പി.പി. ചെറിയാന്‍.
ഫ്‌ളോറിഡ : സഹോദരിയുടെ അശ്രദ്ധ മൂലം അഞ്ചു മണിക്കൂര്‍ കാറിനുള്ളില്‍ കഴിയേണ്ടി വന്ന രണ്ടു വയസ്സുകാരന്‍ ജേക്കബ് ചൂടേറ്റു മരിച്ചു. ഫെബ്രുവരി 28 ചൊവ്വാഴ്ച ഫ്‌ലോറിഡയിലാണ് സംഭവം.ഹിന്‍സ്ബറോ കൗണ്ടിയിലെ ബ്രണ്ടന്‍ ഷോപ്പിങ് പ്ലാസയിലെ പാര്‍ക്കിങ് ലോട്ടില്‍ കാറിനകത്തു കഴിഞ്ഞിരുന്ന കുട്ടിയെ അബോധാവസ്ഥയില്‍ ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
ചൈല്‍ഡ് കെയറിലെ ജീവനക്കാരിയും സഹോദരിയുമായ സില്‍വ ടെല്ലൊയുടെ കാറിലാണ് ജേക്കബ് എത്തിയത്. അശ്രദ്ധ മൂലം കുട്ടിയെ കാറിനുള്ളില്‍ നിന്നും ഇറക്കാതെ സില്‍വ ജോലിസ്ഥലത്തേക്കു പോയി. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് കുട്ടി കാറിനുള്ളില്‍ കഴിഞ്ഞത്. ജോലിസ്ഥലത്തു നിന്നും കാറിനടുത്തെത്തിയപ്പോഴാണ് ജേക്കബ് കാറില്‍ അബോധാവസ്ഥയില്‍ കഴിയുന്നതായി സഹോദരി കണ്ടത്. ഉടനെ അടുത്തുള്ള ഡയാലിസിസ് സെന്ററിലേക്ക് കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ആശുപത്രിയില്‍ എത്തിച്ചു.
സഹോദരിയുടെ പേരില്‍ കേസെടുത്തിട്ടില്ല എന്ന് ഹില്‍സ്ബറി കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ച ഇതേ സ്ഥലത്തു 90 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. പ്രിയപ്പെട്ടവരുടെ അശ്രദ്ധ മൂലം ചൂടേറ്റു മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.