ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡൽഹി: വാഹന മേഖലയിൽ വലിയ വിപ്ലത്തിനൊരുങ്ങി ഇന്ത്യ. 2030ഓടെ രാജ്യത്തെ എല്ലാ വാഹനങ്ങളും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പെട്രോൾ, ഡീസൽ ഇറക്കുമതി കുറക്കാനും ഇന്ത്യയെ പെട്രോൾ, ഡീസൽ രഹിത രാജ്യമാക്കുകയുമാണ് ലക്ഷ്യം. 2030ഓടെ എല്ലാ വാഹനങ്ങളും വൈദ്യുതിയിൽ ആയിരിക്കും പ്രവർത്തിക്കുക. ഇതിനായി സ്വയംപര്യാപ്തമാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. പെട്രോൾ, ഡീസൽ ഉപയോഗിച്ചുള്ള വാഹനങ്ങൾ 2030ഓടെ മാർക്കറ്റിൽ ഉണ്ടാവില്ലെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
പ്രശ്നപരിഹാരത്തിനായി സർക്കാർ നേരിട്ട് വൈദ്യുത വാഹനങ്ങൾ ഉൽപാദിപ്പിക്കും. തുടക്കത്തിൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയുമായി സഹകരിച്ചായിരിക്കും ഇത്. നിലവിൽ മാരുതിയാണ് ഇന്ത്യയിലെ കാറുകളിൽ 30ശതമാനവും ഉൽപാദിപ്പിക്കുന്നത്.
നീതി ആയോഗും വൈദ്യുത കാറുകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കും പ്രവർത്തിക്കുക. കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ വൈദ്യുതി ഉപഭോഗം 6.4 ശതമാനം ഉയർന്നിട്ടുണ്ട്. ഇതേസമയം, എൽ ഇ ഡി ബൾബുകളുടെ വിതരണത്തിലൂടെയാണ് ഉപഭോഗം നിയന്ത്രിക്കുന്നത്. ആകെ 50 ലക്ഷത്തിലേറെ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.