ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാന ഇത് വരെ കാണാത്ത കടുത്ത വരള്‍ച്ചയിലൂടെയാണ് കടന്ന് പോകുന്നത്. പേരിന് മാത്രമാണ് വേനല്‍ മഴ ലഭിച്ചത്. വരള്‍ച്ചയെ പ്രതിരോധിയ്ക്കാനായി മനുഷ്യസാധ്യമായ എല്ലാം ചെയ്തെന്ന് സര്‍ക്കാരും അവകാശപ്പെടുന്നു. ഹരിത കേരളം പദ്ധതിയിലൂടെ വരുംകാലങ്ങളില്‍ വരള്‍ച്ച പ്രതിരോധിയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കുടിവെള്ളം വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് ഉടനീളം 69.9 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 19.49 കോടി രൂപ കൃഷിനാശ ദുരിതാശ്വാസത്തിനായി അനുവദിച്ചു. തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുന്നതിനായി നെയ്യാറില്‍ നിന്നും പേപ്പാറ അണക്കെട്ടിലേക്ക് വെള്ളം എത്തിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം ജനങ്ങള്‍ക്ക് എത്തിയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളേയും വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ജലദൗര്‍ഭ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇപ്പോള്‍ കുഴള്‍ക്കിണറുകള്‍ കുഴിയ്ക്കുന്നതിന് നിയന്ത്രണം ഉണ്ട്.