ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാഹാദ്: ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ബാഹുബലി 2. ആമിർ ഖാൻ ചിത്രമായ പി കെയുടെ റെക്കോർഡും മറികടന്ന എസ് എസ് രാജമൗലി ചിത്രം ഇന്ത്യൻ വിസ്മയമായിക്കഴിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ബാഹുബലി തരംഗമാവുമ്പോൾ എല്ലാവരും ചോദിക്കുന്നത് ഇവരുടെ പ്രതിഫലം എത്രയെന്നാണ്.
ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ശമ്പളം ഇല്ല എന്നതാണ് ബാഹുബലിയുടെ പ്രത്യേകത. പകരം എല്ലാവർക്കും പങ്കാളിത്തമാണുള്ളത്. ലാഭം കൂടുന്നതിന് അനുസരിച്ച് പ്രതിഫലവും കൂടും. നിലവിലെ കണക്ക് അനുസരിച്ച് രാജമൗലിക്ക് 100 കോടി രൂപയാണ് കിട്ടുക. ഇന്ത്യയിൽ ഒരു സംവിധായകന് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്.
പ്രഭാസിന് 50 കോടിയും റാണയ്ക്ക് 20-25 കോടി രൂപവരെയും പ്രതിഫലമായി കിട്ടും. അനുഷ്കയുടെ അക്കൌണ്ടിലെത്തുക 15 കോടി. തമന്നയ്ക്കും രമ്യ കൃഷ്ണനും മൂന്ന് കോടി വീതം. സത്യരാജിന് നാലുകോടിയും നാസറിന് ഒന്നരക്കോടിയും പ്രതിഫലം കിട്ടും.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി 1000 കോടി സമാഹരിക്കുന്ന ചിത്രമാകും ബാഹുബലി 2 എന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ആത്മസമർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും കിട്ടിയ പ്രതിഫലമാണിതെന്ന് രാജമൗലി പറഞ്ഞു.