Friday, November 22, 2024
HomeLiteratureസുഖം തിരയുന്നവർ. (കഥ)

സുഖം തിരയുന്നവർ. (കഥ)

സുഖം തിരയുന്നവർ. (കഥ)

സുജാത ശിവൻ. (Street Light fb group)
പൊള്ളലേറ്റ ശരീരത്തിലെ പൊള്ളലേൽക്കാത്ത,മുഖത്ത് നാല്പത്തിയൊമ്പതാം വയസ്സിലെ നിറഞ്ഞ പ്രസന്നത വരുത്തി,തകർത്തുപെയ്ത മഴയുടെ ബാക്കിയായി,
ഏങ്ങലടിച്ചുകരഞ്ഞ കുട്ടി കരച്ചിലൊതുക്കുന്നതുപോലെ,തളർന്നുചന്നംപിന്നംപെയ്യുന്ന ചാറ്റല്മഴയിലൂടെ കുട്ടികളുടെ അലമുറ കേട്ടെത്തിയ അയൽക്കാർക്കൊപ്പം,
ഞാൻ കുന്നിറങ്ങി,നീണ്ടുനിറഞ്ഞുകിടന്ന റബ്ബർത്തോട്ടത്തിലൂടെ വീണുപോവാതെ പുകഞ്ഞുനീറുന്ന ശരീരവുമായി ,എത്രയും വേഗം വണ്ടി ലഭ്യമായ വഴിവരെയെത്താൻ ഓടിയും നടന്നും !!!!
വണ്ടിയിലേക്ക് കയറുമ്പോൾ ഇനിയൊരു തിരിച്ചുവരവില്ലെന്നറിഞ്ഞുതന്നെ കരഞ്ഞൊപ്പംപിറകേയോടിയെത്തിയ മക്കളെ ചേർത്തുപിടിച്ച്,അമ്മയ്ക്കൊന്നൂല,ഇച്ചിരിയേ പൊള്ളിയിട്ടുള്ളു,
ആശുപത്രിയിൽ ചെല്ലുമ്പോ,അവര് മരുന്നു തേച്ചുതരുമ്പോ പെട്ടെന്ന് മാറും കേട്ടോ,അമ്മേടെ പൊന്നുകള് കരയരുത്,പേടിയ്ക്കരുത്,അമ്മ വേഗം വരുംഎന്ന ഉറപ്പുകൊടുത്ത്,അയൽവീട്ടിലെ ചേച്ചിയ്ക്കൊപ്പം അവരെ തിരിച്ചയച്ച്,
ആശുപത്രിയിലെ ബെഡ്‌ഡിൽ പ്രാഥമികശുശ്രൂഷകൾക്ക്ശേഷം ബെഡ്‌ഡിന് ചുറ്റും ശരീരത്തിന്റെ പുകച്ചിലകറ്റാൻ ആറുഫാനുകൾ അക്ഷീണം,നിരന്തരം പ്രവർത്തിയ്ക്കുന്നു..പുറത്തും നടുവിനും പൊള്ളലേറ്റ മറ്റുഭാഗങ്ങളിലും പുരട്ടിത്തന്ന തണുത്ത ക്രീമിനുള്ളിൽ ശരീരം നീറിപ്പുകഞ്ഞു…
പിടിച്ചുനിന്ന ധൈര്യത്തിന് ഒരു ചോർച്ച പോലെ ! കരഞ്ഞുവീർത്ത കണ്ണും മുഖവും ഇടയ്ക്കിടെ തുടച്ച് കൈയിലെ ചെറിയ വിശറിവീശി എന്റെ നീറ്റൽകുറയ്ക്കാൻ എന്റെ പൊന്നുമകൾ.എന്നെനോക്കി
കുഞ്ഞുചുണ്ടുവിടർത്തി അമ്മ എന്ന് ആദ്യമുരുവിട്ടവൾ…എന്റെ ദുരിതങ്ങളുടെ ആദ്യഹേതു…
പതിനഞ്ചുവയസ്സിലെ വിവാഹം,,പതിനെട്ടാംവയസ്സിൽ സമ്മാനിച്ച പെൺകുഞ്ഞ്.കുട്ടികളുണ്ടാവാൻ താമസിയ്ക്കുന്നതിനെ വീട്ടുകാർക്കിടയിലെ മുറുമുറുപ്പ്..
കൂലിപ്പണിക്കാരനെങ്കിലും,ആദ്യനാളുകളിലെ കരുതലും സ്നേഹവും മറ്റേതുപെണ്ണിനും കിട്ടുന്നതിലധികമായിരുന്നുവെന്ന് മരണക്കിടക്കയിലും ഞാനോർക്കുന്നു…എന്നിട്ടും,കാത്തിരുന്ന മുഹൂർത്തമെത്തിയത്,അതുവരെയുള്ള ജീവിതത്തിന്റെ മറുപുറംകാട്ടിയാണ്.
അമ്മയ്ക്ക് സുഖമില്ലാതെ കുറച്ചുദിവസം വീട്ടിൽ നിൽക്കേണ്ടിവന്നു.അതും വളരെനാൾകൂടി !
വീട്ടിൽനിന്ന് പോയിട്ട് വിരുന്നിനായി മാസമുറയെത്താഞ്ഞത്,ഏതാനും ആഴ്ചകൾക്കുള്ളിൽ തനിയ്ക്കടുത്തെത്തിയ ഭർത്താവിനോട് ലോകം കീഴടക്കുന്ന സന്തോഷത്തിലാണ് പങ്കുവച്ചത്.
അപ്പോൾ സന്തോഷത്തിന്റെ നിറവിൽ തുള്ളിച്ചാടി വീട്ടിലേയ്ക്ക് പോയ ഭർതൃമനസ്സിൽ ആരൊക്കെയോ ചേർന്ന് വിഷം നിറച്ചിരിയ്ക്കുന്നു,
അത് അദ്ദേഹത്തിന്റെ കുട്ടിയല്ലത്രേ !
വലിച്ചെറിയപ്പെട്ട തീക്കുണ്ഡത്തിലെ എണ്ണിത്തീരാത്ത നാളുകൾ.
പിതൃത്വമാരോപിയ്ക്കപ്പെട്ട്,ആത്മഹത്യയുടെ വക്കിലെത്തിയ നിരപരാധിയായ കളിക്കൂട്ടുകാരൻ !
സഹനത്തിനൊടുവിലെ പ്രസവത്തിനുശേഷം കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ മുഴുമദ്യപാനത്തിൽ സ്വബോധമില്ലാത്തോൻ,കൈക്കുഞ്ഞിനെ കിണറ്റിലേയ്ക്ക് വലിച്ചെറിഞ്ഞു.
കരച്ചിൽകേട്ട് ഓടിക്കൂടിയ ആരൊക്കെയോ കിണറ്റിലിറങ്ങി വലുതായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് രക്ഷിച്ചെടുത്തു.തുടർന്നും നരകയാതനകളെങ്കിലും കെട്ടുതാലിയുടെ മഹത്വമറിഞ്ഞ്,എല്ലാം ശരിയാകും എന്ന് ഉറച്ചുവിശ്വസിച്ചു,കൂടെനിന്നു…
ആ…
എന്റെ ബോധം ഒന്ന് മറഞ്ഞുപോയിരുന്നെങ്കിൽ…ആരോ പറഞ്ഞുകേട്ടിരിയ്ക്കുന്നു,പൊള്ളലേൽക്കുന്ന ആളിന് മരണമല്ലാതെ ബോധരഹിതയാവാൻ മറ്റു മാർഗ്ഗമില്ലത്രേ !
എന്റെ അനുഭവത്തിൽ അത് ശരിയാണ്.എന്നിട്ടും താൻ മുറുകെ കണ്ണുകൾ അടച്ചുപിടിച്ചിരിയ്ക്കുന്നു.
അതേ.അവളടുത്തുണ്ട്…കണ്ണുകൾ അവളെ നോക്കി സങ്കടപ്പെട്ടപ്പോഴൊക്കെ അവളൊരു പ്രതികാരദുർഗ്ഗയുടെ ഭാവം പേറിനിന്നത്,ഇപ്പോൾ അവൾക്കുനേരേ കണ്ണുകൾ തുറക്കാൻ എന്നെ ഭയപ്പെടുത്തുന്നു, തടസ്സപ്പെടുത്തുന്നു…
എപ്പോഴോ ഡോക്ടറോട് അവൾ കരഞ്ഞുപറയുന്നത് കേട്ടിരുന്നു.
അമ്മ സ്വയം ചെയ്തതല്ല.അച്ഛൻ ചെയ്തതാണ്.ഞാൻ കണ്ടതാണ്….
ഡോക്ടറുടേയും,എങ്ങനെ സംഭവിച്ചുവെന്ന ചോദ്യം ഞാൻ കേൾക്കുന്നുണ്ട്.കേസ് ഷീറ്റിൽ
മൊഴി രേഖപ്പെടുത്താനാവണം..ഞാൻ ചുണ്ടുകൾ വിടരാത്തവണ്ണം മുറുകെക്കൂട്ടിപ്പിടിച്ചു…
പോലീസിൽ അറിയിയ്ക്കുന്നതിനൊപ്പം,
നിരാശയിൽ പിന്തിരിയുന്ന ഡോക്ടർ,മകളെ പുറത്തേയ്ക്ക് വിളിയ്ക്കുന്നതറിഞ്ഞു..
ഇറങ്ങുന്നതിനുമുമ്പ്,എന്റെ അടച്ചുപിടിച്ച കണ്ണുകൾക്കുമുകളിൽ,അവളുടെ ചുടുകണ്ണീർ വീഴുന്നതിനൊപ്പം,നിസ്സഹായതയുടെ ചിലമ്പിച്ച സ്വരവും കേട്ടു.
അമ്മേ,അമ്മ പറയണം ഡോക്ടറോട്,എന്റമ്മ തനിയേ ചെയ്തതല്ലാ,അയാള് മനഃപ്പൂർവ്വം ചെയ്തതാന്ന്..
ഞങ്ങൾക്ക് അമ്മയില്ലാതാക്കുന്നത്‌ അയാളാണെന്ന്‌.
കടുത്ത മദ്യപാനിയുടെ ഉള്ളിലേയ്‌ക്ക്,ആരൊക്കെയോ ചേർന്ന്,പകർന്നുനൽകിയ സംശയമെന്ന കൊടുംവിഷത്തിന്,തെറ്റ് ചെയ്യാത്ത ഒരമ്മയ്ക്കും മക്കൾക്കും നരകയാതനയുടെ ഒരു ജീവിതമാണ് സമ്മാനമായി കിട്ടിയത്…
ഞാൻ എങ്ങനെ വിവരിയ്ക്കും ?
പക്ഷേ വിവരിച്ചേ മതിയാവൂ,കാരണം ഇത് നിങ്ങൾക്ക് മുമ്പിൽ മാത്രമുള്ള എന്റെ മരണമൊഴിയാണ്..
വയ്ക്കുന്ന ഭക്ഷണം ഒരു ദിവസംപോലും സമാധാനത്തോടെ ഞങ്ങൾ കഴിച്ചിട്ടില്ല…കുട്ടികളുണ്ടാകാതിരുന്ന് ഉണ്ടായ കുഞ്ഞിനെ സംശയത്തിന്റെ കണ്ണോടെ പിഴച്ച സന്തതി എന്ന് മാത്രം അയാൾ വിളിച്ചുകൊണ്ടിരുന്നു..
അതിനിടയിൽ വീണ്ടും ഞാനമ്മയാകുന്നു,എന്ന് തെളിഞ്ഞിട്ടും ഉറച്ചുപോയ ആ സംശയത്തിന്റെ കരിനിഴൽ ഒന്നിനൊന്ന് ശക്തിയാർജ്ജിയ്ക്കുകതന്നെ ചെയ്തു…
ഭീകരമർദ്ദനത്തിനിടയിൽ അയാൾ എന്നിൽ നാട്ടുകാർ കേൾക്കെ ദിനംപ്രതി,പട്ടംചാർത്തിത്തന്നു…പഴയ കാമുകനൊപ്പം പിഴച്ചവൾ…അവന്റെ ഗർഭം ചുമന്ന കാമഭ്രാന്തി..
നാട്ടുകാർക്കുമുമ്പിൽ ഒരിയ്ക്കലും ഞാൻ മുഖമുയർത്തിയില്ല..എനിയ്ക്ക് എങ്ങനെ കഴിയും,തലയുയർത്തിനടക്കാൻ ?
കാരണം പട്ടം ചാർത്തിയത് ഭർത്താവാണ് !
സഹനം നഷ്ടപ്പെട്ട വേളയിലെപ്പോഴോ,ഞാൻ പ്രതികരിച്ചതോർക്കുന്നു…
നിങ്ങളിനി ഈ വിഴുപ്പായ എന്നെ ചുമക്കണ്ട..വിവാഹബന്ധം വേർപെടുത്ത്,എന്നിട്ട് പതിവ്രതയെക്കെട്ട്,എന്ന്..കൊടുംപീഢനത്തിനൊടുവിലായിരുന്നു,അന്ന് താൻ പൊട്ടിപ്പോയത്.
പക്ഷേ ?
പിന്നിങ്ങോട്ട് !
ഞാൻ വേറേ സുഖജീവിതംതേടിപ്പോകാനുള്ള വേഷംകെട്ടലെന്നായി അയാളത് അർത്ഥവ്യത്യാസം വരുത്തി..പിന്നെ…..
എതിർത്താൽ കുഞ്ഞുങ്ങളെക്കൊന്നുകളയുമെന്ന ഭീഷണിയിൽ താൻ വിറച്ചുപോയിരുന്നു…
വൈരാഗ്യം,മദ്യപാനിയുടെ സിരകളിൽ ചൂട്പകർന്നപ്പോഴോക്കെ,കാമഭ്രാന്തിയെന്നാരോപിയ്ക്കപ്പെട്ടവളുടെ യോനീമുഖവും ആന്തരികഭാഗങ്ങളും പല ഉപദ്രവങ്ങൾകൊണ്ട് തകർന്നുതരിപ്പണമായിരുന്നു…
എന്നിട്ടും,വീണ്ടും കല്ലെറിഞ്ഞ് ഓളമിളക്കിയിട്ടും കൂടിച്ചേരുന്ന നദീമാതാവിനെപ്പോലെ തന്റെ ഗുഹ്യഭാഗവും താല്ക്കാലികമായിമാത്രം കൂടിച്ചേരപ്പെട്ടുക്കൊണ്ടിരുന്നു…
എന്നിട്ടും,അയാളോട്,കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ടോ,എന്തോ,താത്ക്കാലികമായ വെറുപ്പും ദേഷ്യവും മാത്രമേ തനിയ്ക്കുണ്ടായിരുന്നുള്ളു…
ശരിയാകും,തന്റെ സമയദോഷമാവും,അത് മാറും.എന്ന് വിശ്വസിച്ചു,പ്രാർത്ഥിച്ചുനടന്നു..
അങ്ങനെ ഒരു ദിവസം,
താനറിയാതെപോലും,മറ്റൊരാളുടെ കണ്ണുകൾ യാദൃശ്ചികമായി തന്റെമേൽ പതിഞ്ഞാൽ അതിനുപോലും താൻ ശിക്ഷയനുഭവിയ്ക്കേണ്ട ദുർവിധി…
ജീവിതം അവസാനിപ്പിച്ചാലോ,എന്നുപോലും ചിന്തിയ്ക്കേണ്ടി വന്നിട്ടുണ്ട്.
മദ്യപിച്ച്,
വികലോന്മാദത്തിന്റെ,അബോധതയിൽ,ആ ദിവസം അയാൾക്ക്,കാമഭ്രാന്തിയെന്ന് മുദ്രചാർത്തപ്പെട്ട‌ വാമഭാഗത്തിന്റെ ജനനേന്ദ്രിയത്തോട്,തീർത്താൽ തീരാത്ത പകയായി.
കടിച്ചുമുറിച്ചെടുക്കുന്ന മാതൃത്വകുംഭങ്ങളും,എല്ലുന്തിയ അരക്കെട്ടും,കുഞ്ഞുങ്ങൾക്ക്നേരേ നീട്ടിപ്പിടിച്ച കഠാരപ്പിടിയ്ക്കുമുന്നിൽ,ചെറുത്തുനിൽക്കാൻ കഴിയാതെ നിസ്സഹായതയിൽ,അലറിപ്പിടഞ്ഞത് ഇതുമൂലം.
തന്റെ ഗുഹ്യതയുടെ ആഴമളക്കാനും,കാമമെന്ന ഭ്രാന്ത് ഓർക്കുമ്പോൾപോലും ഞാൻ ഞെട്ടിവിറയ്ക്കാനും അയാൾ ചെയ്ത ശിക്ഷാവിധി.
കുടിച്ചുവറ്റിച്ച മദ്യക്കുപ്പിയുടെ, വായഭാഗംതട്ടിപ്പൊട്ടിച്ച്,അതാഴ്ത്തിയിറക്കിയത് ജനനേന്ദ്രിയം തകർത്ത്…ആന്തരികാവയവങ്ങൾ മുറിച്ച്,
അലറിപ്പിടഞ്ഞ തന്നെ ഒന്നുവന്നുനോക്കുവാൻപോലും,അയാളെപ്പേടിച്ച് അയൽക്കാർ മടിച്ചു.കാരണം ആരെങ്കിലുമോടിയെത്തിയാൽ നാളെ അവരെക്കൂട്ടിയാവും ഭള്ളുപറച്ചിൽ…നാണംകെട്ടിട്ട് അവർക്കും പുറത്തിറങ്ങാൻ പറ്റാണ്ടാവും…
പക്ഷേ കുഞ്ഞുങ്ങൾക്ക്മുന്നിൽ മരണവേദനയോടെ, ചോരയിൽക്കുളിച്ച്‌ പിടഞ്ഞ തന്നെ അവരുടെ പേടിച്ചരണ്ട കരച്ചിൽകേട്ടാണ്,
അബോധാവസ്ഥയിലായ തന്നെ ആശുപത്രിയിലെത്തിച്ചത്…
ആഴത്തിലെ മുറിവിനും ചീറ്റിക്കുതിച്ചൊഴുകുന്ന രക്തനദിയ്ക്കുമിടയിൽ,തറച്ചുകയറിയ ചില്ലിൻ കഷണങ്ങൾ,സൂക്ഷ്മമായി,വിദഗ്ദ്ധമായി നീക്കംചെയ്ത ലേഡിഡോക്ടർ,നിറഞ്ഞൊഴുകിയ കണ്ണുകൾ പലയാവർത്തി തുടച്ചാണ്‌ തന്റെ കർമ്മം വിജയകരമായി പൂർത്തിയാക്കി തുന്നിച്ചേർത്തത്.
അന്നാ ഡോക്ടർ കേസെടുക്കണമെന്നും അയാളെ ഒരുപാഠം പഠിപ്പിയ്ക്കുമെന്നും പറഞ്ഞ് തീരുമാനത്തിൽ ഉറച്ചുനിന്നത് താൻ കാലുപിടിച്ചാണ്‌ പിന്തിരിപ്പിച്ചത്…ഒന്ന് വിളിച്ച് പേടിപ്പിച്ചാൽ മതിയെന്നും കേസ് കൊടുക്കുമെന്നും.
അന്ന് തന്റെ കരച്ചിൽകണ്ടാണ് ഡോക്ടർ അയാളെ വിളിപ്പിച്ച് നന്നായിപേടിപ്പിച്ചതും,ഇനി ഏതെങ്കിലും തരത്തിൽ തന്നെ നോവിച്ചാൽ പോലീസിൽ പിടിപ്പിയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതും.ഏതായാലും അതിനുശേഷം കുറച്ചുനാൾ സ്നേഹമായിരുന്നില്ലെങ്കിലും,വഴക്കില്ലാതെ കഴിഞ്ഞുകൂടി.
താനും ആശ്വസിച്ചുവരികയായിരുന്നു…
പക്ഷേ,ഇന്നലെ കുടിച്ചുവന്നതുമുതൽ പലപ്പോഴും പറഞ്ഞിരുന്നു.
നിന്നെ ഞാൻ ചുടുമെന്ന് !
പക്ഷേ,താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലല്ലോ ?
ഉറങ്ങാൻകിടന്ന തന്റെ ശരീരം മണ്ണെണ്ണയിൽകുതിരുമെന്ന് !
ചാടിയൊന്ന് എഴുന്നേൽക്കാൻ കഴിയുന്നതിനുമുമ്പേ,അയാളത് ചെയ്തിരുന്നു…ഇനിയും തനിയ്‌ക്കൊരുമടക്കമില്ല.,തനിയ്ക്കതറിയാം…
ഒഴുകിയിറങ്ങുന്ന കണ്ണീർ കവിളുപൊള്ളിയ്ക്കുന്നുണ്ട്…ആരൊക്കെയോ ബെഡിനടുത്തേയ്ക്ക് നടന്നടുക്കുന്നു.തന്റെ മോളുമുണ്ട്….
പോലീസുകാരാണ്.ഒപ്പം ഡോക്ടർഴ്സും…
പറയൂ,നിങ്ങൾ കേൾക്കുന്നുണ്ടോ ?
ആരാണ് ഇത് ചെയ്തത് ?
താൻ നിശ്ശബ്ദയാണ്‌ .
പറയൂ,ആരാണ്,എന്തിനാണ് ഇങ്ങനെ നിങ്ങളെ ഉപദ്രവിച്ചത് ?
നിങ്ങളുടെ മകൾ പറയുന്നുണ്ട്,നിങ്ങളുടെ ഭർത്താവ്,അവളുടെ അച്ഛനാണ് ഇതുചെയ്തതെന്ന്,സത്യമാണോ ?
പറയൂ.
താൻ ചിന്തിയ്ക്കുന്നുണ്ട്,പറയണോ ?
പറഞ്ഞാൽ ?
തന്റെ മോൾക്ക് ഒരു ചെറിയ ജോലി ശരിയായിരിയ്ക്കുന്നു :
അവൾ കൂടപ്പിറപ്പുകൾക്കുവേണ്ടിയാണെങ്കിലും ജോലി ചെയ്തേ മതിയാവൂ.അതിനായി അവൾ നാട്ടിൽനിന്ന് മാറിയേ പറ്റൂ,
അയാൾക്ക് ഇളയകുട്ടികളോട് വലിയ ദേഷ്യമില്ല..വഴക്കാളിയെങ്കിലും,വലിയ അടുപ്പമില്ല,എങ്കിലും ഇളയവർക്കും അയാളെ ജീവനാണ്.താനില്ലാതായാൽ,ഒപ്പം അയാളും ശിക്ഷിയ്ക്കപ്പെട്ടാൽ,തന്റെ കുഞ്ഞുങ്ങൾ അനാഥരായി,,ഏതൊക്കെയോ അവസ്ഥകളിൽ,അലഞ്ഞുതിരിഞ്ഞ്,
അയ്യോ,എന്റെ കുഞ്ഞുങ്ങൾ !
അതുപാടില്ല,
അവരാരുമില്ലാതെ അലഞ്ഞുതിരിഞ്ഞ്,
അയാൾക്ക് മാറ്റം വരും..അയാൾ പ്രതീക്ഷിയ്ക്കുക,അയാൾക്ക് ഇനിയും ഉത്തരവാദിത്തങ്ങളിൽനിന്നൊഴിഞ്ഞ് നടക്കാമെന്നാവും.
നിങ്ങൾ കേൾക്കുന്നുണ്ടോ ?
ഭർത്താവാണോ ഇത് ചെയ്തത് ? നിങ്ങളുടെ മകൾ അത് തറപ്പിച്ചുപറയുന്നു ,
പറയൂ,
നിങ്ങളത് പറഞ്ഞില്ലെങ്കിൽ മകളുടെ മൊഴിയിൽ ഞങ്ങൾക്ക് കേസ് എടുക്കേണ്ടിവരും,എന്താ ?
ഞാൻ പതിയെ കണ്ണുകൾ തുറന്നു..അസ്പഷ്ടമായിമാത്രം പുറത്തുവന്ന ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു…
അവൾ തെറ്റിദ്ധരിച്ചതാണ് സർ‌,
അവളുറങ്ങുകയായിരുന്നു…കരച്ചിൽകേട്ട് അവളുണർന്നപ്പോ അപ്പോഴത്തെ ദേഷ്യത്തിലും സങ്കടത്തിലും ഞാൻ അദ്ദേഹമാണ് തീ കൊളുത്തിയത് എന്ന് പറഞ്ഞതാണ്.അതാണ് അവൾ !
അയാളെ ഈ ജന്മം തോല്പിയ്ക്കാൻ കിട്ടിയ അവസരം പാഴാക്കാതെ,
ഞാൻ നേർത്ത ശബ്ദത്തിൽ കൂട്ടിച്ചേർത്തു,
ഞങ്ങൾതമ്മിൽ വഴക്കിട്ടിരുന്നു.പക്ഷേ എനിയ്ക്ക് അയാളോട് സ്നേഹമാണ്…”
എന്റെ മരണത്തോളം പിന്തുടർന്ന സ്നേഹം” !
ഇതദ്ദേഹം ചെയ്തതല്ല..ഞാൻ സ്വയം ചെയ്തതാണ്….
RELATED ARTICLES

Most Popular

Recent Comments