മയാമി: “വീട്ടില്‍ ഒരു കൃഷിത്തോട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് ഇടവകയില്‍ വിവിധ ഫലവൃക്ഷ തൈകളും, അടുക്കളതോട്ട ചെടികളും വിതരണം ചെയ്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ അടുക്കള തോട്ട കൃഷികള്‍ക്കായുള്ള പാവല്‍, പടവലം, പയര്‍, ചീര, വെണ്ട, മത്തന്‍, കുമ്പളം, ചീനി, കോവല്‍ തുടങ്ങി കുരുമുളക്, കറിവേപ്പ് വരെ ചട്ടികളില്‍ മുളപ്പിച്ചും, തെങ്ങ്, മാവ്, പ്ലാവ്, നെല്ലി, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷ തൈകളും വളര്‍ത്തി, ഒരുക്കി സൗജന്യമായി വിതരണം ചെയ്തു.
ഞായറാഴ്ച രാവിലെ 10 മണിക്ക് ഓവര്‍ ലേഡി ഓഫ് ഹെല്‍ത്ത് പള്ളിയങ്കണത്തില്‍ ഫൊറോനാ വികാരി ഫാ തോമസ് കടുകപ്പള്ളി തൈവിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എം.സി.സി പ്രസിഡന്റ് സാജു വടക്കേല്‍ സ്വാഗതം ആശംസിച്ചു.
മാത്യു പൂവന്‍, ജിജു ചാക്കോ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിതരണത്തിനായുള്ള തൈകള്‍ ഒരുക്കിയത്. റോബിന്‍ ആന്റണി, മനോജ് ഏബ്രഹാം, അനൂപ് പ്ലാത്തോട്ടം, ബാബു കല്ലിടുക്കില്‍, സാജു ജോസഫ്, ജോജി ജോണ്‍, വിജി മാത്യു, ജിമ്മി ജോസ്, ഷിബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.