സുധീമുട്ടം. (Street Light fb group)
“പ്രണയവും വിരഹവും ഇടകലർന്ന മനസ്സിന്റെ വേപുഥയോടെ ആർത്തിരമ്പി പെയ്യുന്ന മഴയെ അവളൊന്നു നോക്കി
ഈശ്വരാ എന്തൊരു മഴയാ.
എന്ത് രസമാ ഈ മഴ
ഈ മഴയിൽ നനഞ്ഞിറങ്ങി ഒന്നാസ്വദിച്ചാലോ
അല്ലെങ്കിൽ വേണ്ട ചിലപ്പോൾ പനി പിടിച്ചാലോ
മഴയെന്നും എനിക്ക് ഒരു ഹരമായിരുന്നു
ആർത്തിരമ്പി വന്യമായി പെയ്യുന്ന മഴ
തുളളികളായി ഇറ്റിറ്റ് വീഴുന്ന ചാറ്റൽ മഴ
ഇടവേളകളില്ലാതെ നിർത്താതെ പെയ്യുന്ന ഇടവപ്പാതി
ആകാശങ്ങളിൽ മിന്നൽ പിണർ സൃഷ്ടിച്ച് മേഘ ഗർജ്ജനങ്ങളോടെ ഇടവിട്ട് ശാന്തമായും പേമാരിയായും പെയ്യുന്ന തുലാമഴ
കൊടും ചൂടിനെ തണിപ്പിച്ച് ഭൂമിക്കും ജീവജാലങ്ങൾക്കും ആശ്വാസമാകുന്ന വേനൽ മഴ
മഴക്ക് പല ഭാവങ്ങളും രൂപങ്ങളുമാണ്
പല സമയങ്ങളിൽ പല ഘട്ടങ്ങളായി
ചില സമയങ്ങളിൽ മഴക്ക് പ്രണയ ഭാവമാണ് രാത്രിമഴ പോലെ
ചില സമയങ്ങളിൽ സംഹാര താണ്ഡവമാടി ആർത്തിരമ്പി പെയ്യുന്ന പേമാരിയായി വന്യഭാവം പുലർത്തുന്നു
അന്നൊരു തുലാമാസ മഴ നനഞ്ഞ് വരുമ്പോഴാണ് ഉണ്ണിയേട്ടൻ ആദ്യമായി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്
അത് പറഞ്ഞു കേട്ടപ്പോൾ ആദ്യമായി തെല്ലൊന്ന് അമ്പരന്നു
പിന്നെ തെല്ലൊരു നാണത്താൽ തലയൊന്നു കുലുക്കി മഴയത്ത് ഒരൊറ്റ ഓട്ടമായിരുന്നു
വീട്ടിൽ വന്ന് കയറിയത് അപ്പൂപ്പൻ താടി പോലെ ഭാരമില്ലാത്ത അവസ്ഥയിലാണ്
മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാൽ നിറയുകയായിരുന്നു
ഉണ്ണിയേട്ടനോടൊപ്പം അന്നു മുതൽ താൻ മഴയേയും പ്രണയിച്ചു തുടങ്ങി
എന്തോ വല്ലാത്തൊരു ഇഷ്ടം ആയിരുന്നു മഴയേ
പ്രണയം വളർന്നു വിവാഹത്തിൽ എത്തിയപ്പോഴും താലി കെട്ടിന്റെ അന്നും മഴ അകമ്പടി സേവിച്ചിരുന്നു
വികാരങ്ങൾക്ക് തീ പിടിച്ച ആദ്യരാത്രിയിലും മഴയുടെ സംഗീതം കൂട്ടിനുണ്ടായിരുന്നു
പേറ്റുനോവിന്റെ നാളിൽ മഴയത്ത് വണ്ടിയൊന്നും കിട്ടാതെ ഉണ്ണിയേട്ടൻ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിക്കുമ്പോഴും മഴ കൂട്ടായി ഉണ്ടായിരുന്നു
വർഷങ്ങൾക്ക് ഇപ്പുറം സംഹാര താണ്ഡവമാടി പെയ്യുന്ന മഴയെ ആദ്യമായി ശപിച്ചു
രാത്രിയേറെ വൈകിയട്ടും എത്താതിരുന്ന ഉണ്ണിയേട്ടനെ ഓർത്ത് മിഴികൾ ഈറനണിഞ്ഞ് തുടങ്ങി
മഴ നനഞ്ഞ് ഓടിയെത്തിയ അച്ഛന്റെ മിഴികളും പെയ്ത് തുടങ്ങിയിരുന്നു
വിറയാർന്ന ശബ്ദത്തിൽ ചിലമ്പിച്ച വാക്കുകളായി അച്ഛൻ പിറു പിറുത്തു
ന്റെ മോൾ ഇത് കേട്ട് തകരരുത്
നമ്മുടെ ഉണ്ണി നമ്മളെയെല്ലാം വിട്ട് പോയി
കനത്ത മഴയിൽ ബൈക്ക് ടിപ്പറുമായി കൂട്ടി മുട്ടി
ഉണ്ണിയുടെ ശരീരത്തിൽ കൂടി വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങി
സംഭവ സ്ഥലത്ത് വെച്ച് തന്നെ അവൻ മരിച്ചു
അച്ഛൻ പറഞ്ഞു മുഴുവുപ്പിക്കുന്നതിനു മുൻപെ താൻ ബോധം കെട്ട് വീണു
അന്നാദ്യമായി മഴയെ വെറുത്തു..ശപിച്ചു
ഇന്നുമൊരു കണ്ണീർ മഴയായി പെയ്ത് തോരാതെ ഇരുണ്ട മുറിയിൽ ഞാനിന്നും കാത്തിരിക്കുന്നു
ഇനിയൊരിക്കലും തിരിച്ച് എന്റെ ഉണ്ണിയേട്ടൻ വരില്ലെന്ന് അറിയാമെങ്കിലും കൊതിയോടെ ഇന്നും എന്റെ ഉണ്ണിയേട്ടന്റെ സ്വപ്നങ്ങളെ താലോലിച്ച് കൊണ്ട്…
വെറുതെയെങ്കിലും….”