ജോണ്‍സണ്‍ ചെറിയാന്‍.
നിര്‍ഭയ കേസിലെ നാലുപ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധി വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്ന് മഞ്ജു വാര്യര്‍. ഫെയ്സ്ബുക്കിലാണ് മഞ്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീയുടെ അഭിമാനത്തിന് നല്‍കുന്ന സംരക്ഷണമാകണം പരിഷ്കൃതസമൂഹത്തിന്റെ മുന്‍ഗണനകളിലൊന്നെന്നും സ്ത്രീയുടെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതം രാഷ്ട്രത്തെത്തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്നും മഞ്ജു അഭിപ്രായപ്പെടുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നിര്‍ഭയ കേസില്‍ നാലുപ്രതികളുടെയും വധശിക്ഷ ശരിവച്ച സുപ്രീംകോടതിയുടെ വിധി വലിയൊരു സന്ദേശമാണ് നല്‍കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണത്. വധശിക്ഷയ്ക്കു വേണ്ടിയുള്ള മുറവിളിയായി ഈ വാക്കുകളെ വ്യാഖ്യാനിക്കരുത്.
അതിന്റെ ന്യായാന്യായങ്ങള്‍ എന്തുമായ്ക്കൊള്ളട്ടെ. അതേക്കുറിച്ചുള്ള അഭിപ്രായം സമാനമായ സംഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകളില്‍ നേരത്തെ പങ്കുവച്ചിട്ടുമുണ്ട്. സ്ത്രീയുടെ അഭിമാനത്തിന് നല്‍കുന്ന സംരക്ഷണമാകണം പരിഷ്കൃത സമൂഹത്തിന്റെ മുന്‍ഗണനകളിലൊന്ന്. സ്ത്രീയുടെ അഭിമാനത്തിനേല്‍ക്കുന്ന ക്ഷതം രാഷ്ട്രത്തെത്തന്നെയാണ് മുറിവേല്‍പിക്കുന്നത്. അത്തരം സംഭവങ്ങളിലെ ശിക്ഷാനടപടി അതുകൊണ്ടുതന്നെ പ്രാധാന്യമര്‍ഹിക്കുന്നു. ആവര്‍ത്തനങ്ങളുണ്ടാകാതിരിക്കാന്‍ പരമാവധി ശിക്ഷയാണ് വേണ്ടത്. ഇനിയൊരാള്‍ക്കും അങ്ങനെയൊന്ന് ചിന്തിക്കാന്‍പോലുമാകാത്തവിധമുള്ള ശിക്ഷ. നിര്‍ഭയകേസിലെ വിധിയെ അത്തരത്തിലൊന്നായി ഞാന്‍ കാണുന്നതും അതുകൊണ്ടാണ്.
ശിക്ഷയിലെ ഇളവ് രക്ഷപ്പെടുത്തുമായിരുന്നത് ആ നാലുപേരെയും മാത്രമാകില്ല. കഴുകന്റെ കണ്ണും മൃഗത്തിന്റെ നഖവുമായി സ്ത്രീയുടെ നേര്‍ക്ക് ചാടിവീഴാന്‍ തക്കംപാര്‍ത്തിരിക്കുന്ന എല്ലാവരേയുമായിരുന്നു. കോടതിമുറിയില്‍ മുഴങ്ങിയ കയ്യടി അപമാനിക്കപ്പെട്ട എല്ലാപെണ്‍കുട്ടികളുടെയും ശബ്ദമാണ്. അവരുടെ ഉറ്റവരുടേതാണ്. നിര്‍ഭയമായി ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീത്വത്തിന്റേതുമാണ്…