ജോണ്‍സണ്‍ ചെറിയാന്‍.
ഷൊര്‍ണൂര്‍: ലോട്ടറി എടുത്ത് ലക്ഷങ്ങളുടെ കടബാധ്യതയുള്ള ശ്രീജിത്ത് രാജിന് ഒടുവില്‍ കാരുണ്യമായി ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിനാണ് ഷൊര്‍ണൂര്‍ റെയില്‍വെ ജങ്ഷനിലെ പാര്‍സല്‍ കരാര്‍ തൊഴിലാളിയായ ശ്രീജിത്തിന് ഒരു കോടി സമ്മാനം അടിച്ചത്.
ഗണേശ് ഗിരി ശ്രീജിത്ത് വിഹാറില്‍ രാജഗോപാലിന്റെയും സരോജിനിയുടെയും മകന്‍ ശ്രീജിത്ത് പതിമൂന്ന് വര്‍ഷമായി ഇവിടെ ജോലിയെടുക്കുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ഇയാള്‍ക്ക് ലോട്ടറി എടുത്ത വകയില്‍ മൂന്നര ലക്ഷത്തോളം കടവും ഉണ്ട്.
ഭാഗ്യദേവത എന്നെങ്കിലും കടാക്ഷിക്കുമെന്ന പ്രതീക്ഷയാണ് കടം പെരുകിയിട്ടും ലോട്ടറി എടുക്കുന്നത് നിര്‍ത്താതെ തുടരാന്‍ കാരണമെന്ന് സന്തോഷത്തോടെ ശ്രീജിത്ത് പറഞ്ഞു. പതിവായി ലോട്ടറി എടുക്കുന്ന ഷൊര്‍ണൂര്‍ ബസ്റ്റാന്‍ഡിലെ ലോട്ടറി ഏജന്റായ ശെല്‍വന്റെ കയ്യില്‍ നിന്നാണ് സമ്മാനാര്‍ഹമായ PJ 401659 എന്ന നമ്പര്‍ ലോട്ടറി വാങ്ങിയത്. അഞ്ചെണ്ണമുള്ള സെറ്റ് ലോട്ടറിയാണ് എടുത്തത്. അതുകൊണ്ട് തന്നെ പ്രോത്സാഹന സമ്മാനവും ശ്രീജിത്തിന് തന്നെയാണ് കിട്ടിയത്.
ഭാര്യ സൗമ്യയും മക്കളായ അഭിഷേക്, അനുഗ്രഹ് എന്നിവരടങ്ങുന്ന കുടുംബം തറവാട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് നിര്‍മ്മിക്കണമെന്നാണ് ശ്രീജിത്തിന്റെ ആഗ്രഹം.