ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ പൂരം തുടങ്ങി. ഇനി നാളെ ഉച്ച വരെയുള്ള പകലിരവുകള്‍ തൃശൂരില്‍ പൂരക്കാഴ്ച മാത്രം. വന്‍ ജനാവലിയാണ് പൂരം കാണാന്‍ തൃശൂരിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ കണിമംഗലം ശാസ്താവിന്‍റെ പൂരമാണ് ആദ്യം വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് മറ്റു പൂരങ്ങള്‍ ഓരോന്നായി വന്നു. തിരുവമ്ബാടി ഭഗവതിയുടെ പൂരം മഠ ത്തില്‍ എത്തി ഇറക്കി പൂജക്കു ശേഷം പ്രസിദ്ധമായ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുകയാണ്.
പാറമേക്കാവിന്റെ പൂരം പുറത്തേക്ക് എഴുന്നെള്ളുകയാണ്. ഇത് വടക്കുന്നാഥ ക്ഷേത്ര മതിലകത്ത് എത്തുമ്ബോഴാണ് രണ്ടര മണിക്കൂര്‍ നീളുന്ന ഇലഞ്ഞിത്തറ മേളം തുടങ്ങുന്നത്. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും ഇലഞ്ഞിത്തറയില്‍ പാണ്ടിമേളത്തിന് പെരുവനം കുട്ടന്‍മാരാരുമാണ് നേതൃത്വം നല്‍കുന്നത്. ഇരു പൂരവും വടക്കുന്നാഥന്‍റെ തെക്കേ ഗോപുരം വഴി പുറത്തിറങ്ങി മുഖാമുഖം അണിനിരക്കുമ്ബോള്‍ വൈകീട്ട് അഞ്ചിന് കുടമാറ്റം തുടങ്ങും. രാത്രി പൂരങ്ങളുടെ ആവര്‍ത്തനമാണ്. പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട് നടക്കും. നാളെ ഉച്ചക്ക് 12ന് തിരുവമ്ബാടി , പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥന്‍റെ ശ്രീ മൂല സ്ഥാനത്ത് ഉപചാരം ചൊല്ലുന്നതോടെ പൂരം സമാപിക്കും.