ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:കൊച്ചി ഇനി പഴയ കൊച്ചയല്ലാതാകുകയാണ്. തികച്ചും പുതിയ കൊച്ചി. മെട്രോ റെയില്‍ ഗതാഗത യോഗ്യമാകുന്നതോടെ നഗരവും പരിസരപ്രദേശങ്ങളും അടിമുടി മാറുന്നു. ഈ മാറ്റത്തിനൊപ്പം നഗരത്തില്‍ തലങ്ങും വിലങ്ങും പായുന്ന ഓട്ടോ ഡ്രൈവറുമാരും പങ്കാളികളാകുന്നു. അക്ഷരാര്‍ത്ഥത്തില്‍തന്നെ മെട്രോ നഗരമായി മാറുന്ന കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇനി അറിയപ്പെടുക പൈലറ്റുമാരെന്നാകും- ഓട്ടോ പൈലറ്റുമാര്‍. പേരില്‍ മാത്രമല്ല ഓട്ടോ ഡ്രൈവര്‍മാര്‍ മാറുന്നത് യൂണിഫോമും പരിഷ്കരിക്കപ്പെടുകയാണ്. ഓട്ടോ പൈലറ്റുമാര്‍ക്ക് ഏകീകൃത യൂണിഫോമും ഓട്ടോറിക്ഷകള്‍ക്കു പ്രത്യേക ലോഗോയുമുണ്ടാകും.
ഓട്ടോസര്‍വീസുകളും ഓണ്‍ലൈന്‍ ആവുകയാണ്. ഓണ്‍ലൈന്‍ ടാക്സി പോലെ വീട്ടുമുറ്റത്തുനിന്നും ഓട്ടോ വിളിക്കാനുള്ള സൗകര്യമൊരുക്കും. സാധാരണ രീതിയിലുള്ള ഓട്ടോ സര്‍വീസ്, ആപ്പിലൂടെ ഓട്ടോ വിളിക്കാവുന്ന സംവിധാനം, ഫീഡര്‍ ഓട്ടോ എന്നിങ്ങനെ മൂന്നുതരം സംവിധാനമാണു നിലവില്‍ വരിക. എല്ലാ സംഘടനകള്‍ക്കും പങ്കാളിത്തമുള്ള ജില്ലാ ഓട്ടോറിക്ഷാ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണു സൊസൈറ്റിയുടെ മേല്‍നോട്ട ചുമതല. ഇതിനുള്ള നിയമങ്ങള്‍, നിബന്ധന തുടങ്ങിയവ മേയ് 10-നകം രൂപീകരിക്കും.
ഇതുമായി ബന്ധപ്പെട്ടു സൊസൈറ്റി രൂപീകരിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളി സംഘടനകളും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍)മായി അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലും ഗോശ്രീ പ്രദേശത്തുമുള്ള 15,000 ഓട്ടോറിക്ഷകളാണ് ഈ പദ്ധതിയുടെ ഭാഗമാവുക.
പൊതുഗതാഗത സംവിധാനവുമായി ഓട്ടോറിക്ഷകളെ ബന്ധിപ്പിക്കുന്നതു നഗരത്തിനു വലിയ പ്രയോജനമാകുമെന്നു കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. എഴുന്നൂറോളം റൂട്ടുകളിലായിരിക്കും സര്‍വീസ് നടത്തുക. റൂട്ടുകള്‍ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എസ്സിഎംഎസ് കോളജിലെ വിദ്യാര്‍ഥികളുടെ സാങ്കേതിക സഹായം ലഭിക്കും. യൂണിഫോം ലോഗോയും നിശ്ചയിക്കുന്നതിനായി ഓട്ടോറിക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഡ്രൈവര്‍മാര്‍ക്കായി മത്സരം സംഘടിപ്പിക്കും.