പി.പി. ചെറിയാന്‍.
കാലിഫോര്‍ണിയ: സാന്‍ ബര്‍നാര്‍ഡിനൊ എലിമെന്ററി സ്കൂളില്‍ നടന്ന വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളുമായി പൊലീസ്. ഭാര്യ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതാണ് പ്രതിയെ പ്രകോപിതാനാക്കിയതെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം.
നാലുവര്‍ഷത്തെ ഒരുമിച്ചുള്ള താമസത്തിനുശേഷം ജനുവരിയിലാണ് 53 വയസുള്ള സെഡ്രിക് ആന്റേഴ്‌സനും നോര്‍ത്ത് പാക്ക് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ഇലയ്ന്‍ സ്മിത്തും വിവാഹിതരായത്. എന്നാല്‍ കുറച്ച് നാളായി ഇരുവരും വെവ്വേറെ താമസിക്കുവാനാരംഭിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആന്റേഴ്‌സനുമായി ജീവിക്കുവാന്‍ സാധ്യമല്ല എന്നതാണ് ഇലയ്‌നെ വിവാഹ മോചനത്തിനു പ്രേരിപ്പിച്ചതെന്ന് ഡാന്‍ ബര്‍നാര്‍ഡിനൊ പൊലീസ് ചീഫ് ജറോഡ് ബര്‍ഗന്‍ പറഞ്ഞു.
സംഭവ ദിവസം രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ എത്തിയ ആന്റേഴ്‌സണ്‍ ഭാര്യക്ക് എന്തോ പാക്കറ്റ് നല്‍കാനുണ്ടെന്നാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ക്ലാസ് റൂമിലെത്തിയ ഉടനെ ഭാര്യക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ക്ലാസെടുത്തു കൊണ്ടിരുന്ന അധ്യാപിക സംഭവ സ്ഥലത്തു തന്നെ മരിച്ചുവീണു. ഒന്ന് മുതല്‍ 4 വരെയുള്ള ക്ലാസില്‍ പതിനഞ്ചു കുട്ടികളാണുണ്ടായിരുന്നത്. വെടിവെപ്പില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റതില്‍ എട്ടു വയസുള്ള ജോനാഥന്‍ മാര്‍ട്ടിനസ് ആശുപത്രിയില്‍ എത്തി ഏതാനും മണിക്കൂറുകള്‍ക്കകം മരിച്ചു. ഒമ്പത് വയസുള്ള കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
വലിയ പ്രതീക്ഷകളോടെയാണ് മകള്‍ വിവാഹിതയായതെന്ന് മരിച്ച അധ്യാപികയുടെ മാതാവ് ഇര്‍മ പറഞ്ഞു. പ്രതീക്ഷകള്‍ അസ്ഥാനത്തായെന്ന തോന്നലാണ് വിവാഹമോചനം ആവശ്യപ്പെടുന്നതിന് കാരണമായതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.