ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: സുരക്ഷാ പരിശോധനയുടെ അവസാന കടമ്പയും കടന്ന് കൊച്ചി മെട്രോ. യാത്രാനുമതി ലഭിച്ചതായി കെഎംആര്‍എല്‍ അറിയിച്ചു. മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഈ മാസം അവസാനം മെട്രോ ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്രമോദി കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോയില്‍ പരിശോധന നടത്തിയ സേഫ്റ്റി കമ്മീഷണറും സംഘവും ചില ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ കെഎംആര്‍എല്ലിന് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ആകര്‍ഷകമായ മെട്രോയാണ് കൊച്ചി മെട്രോയെന്നും സേഫ്റ്റി കമ്മീഷണര്‍ പരിശോധനയ്ക്ക് ശേഷം പ്രശംസിച്ചിരുന്നു. മെട്രോയുടെ സുരക്ഷയില്‍ പൂര്‍ണ തൃപ്തരാണെന്ന് സുരക്ഷാ പരിശോധന സംഘം അറിയിച്ചിരുന്നു.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്റര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. 11 സ്‌റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. ആകെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോയുടെ അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കും മെട്രോ ട്രെയിന്‍ ഓടിയെത്തും.
2004 മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കൊച്ചി മെട്രോ പദ്ധതി 2011 ലാണ് ദ്രുതഗതിയിലായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം വഹിച്ച മെട്രോ മാന്‍ ഇ ശ്രീധരനാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.