ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: ഒരു മാസത്തിനിടെ കണ്ണൂര്‍ വീണ്ടും പുലി ഭീതിയില്‍. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനടുത്ത് തിരൂരിലാണ് പുലിയിറങ്ങിയത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ ചിലര്‍ ഇവിടെ പുലിയെ കണ്ടത്രേ. ഈ ഭാഗത്തുള്ള പൊട്ടക്കിണറ്റില്‍ പുലി വീണതായി സംശയമുയര്‍ന്നതിനെ തുടര്‍ന്നു വനം വകുപ്പും പോലീസും തിരച്ചില്‍ നടത്തി. എന്നാല്‍ പുലിയെ കിണറ്റില്‍ കണ്ടെത്താനായില്ല.
കിണറിന് ആഴം കുറവായതിനാല്‍ പുലി രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇവിടെ പുലിക്കായി തിരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് മാസത്തിലും കണ്ണൂരില്‍ പുലിയിറങ്ങിയിരുന്നു. അന്നു പുലിയെ മയക്കുവെടി വച്ച് പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വയനാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. എട്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്നു പുലിയെ അകത്താക്കിയത്.