല ദിക്കിലേക്ക് റോഡുകള്‍ വേണമെന്ന ആവശ്യക്കാര്‍ കൂടി ആദിവാസി സമരത്തിന് പിന്നില്‍ നിന്ന് പിന്തുണ നല്‍കിയതോടെ സമരം കൊഴുത്തു. സമരത്തിനവസാനം ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് മേലുദ്ദ്യോഗസ്ഥര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. പകല്‍ മുഴുവന്‍ വകുപ്പിനെയും റെയ്ഞ്ചറേയും ചീത്തവിളിച്ച സമരക്കാരുടെ പന്തലില്‍ രാത്രി ഞാന്‍ തനിച്ച് ചെന്നിരുന്നു. സമരം ചെയ്യുന്ന ആവശ്യങ്ങളില്‍ എന്റെ പരിമിതികള്‍ അവരോട് വിശദീകരിച്ചപ്പോള്‍, എന്റെ നിലപാടുകള്‍ അവരോട് പറഞ്ഞപ്പോള്‍ വളരെ നല്ല പ്രതികരണമാണെനിക്ക് കിട്ടിയത്.
ഇപ്പോല്‍ വരുന്ന വാര്‍ത്തകളുടെ സാരം ഇവയാണ്
1. ബാഹുബലി ഷൂട്ട് ചെയ്തതുമൂലം നശിച്ചുപോയ കണ്ണവം കാട്ടിലെ അടിക്കാടുകള്‍ പൂര്‍വ്വസ്ഥിതിയിലാകാന്‍ 70 വര്‍ഷമെടുക്കും
സ്ഥിരമായി പോലീസ് ട്രൈനിങ്ങിന്റെ ഭാഗമായുള്ള ജങ്കിള്‍ ട്രൈനിങ്ങ് നടക്കുന്ന സ്ഥലമായത് കൊണ്ട് ഇവിടെ അടിക്കാടുകളില്ല, പോലീസ് ക്യാമ്പെന്നാണ് പ്രാദേശികമായി ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. തൊട്ട് മുന്‍പ് നടന്ന ട്രൈനിങ്ങില്‍ പങ്കെടുത്തവര്‍ മരങ്ങളില്‍ ഒരാള്‍ ഉയരത്തില്‍ കുമ്മായവും ചായവും ചേര്‍ത്ത് അടിച്ചത്, അതിന് ശേഷം മഴപെയ്യാത്തതിനാല്‍ ഇപ്പോഴും മാഞ്ഞ് പോയിട്ടില്ല.
ആകെ ഒരേക്കറില്‍ താഴെ സ്ഥലം മാത്രമെ ഷൂട്ടിങ്ങിനായി ഉപയോഗിച്ചിട്ടുള്ളൂ, ഷൂട്ടിങ്ങിനായി കാട് വെട്ടുകയോ മരം മുറിക്കുകയോ തീയിടുകയോ ചെയ്തിട്ടില്ല. സിനിമയില്‍ ഒരുമരം മറിച്ചിടുന്നതോ മറ്റോ ഉണ്ടത്രെ, അത് സിനിമാക്കാര്‍ തന്നെ കൊണ്ടുവന്ന തെര്‍മോക്കോളില്‍ നിര്‍മ്മിച്ച മരമാണ്. ഇവിടെ മാത്രമായി ചൂടുകാറ്റൊന്നും ഇല്ല എല്ലായിടത്തുമുള്ളതുപോലുള്ള ചൂട് ഇവിടെയും ഉണ്ട് (കുറച്ച് കുറവാണുതാനും). സ്ഥിരമായി ട്രൈനിങ്ങ് ക്യാമ്പ് നടക്കുന്നതിനാല്‍ തന്നെ ഇവിടെ അടിക്കാടില്ല (കേവലം ഒരേക്കറില്‍ താഴെ മാത്രമാണിത്), ഇവിടെ മരത്തൈകള്‍ വെച്ച് പിടിപ്പിക്കാന്‍ പറ്റാഞ്ഞിട്ടല്ല പക്ഷെ ഇവിടെ പോലീസിന് ട്രൈനിങ്ങ് നല്‍കുന്നത് അവരെ നമ്മളുടെ കാടുകള്‍ കൂടെ സംരക്ഷിക്കുന്നതിന് സജ്ജരാക്കുന്നതിനാണ്.
2. ഈ വനഭാഗം വന്യജീവികളുടെ പ്രധാന ആവാസ വ്യവസ്ഥയായിരുന്നു, ഷൂട്ടിങ്ങ് കാരണം ഇവിടെ നിന്ന് പോയ വന്യജീവികള്‍ തിരികെ വരാന്‍ വര്‍ഷങ്ങളെടുക്കും
കണ്ണവം വന്യജീവികളുടെ സാനിധ്യം കുറഞ്ഞ പ്രദേശമാണ്, കാടിനകത്ത് ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നതിനാലും മറ്റ് പലകാരണങ്ങളാലും ഇവിടെ വന്യജീവി സമ്പത്ത് കുറവാണ്. ഷൂട്ടിങ്ങ് നടന്നത് ടാര്‍ റോഡില്‍ നിന്നും കേവലം നൂറ് മീറ്റര്‍ മാത്രം അകത്തായാണ്. ആന പോലുള്ള ജീവികള്‍ അടുത്ത കാലത്തൊന്നും ഇവിടെ വന്നിട്ടില്ല. ഷൂട്ട് നടന്ന സ്ഥലത്ത് ചിലപ്പോഴൊക്കെ കുരങ്ങുകളെ കണ്ടതല്ലാതെ മറ്റൊരു ജീവിയേയും കണ്ടിട്ടില്ല, ഞാനെന്നല്ല ആരും കണ്ടിട്ടില്ല. കണ്ണവത്തെ കാടുകള്‍ക്കകത്തെ ഗ്രാമങ്ങളില്‍ ആളുകള്‍ രാത്രിയില്‍ കൂടി ഭയരഹിതരായി ഇറങ്ങി നടക്കുന്നത് കാണാം, കാരണം ജൂണ്‍ ജൂലൈ മാസങ്ങളില്‍ വല്ലപ്പോഴും വന്ന് പോകുന്ന ആനമാത്രമെ ഇവിടുള്ളൂ.
3. ഷൂട്ടിങ്ങ് മൂലം ആദിവാസി ജനസമൂഹത്തിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു, അതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുന്നു. ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടു
ആദിവാസികളായ 4 കുടുംബങ്ങള്‍ മഴക്കാലമല്ലാത്തപ്പോള്‍ മാത്രം പുഴ കടന്ന് ഈ വഴി അവരുടെ സ്ഥലത്തേക്ക് പോകാറുണ്ട്. കുറച്ച് ദൂരം കുറവാണെന്നതിനാല്‍ പുഴയില്‍ വെള്ളമില്ലാത്തപ്പോള്‍ ഈ കുറുക്കുവഴി ഉപയോഗിക്കുന്നു എന്നുമാത്രം. കാട്ടില്‍ പലയിടങ്ങളിലായി ആദിവാസി കുടുംബങ്ങള്‍ ഉള്ളതിനാല്‍ മറ്റുചിലരും വല്ലപ്പോഴുമൊക്കെ എളുപ്പമാര്‍ഗ്ഗം എന്ന നിലയില്‍ ഇതുവഴി പോകാറുണ്ടാവാം. വഴി തടസപ്പെട്ടു എന്ന് കാണിച്ച് ഒരു സ്ത്രീ പരാതിക്കാരിയായ ഒരു അപ്പീല്‍ ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ വന്നിരുന്നു, എന്നാല്‍ അവരോട് നേരിട്ട് കാര്യം തിരക്കിയപ്പോള്‍ അവരോട് ചോദിക്കുകപോലും ചെയ്യാതെയാണ് അവരുടെ വനാവകാശ രേഖ ഉപയോഗിച്ച് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതെന്നാണ് പറഞ്ഞത്, അവര്‍ താമസിക്കുന്നതാകട്ടെ ഷൂട്ടിങ്ങ് നടന്ന സ്ഥലത്ത് നിന്നും വളരെ ദൂരെയും, ഒരിക്കല്‍ പോലും അവര്‍ക്ക് ഷൂട്ടിങ്ങ് നടന്ന ഒരേക്കറോളമുള്ള സ്ഥലത്ത് ഒരാവശ്യത്തിനും പോവേണ്ടതില്ലായിരുന്നു. ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി പരാതി കോടതി തീര്‍പ്പാക്കി.
വനാവകാശനിയമ പ്രകാരം നടപടി ആഗ്രഹിക്കുന്നെങ്കില്‍ ബന്ധപ്പെട്ട അതോരിറ്റിയെ സമീപിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ആരും എവിടെയും ഒരു പരാതിയും പിന്നീട് നല്‍കിയില്ല.
ബാഹുബലി ദി ബിഗിനിങ്ങ് ഞാന്‍ കണ്ടിട്ടില്ല, ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ കാണണമെന്നുണ്ട് എന്നാല്‍ തിക്കും തിരക്കും കൂട്ടികാണണമെന്നില്ല. 24 ദിവസം കണ്ണവത്ത് ഷൂട്ട് ചെയ്ത രംഗങ്ങള്‍ കേവലം മിനുട്ടുകളേ സിനിമയിലുള്ളൂ എന്ന് ചിത്രം കണ്ടവര്‍ പറഞ്ഞ് അറിഞ്ഞു. ഒരാഴ്ച്ചകൊണ്ട് ഷൂട്ട് ചെയ്യാമായിരുന്ന കാര്യമാണ് ഇവിടെ നാലാഴ്ച്ചയെടുത്ത് ഷൂട്ട് ചെയ്തത്.
കാരണം ഒന്നേയുള്ളൂ, ഇത് ഒരു വലിയ ബിസിനസ്സാണ്. ആസ്വാദകരും വിമര്‍ശകരുമൊക്കെ ഒരുപോലെ വലിയ സ്‌ക്രീനില്‍ പോയി തന്നെ കാണണമെന്ന് നമ്മളോട് ഉപദേശിക്കുന്ന എല്ലാ തരത്തിലും നല്ല വാര്‍ത്തകള്‍ മാത്രം പുറത്ത് വരുന്ന ഒരു വലിയ ദൃശ്യചൂതാട്ടം. ആ ചൂതാട്ടത്തില്‍ പെട്ടുപോകാന്‍ സാധ്യതയില്ലാത്ത ഇന്നാട്ടിലെ പ്രകൃതിയേയും പാവപ്പെട്ടവനേയുമൊക്കെ കുറിച്ച് ചിന്തിക്കുന്ന സിനിമ സ്ഥിരമായി കാണാത്ത മറുപക്ഷത്തിന്റെ ചിന്താ പ്രക്രിയകളില്‍ കൂടെ സിനിമയെകുറിച്ചുള്ള പരസ്യം എത്തിക്കാനുള്ള ഒരു തന്ത്രമാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ഈ നെഗറ്റീവ് വാര്‍ത്തകള്‍. ആളുകളില്‍ ആകാംക്ഷ ജനിപ്പിച്ച് അത് ഏറ്റവും നല്ലരീതിയില്‍ വിപണനം ചെയ്ത സിനിമകളില്‍ ഒന്ന് തന്നെയാണ് ബാഹുബലി 2, എന്നാല്‍ അതൊരു ക്ലാസിക്ക് സിനിമയാണെന്ന് ആരും പറയില്ല.
കഴിഞ്ഞ രണ്ട് വര്‍ഷമായി കണ്ണവത്തെ റെയ്ഞ്ച് ഓഫീസറുടെ ജോലി ഞാന്‍ ആസ്വദിച്ച് തന്നെയാണ് ചെയ്യുന്നത്. വിമര്‍ശനങ്ങള്‍ തളര്‍ത്തിയിട്ടില്ല, പ്രശംസയില്‍ അഹങ്കരിച്ചിട്ടുമില്ല. ആയിരത്തിലധികം വരുന്ന ആദിവാസി കുടുംബങ്ങള്‍ അധിവസിക്കുന്ന ഒരു വനപ്രദേശത്തെ റെയ്ഞ്ചര്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും അവരുടെ ജീവിതത്തെയും ഭാവിയേയും ചെറിയ അളവിലെങ്കിലും ബാധിക്കുമെന്ന് ബോധത്തോടെ തന്നെയാണ് ഓരോ കാര്യവും ചെയ്തത്.
ബ്രിട്ടീഷ് കാലം മുതല്‍ നാനാവിധത്തിലുള്ള തോട്ടങ്ങള്‍ വെച്ച്പിടിപ്പിക്കപ്പെട്ട വനമേഖലയാണ് കണ്ണവം, അതിന്റെ പരിമിതികളും പ്രശ്‌നങ്ങളും ഉണ്ട്. പഴശ്ശിരാജയെപ്പോലുള്ളവരുടെ പേര് ചേര്‍ത്ത് അറിയപ്പെടാനാണ് ഈ കാട്ടിലുള്ളവര്‍ക്ക് ആഗ്രഹം, അതാണ് അവര്‍ക്ക് അന്തസ്സും, അല്ലാതെ 2017ല്‍ ഇറങ്ങിയ ഒരു സിനിമയുടെ പേരിലല്ല. മറ്റ് ആദിവാസി വിഭാഗത്തെ പോലെ ഇവിടത്തെ കുറിച്ച്യ സമുദായത്തില്‍ പെട്ട ആളുകള്‍ ഈ വനത്തിനെ വിഭവങ്ങള്‍ ശേഖരിക്കാനും മറ്റുമായി അധികമായി ആശ്രയിക്കുന്നവരല്ല, എന്നാല്‍ ഈ കാടിനെ അളവറ്റ് സ്‌നേഹിക്കുന്നവരാണ്.
കേരളത്തില്‍ പലയിടങ്ങളില്‍ വ്യാപകമായി കാട്ടുതീ ഉണ്ടായ വര്‍ഷമായിട്ടും കണ്ണവത്തെ കാടുകള്‍ കത്താതിരുന്നത് ഞങ്ങളുടെ മിടുക്ക് കൊണ്ടല്ല, കാട്ടിനകത്ത് താമസിക്കുന്നവര്‍ കാടിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. അടിക്കാട് നശിച്ചത് തിരിച്ച് വരാന്‍ 70 വര്‍ഷം വേണമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഇവിടത്തെ കാടുകള്‍ ആളുകള്‍ എത്ര അഭിമാനത്തോടെയാണ് സംരക്ഷിക്കുന്നതെന്ന് കൂടി റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരുന്നു.