ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കള്‍ വരും ദിനങ്ങളില്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ക്രിസില്‍. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയവരായിരിക്കും നിരക്കുകളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തുക. വിപണിയിലെ തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നാണ് ടെലികോം ദാതാക്കളുടെ ശ്രമം. റിലയന്‍സ് ജിയോയുടെ കടന്നു വരവാണ് ഇവരെ പ്രതിരോധത്തിലാക്കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജിയോ വിപണിയിലുണ്ടാക്കിയ തരംഗവും അതുവഴി കമ്പനികള്‍ക്കുണ്ടായ നഷ്ടവും മറികടക്കാന്‍ അടുത്തിടെ ഐഡിയ വൊഡാഫോണുമായും ടെലിനോര്‍ ഏയര്‍ടെലുമായി ലയിച്ചിരുന്നു. രാജ്യത്ത് മൊെബെല്‍ ഡേറ്റ ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചുമടങ്ങു വര്‍ധിച്ചെന്ന് ക്രിസില്‍ വിലയിരുത്തി. ജിയോയുടെ വരവോടെ 4ജി സേവനങ്ങളും വര്‍ധിച്ചു. കൂടാതെ 4ജി ഡാറ്റായുടെ നിരക്കില്‍ 60 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ഇതുമൂലം ടെലികോം മേഖലയിലെ വരുമാനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജിയോ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. വിപണിയില്‍ ജിയോയോട് മത്സരിക്കുന്നതിനൊപ്പം തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ മറ്റു സേവന ദാതാക്കള്‍ നിരക്കുകള്‍ വെട്ടികുറയ്‌ക്കേണ്ടി വരുന്നതാണിതിന് കാരണം. ജിയോ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ക്കു സമാനമായ ഓഫറുകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കും നല്‍കാനാണു ദാതാക്കളിപ്പോള്‍ ശ്രമിക്കുന്നത്.
ജിയോ 303, 309 ഓഫറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ എയര്‍ടെല്‍ 345 ഉം ഐഡിയ 347 ഉം വൊഡാഫോണ്‍ 348 ഉം പ്രഖ്യാപിച്ചതു മേഖലയിലെ സമ്മര്‍ദം വ്യക്തമാക്കുന്നതാണ്. ബി.എസ്.എന്‍.എല്ലും കടുത്ത നിലപാടോടെ വിപണിയില്‍ തുടരുന്നതും മറ്റു സേവന ദാതാക്കളെ പ്രതിരോധത്തിലാക്കുന്നുണ്ട്. വിപണിയില്‍ സമ്മര്‍ദം വര്‍ധിക്കുമ്പോഴും പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ ബി.എസ്.എന്‍.എല്‍. 29 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് സ്വന്തമാക്കിയത്.