Sunday, January 5, 2025
HomeSTORIESമസ്‌കറ്റിലെ രാത്രികൾ. (കഥ)

മസ്‌കറ്റിലെ രാത്രികൾ. (കഥ)

മസ്‌കറ്റിലെ രാത്രികൾ. (കഥ)

കെ.ആര്‍.രാജേഷ്‌. (Street Light fb group)
“ഗിരി നീ അവിടുന്ന് തിരിച്ചോ ? ഏത്രമണിയാകുമ്പോള്‍ റൂവിയില്‍ ഏത്തും ? “
,തലേ രാത്രിയില്‍ പതിവിലേറെ വൈകിയുറങ്ങിയതിന്‍റെ ക്ഷീണം ആവോളമുള്ളതിനാല്‍, ദുഖത്ത് നിന്ന് രാവിലെ ആറരമണിക്ക് മസ്കറ്റിലേക്ക് പുറപ്പെട്ട ഹാപ്പിലൈന്‍ ട്രാവല്‍സിന്‍റെ സൈഡ് സീറ്റില്‍ ഇരുന്നു,ഉറക്കത്തിന്‍റെ ലോകത്തിലേക്ക് കടക്കവേയാണ് ഗിരിഷിന്റെ ഫോണില്‍ അലീനയുടെ വാട്ട്സ്ആപ്പ് സന്ദേശം എത്തിയത്‌…………….
” ബസ്സിനാണ്‌ വരുന്നത് , ഏകദേശം ഉച്ചക്ക് ഒരുമണിയോടെ റുവിയില്‍ ഏത്തും “
മറുപടി സന്ദേശം അയച്ചശേഷം മുഖപുസ്തകത്തിലുടെ ഒന്ന് കണ്ണോടിക്കുമ്പോഴേക്കും അവളുടെ സന്ദേശം വീണ്ടും ഗിരീഷിനെ തേടിയെത്തി ……………..
” ഓക്കേ ഡാ ,നീ വരുമ്പോള്‍ വിളിക്ക്, ഞാന്‍ സ്റ്റാര്‍സിനിമാസിന്‍റെയോ,ഷെറട്ടന്‍ ഹോട്ടലിന്റെയോ പരിസരത്ത് കാണും “……………………….
സമയം ഏഴുമണിയാകുന്നതെയുള്ളൂ,ഇനിയും ആറുമണിക്കുറോളം വേണം മസ്കറ്റില്‍ ഏത്താന്‍,എങ്ങനേലും അങ്ങെത്തിയാല്‍ മതിയാരുന്നു എന്നതായിരുന്നു ഗിരിയുടെ ചിന്തകള്‍……………..
വര്‍ഷങ്ങള്‍ക്ക് ശേഷം അലീനയും-ഗിരിയും തമ്മില്‍ കണ്ടുമുട്ടാന്‍ പോകുകയാണ്,
അതിനാല്‍ തന്നെ ഒഫീഷ്യല്‍മീറ്റിംഗ് എന്ന് ഭാര്യ ഇന്ദുവിനോട് കള്ളംപറഞ്ഞാണ് ഗിരി മസ്കറ്റിലേക്ക് യാത്ര തിരിച്ചിരിക്കുന്നത് …………………….
ഹാപ്പിലൈന്‍ ട്രാവല്‍സ് മസ്കറ്റ് ലക്ഷ്യമാക്കി മുന്നോട്ട് കുതിക്കുമ്പോള്‍ ഗിരിയുടെ ഓര്‍മ്മകള്‍ പിന്നിലോട്ട് യാത്രചെയ്യുകയായിരുന്നു…………………………………….
മസ്കറ്റില്‍ ഒരു പ്രമുഖകമ്പനിയില്‍ അസിസ്റ്റന്റ്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ച പ്രവാസജീവിതത്തിന്‍റെ ആരംഭനാളുകള്‍ …………………………..
വാരാന്ത്യരാത്രികള്‍ കൂട്ടുകാര്‍ക്കൊപ്പം ബാറുകളിലോ,ഫ്ലാറ്റുകളിലോ ആഘോഷമാക്കി മാറ്റുന്ന കാലം …………………….
ഒരുവ്യഴാഴ്ച്ച രാത്രി സുഹൃത്തായ ദിനേശിന്‍റെ അസ്സെയിബയിലുള്ള ഫ്ലാറ്റില്‍നിന്നും ആഘോഷങ്ങള്‍ കഴിഞ്ഞ് ഏറെ വൈകി തിരികെ റുവിയിലുള്ള തന്‍റെ ഫ്ലാറ്റിലേക്ക് മടങ്ങവേ , ഗോബ്ര ലുലുമാളിന് സമീപത്ത് വെച്ച് തന്‍റെ കാറിനുകൈകാണിക്കുന്ന ഒരു സ്ത്രീ…..
” രാത്രി ഏറെ വൈകി ഇനി ടാക്സി കിട്ടാന്‍പാടാണ്,റൂവിവരെ എനിക്ക്കൂടി ലിഫ്റ്റ് തരുമോ”
മറുത്തൊന്നും പറയാതെ തുടര്‍ന്നുള്ള യാത്രയില്‍ അവരെയും കൂടെകൂട്ടി……………………….
പേര് അലീന, ഇടുക്കിജില്ലയിലെ പീരുമേട്ടിലാണ് വീടെന്നും, റൂവിയിലാണ് താമസമെന്നും , ഒരു സൊകാര്യകമ്പനിയിലാണ് ജോലിയെന്നും കാറില്‍വെച്ച് പരിചയപ്പെടുത്തിയെങ്ക്കിലും,ഇത്രയും വൈകി ഏവിടുന്നു വരുന്നു എന്ന ചോദ്യത്തിന് മാത്രം അവള്‍മറുപടി ഉണ്ടായിരുന്നില്ല………………………………
” ദാ അടുത്ത സിഗ്നലില്‍ നിര്‍ത്തണെ,അവിടെയാണ് അതിനടുത്താണ് എന്‍റെ ഫ്ലാറ്റ് ” വണ്ടി ഷെറാട്ടന്‍ ഹോട്ടലിനടുത്ത്‌ ഏത്തിയപ്പോള്‍ അവള്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു……………………………..
” റൂമില്‍ ഞാന്‍ ഒറ്റക്കാണ് ,പോരുന്നോ എന്‍റെ കൂടെ ” വണ്ടിയില്‍ നിന്നിറങ്ങുന്ന അലീനയുടെ ചോദ്യം കേട്ടതോടെ ആദ്യമൊന്ന് പകച്ചു എന്നാലും , “നോ” എന്ന്‍ പറയാതെ അവള്‍ക്കൊപ്പം ഫ്ലാറ്റിലേക്ക്………………………
“ആ പറയു പോന്നുചാമ്മി ഞാന്‍ ബസ്സിലാ, മസ്കറ്റിനു പോകുവാ ,
ഉങ്ങള്‍ക്ക് സൌഖ്യമാ …………………………………… “
തൊട്ടടുത്തിരുന്ന ഏതോ തമിഴുനാട്ടുകാരന്‍ അണ്ണന്‍റെ ഉച്ചത്തിലുള്ള ഫോണ്‍സംസാരമാണ് ഗിരിയെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്…………………………….
” എന്നതാ അണ്ണാ ഇത് ,ഇത്തിരി പതുക്കെ സംസാരിക്ക് ” ദയനിയമായ നോട്ടത്തോടെ അടുത്തിരുന്ന അണ്ണനോട് അപേക്ഷിച്ചിട്ട്‌ പുറംകാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ ഗിരിയുടെ ഓര്‍മ്മകള്‍ വീണ്ടും അലീനയിലെക്ക് ചെന്നെത്തി ……………………………
ഒരു പെണ്ണിന്‍റെ ചൂടും,ചൂരും ആദ്യമായി ആസ്വദിച്ച ആ രാത്രിയുടെ അവസാനത്തില്‍,പോക്കറ്റില്‍ നിന്നും ഏതാനും നോടുകളെടുത്ത് അവള്‍ക്ക് നല്‍കി മടങ്ങുമ്പോള്‍,പുതിയൊരു ബന്ധത്തിന് തുടക്കംകുറിക്കുകയായിരുന്നു അവിടെ……………………
പിന്നീടുള്ള വാരാന്ത്യങ്ങള്‍ അലീന തനിക്കായി മാത്രം നീക്കിവെച്ചപ്പോള്‍ , കിടക്കയില്‍ മാത്രമായി ഒതുങ്ങാതെ തങ്ങള്‍തമ്മിലുള്ള ബന്ധം അതിനുമപ്പുറത്തേക്ക് വളര്‍ന്നിരുന്നു……….
” ഗിരിക്ക് ഒരു പെണ്ണുണ്ടേല്‍ അത് അലീന മാത്രം ” മദ്യം മത്തുപിടിപ്പിക്കുന്ന, അലീനയുടെ ശരീരത്തിന്‍റെ വശ്യതയില്‍ എല്ലാം മറക്കുന്ന രാത്രികളില്‍ തന്നില്‍ നിന്നുയരുന്ന വാക്കുകളെ അലീന വിലക്കുമയിരുന്നു……………………………..
” പണത്തിനായി ശരീരം വില്‍ക്കുന്ന ഏത് പെണ്ണിനും എന്നത്പോലെ എനിക്കും പറയാനുണ്ട് ഒരുപാട് ന്യയികരണങ്ങള്‍, അച്ഛന്‍ ഉണ്ടാക്കിവെച്ച കടബാദ്ധ്യതയുടെ ,അനുജത്തിമാരുടെ പഠിപ്പിന്റെ അങ്ങനെ പലതും , പക്ഷെ രാത്രിയുടെ സുഖം തേടിയെത്തിയ ഗിരി അത് ആസ്വദിച്ചു മടങ്ങുക ,അരുതാത്ത ചിന്തകള്‍ വേണ്ട ,നിന്നെ തേടി നല്ലൊരു ജീവിതം കാത്തിരിപ്പുണ്ട്‌ ” ………………………..
ഒരു വാര്‍ഷികാവധിക്ക് നാട്ടില്‍പോയ താന്‍ വിവാഹശേഷം ഇന്ദുവുമായാണ് മസ്കറ്റിലേക്ക് മടങ്ങിയെത്തിയത്, അലീനയെ മറന്ന് ഇന്ദുവില്‍ മാത്രം ശ്രദ്ധിച്ച നാളുകള്‍ ,അതിനിടയില്‍ ഒരു ഫോണ്‍കാളിന്‍റെ രൂപത്തില്‍ പോലും അലീന ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്നിരുന്നില്ല……………………………..
മാസമുറയുടെ ആലസ്യത്താൽ ഇന്ദു കിടപ്പറയിൽ തനിക്ക് വിലക്കേർപ്പെടുത്തിയ ദിവസങ്ങളിലൊന്നിൽ ,അകത്താക്കിയ സ്കോച്ചു് വിസ്‌ക്കിയുടെ ലഹരിയിൽ വീണ്ടും അലീനയെ തേടിപ്പോയ രാത്രി…
“നിന്നെ മാത്രം വിശ്വസിക്കുന്ന ഒരു പെണ്ണുണ്ട് ഗിരി നിനക്കിപ്പോൾ,ഇനി മേലിൽ നീ എന്നെ തേടിവന്നുപോകരുത് “
മുഖത്ത് നോക്കി ശാസിച്ചു അലീന തന്നെ മടക്കിഅയക്കുമ്പോൾ ,കുറ്റബോധത്താൽ തന്റെ ശിരസ്സ് ഭൂമിയോളം താണിരുന്നു……..
പിന്നീട് സ്‌പെഷ്യൽ ഇക്കണോമിക്ക് സോണിൽ സ്വന്തമായി തുടങ്ങിയ ബിസ്സിനസ്സുമായി മസ്കറ്റിൽ നിന്നും ദുഖത്തേക്ക് തന്റെയും ഇന്ദുവിന്റേയും ജീവിതം പറിച്ചുനടപ്പെട്ടതോടെ അലീന തന്റെ മനസ്സിൽനിന്നും മാഞ്ഞുപോയിരുന്നു…
വർഷങ്ങൾക്ക് ശേഷം തന്നെ അത്യാവശ്യമായി കാണണം എന്നും പറഞ്ഞു അലീനയുടെ സന്ദേശം തന്നെതേടിയെത്തിയത് ,എന്തിനാവും തന്നെ അലീന കാണണമെന്ന് പറയുന്നത് ? ഇനിയും പഴയ ബന്ധങ്ങൾ പുതുക്കുവാനാണോ ? ………
ഗിരിയുടെ ചിന്തകൾ കാടുകയറുമ്പോൾ ഹാപ്പി ലൈൻ ബസ്സ് റുസൈലും പിന്നിട്ട് മസ്കറ്റിനോട് അടുക്കുകയായിരുന്നു………….
ഒന്ന് മയങ്ങി വന്നപ്പോഴേക്കും ബസ്സ് മസ്കറ്റിൽ എത്തിയിരുന്നു…
ബാഗും തോളിലിട്ട് പുറത്തേക്കിറങ്ങി കോഫീഷോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ്
പുറകിൽ നിന്നുള്ള വിളി ഗിരി ശ്രദ്ധിക്കുന്നത്…
തൊട്ടടുത്ത് പാർക്ക് ചെയ്തിരിക്കുന്ന വെളുത്തപ്രാഡോയിലെ മുഖം ഒറ്റനോട്ടത്തിൽ തന്നെ ഗിരിക്ക് മനസ്സിലായി
അലീന………
” ഗിരി ഇത് എന്റെ ഹസ്സ് മനോജ് “
കാറിന്റെ പുറകിലത്തെ സീറ്റിലേക്ക് കയറി ഇരിക്കുമ്പോഴേക്കും,ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഏകദേശം മുപ്പത്തിഅഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവിനെ തനിക്ക് പരിചയപ്പെടുത്തുകയായിരുന്നു അലീന…….
കൂടുതൽ ഒന്നും സംസാരിക്കാതെ അവരുടെ
വാഹനം മുന്നോട്ട് നീങ്ങി തുടങ്ങി
” എന്താണ് അലീന എന്നെ കാണണമെന്ന് പറഞ്ഞത് “
അൽപ്പനേരത്തെ മൗനം ഭേദിച്ച്കൊണ്ട് ഗിരി ചോദിച്ചു……….
” ഒന്നടങ്ങു എന്റെ ഗിരി ,നിന്നെ കൊല്ലാൻ ഒന്നുമല്ല ഞങ്ങൾ കൊണ്ട്പോകുന്നത് .. “
ചിരിയുടെ അകമ്പടിയോടെ അലീന പറഞ്ഞു നിർത്തുമ്പോൾ ഗിരിയുടെ മുഖത്ത് പതിവിലേറെ ഭയം നിഴലിച്ചിരുന്നു…….
പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഇന്ദുവിന്റെ നമ്പർ ഡയൽ ചെയ്തു….
“ഇന്ദു ഞാൻ മസ്കറ്റിൽ എത്തി,ഹോട്ടൽ മുറിയിലോട്ട് പോകുവാണ് ,മീറ്റിങ്ങ് നേരുത്തെ തീർന്നാൽ നാളെത്തന്നെ ഞാൻ മടങ്ങിയെത്തും ”
ഗിരി പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും, ഇന്ദുവിന്റെ ചോദ്യമുയർന്നു…
“അലിന പിക്ക്ചെയ്യാൻ വന്നോ “
“അലീനയോ ഏത് അലീന” ഗിരിയുടെ ശബ്ദത്തിൽ വിറയൽബാധിച്ചിരുന്നു,
“എന്റെ ഗിരി അവളോട് പറ ഞാനുണ്ട് കൂടെയെന്ന് ” മുൻ സീറ്റിലിരുന്ന അലീനയുടെ വാക്കുകൾ കേട്ടതോടെ ഗിരിക്ക് ശരീരമാസകലം മരവിപ്പ് അനുഭവപ്പെടുന്നത് പോലെ തോന്നി……………
” ഗിരി നീ ടെന്‍ഷന്‍ അടിക്കണ്ട, ഇന്ദുവിന്‍റെ അനുവാദത്തോടെ തന്നെയാണ്,നിന്നെ ഞാന്‍ ഇങ്ങോട്ട് വിളിച്ചത് ,അതൊക്കെ ഞാന്‍ ഫ്ലാറ്റില്‍ ഏത്തിയിട്ട് പറയാം ” ………………..
സ്റ്റാര്‍സിനിമാസിന് സമീപമുള്ള അതെ പഴയഫ്ലാറ്റ് , അലീനയുമൊത്ത് ഒരുപാട് രാത്രികള്‍ പങ്ക്കിട്ട ഫ്ലാറ്റ്……………….
അലീനയുടെ സ്വീകരണമുറിയിലിരിക്കുമ്പോള്‍ എസിയുടെ തണുപ്പിലും ഗിരി വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു………….
” കൂള്‍ ഡൌന്‍ ഗിരി , എന്നിട്ട് ഈ ജ്യുസ് കുടിക്ക് ,ഞാന്‍ പറയാം കാര്യങ്ങള്‍ ” അലീന ഗിരിക്കൊപ്പം അടുത്ത കസേരയില്‍ വന്നിരുന്നു..
“വിവാഹം കഴിഞ്ഞു നീ ഇന്ദുവുമായി മസ്കറ്റില്‍ ഏത്തിയ രണ്ടാമത്തെ ദിവസ്സം തന്നെ നിന്റെ കൂട്ടുകാരില്‍ നിന്നുംമറ്റുമൊക്കെ നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്ദു അറിഞ്ഞിരുന്നു, നീ ഡ്യുട്ടിക്ക് പോയ നേരം നോക്കി ഒരു ദിവസം ഇന്ദു എന്നെ കാണാന്‍ ഇവിടെയെത്തി ,
നിന്നെ അവള്‍ക്കായി മാത്രം വിട്ടുകൊടുക്കണമെന്ന് എന്‍റെ കാലുപിടിച്ചപേക്ഷിക്കാന്‍, അന്ന് ഈ ഫ്ലാറ്റില്‍ എന്‍റെ മുന്നില്‍ വീണ ഇന്ദുവിന്‍റെ കണ്ണീരിനു എന്‍റെ കണ്മുന്നില്‍ ചോരയുടെ നിറമായിരുന്നു ,കഴുത്തില്‍ താലികെട്ടിയവനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരുവളുടെ മനസ്സ് മുറിഞ്ഞ ചോരയുടെ നിറം……….
അന്ന് ഇന്ദുവിനെ ആശ്വസിപ്പിച്ചു തിരികെഅയക്കുമ്പോള്‍,നീയുമായുള്ള ബന്ധം മാത്രമായിരുന്നില്ല ഉപേക്ഷിച്ചത്, പഴയ തൊഴില്‍കൂടി ആ നിമിഷം ഞാന്‍ അവസാനിപ്പിച്ചു …………
മറ്റൊരു രാത്രിയില്‍ കുടിച്ചകള്ളിന്‍റെ പെരുപ്പില്‍ വീണ്ടും നീ എന്റെ കിടപ്പറ തേടിയെത്തിയതും,നിന്നെ ഞാന്‍ ആട്ടിയോടിച്ചതുമൊക്കെ ആ സംഭവത്തിനു ശേഷമായിരുന്നു………………
ഇതിനിടയില്‍ ഞാനും ഇന്ദുവും തമ്മില്‍ നല്ലൊരു സൗഹൃദം വളര്‍ന്നിരുന്നു, ഇന്ദുതന്നെയാണ് അവരുടെ കസ്സിന്‍റെ ബന്ധത്തില്‍ മറ്റൊരു നല്ല ജോലി എനിക്ക് ശരിയാക്കി തന്നത് , ഇതിനിടയില്‍ എന്നെ കുറിച്ച് എല്ലാമറിഞ്ഞുകൊണ്ട് എന്നെ സ്വീകരിക്കാന്‍ മനോജും തയ്യാറായി………………….
ഈ വര്‍ഷങ്ങളിലോക്കെ തന്നെ ഞാനും ഇന്ദുവും തമ്മില്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു ,ഇതൊന്നും അവള്‍ നിന്നെ അറിയിച്ചില്ല എന്ന് മാത്രം………………………
അടുത്തആഴ്ച്ച ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച്‌ ഞങ്ങള്‍നാട്ടിലേക്ക് മടങ്ങുകയാണ് എന്നറിഞ്ഞപ്പോള്‍
,ഇനിയൊന്നും ഗിരിയോട് മറച്ചുവെക്കേണ്ട , എല്ലാം ഞാന്‍ തന്നെ നിന്നോട്പറയണമെന്ന് ആവശ്യപ്പെട്ട് എന്നെ കൊണ്ട് നിന്നെ വിളിപ്പിച്ചതുമെല്ലാം ഇന്ദു തന്നെയാണ് “
എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിര്‍വികാരതയോടെ ഇരുന്ന ഗിരിയുടെ തോളില്‍ തട്ടി അലീന തുടര്‍ന്നു
” എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു പാവം പെണ്ണാണ്‌ ഇന്ദു , നിന്റെ എല്ലാ തെറ്റുകളുമറിഞ്ഞിട്ടും ഒരു അക്ഷരം നിന്നോട് ചോദിക്കാതെ നിന്നെ സ്നേഹിച്ച പെണ്ണ് , എന്നെ പോലുള്ള ഒരുവളുടെ ജീവിതം ഈ രീതിയില്‍ കരക്കടുപ്പിക്കാനും സഹായകമായത്അവളുടെ നല്ല മനസ്സ് തന്നെ ,അങ്ങനെ ഒരു പെണ്ണിനെ ജീവിതത്തില്‍ കൂട്ടായികിട്ടിയ നീ ഭാഗ്യവാനാണ് “
അലീന പറഞ്ഞവസനിപ്പിക്കുമ്പോഴേക്കും എല്ലാം കേട്ടിരുന്ന ഗിരിയുടെ കണ്ണുകളില്‍ ഒരു നനവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു….
” മീറ്റിംഗ് കഴിഞ്ഞാല്‍ ചേട്ടായി പെട്ടന്ന് തന്നെ വരണേ “
ഇന്ദുവിന്റെ വാട്ട്സ്ആപ്പ് സന്ദേശം അപ്പോഴേക്കും ഗിരിയെ തേടിയെത്തിയിരുന്നു………………………………………

 

RELATED ARTICLES

Most Popular

Recent Comments