Saturday, July 5, 2025
HomeNewsഗീതാമണ്ഡലം ശിവരാത്രി ആഘോഷിച്ചു.

ഗീതാമണ്ഡലം ശിവരാത്രി ആഘോഷിച്ചു.

ഗീതാമണ്ഡലം ശിവരാത്രി ആഘോഷിച്ചു.

ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: ശിവമന്ത്രത്താല്‍ മുരഖരിതമായ അന്തരീക്ഷത്തില്‍ ഗീതാമണ്ഡലം ശിവഭക്തിയുടെ നെയ്ദീപങ്ങളില്‍ പ്രതകാശപൂരിതമായി. ശിവസ്തുതികളും വ്രതവുംചേര്‍ന്ന ഭക്തിയുടെ നിറവിലാണ് ഗീതാമണ്ഡലം ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം ആഘോഷിച്ചത്. ശിവപ്രീതിക്കായി ഓം നമശിവായ മന്ത്രങ്ങളുമായി ഭക്തര്‍ വ്രതാനുഷ്ഠാനത്തിന്റെ പരമകോടിയില്‍ എത്തി . ശിവപഞ്ചാക്ഷരി മന്ത്രംജപിച്ച് വ്രതംനോറ്റാല്‍ സകല പാപങ്ങളും ഇല്ലാതാകുമെന്നതാണ് ശിവരാത്രിയുടെ പ്രത്യേകത. ഈ ദിവസം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ശിവാര്‍ച്ചനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഫലമേറെയെന്നതാണ് ശിവരാത്രിയുടെ പുണ്യം. ഇതിനായി ഗീതാമണ്ഡലമൊരുക്കിയ ശിവരാത്രി മഹോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഭക്തര്‍ക്ക് സമ്മാനിച്ചത് ശിവ ഭക്തിയുടെ മറ്റൊരു പരമാനന്ദമായ തലമാണ്.
ദേവാധിദേവനും മഹേശ്വരനും വിശ്വനാഥനും പാപനാശകനും മഹാകാലനുമായ ശിവനെ ഭജിക്കാന്‍ ഉത്തമമായ ദിനമാണ് ശിവരാത്രി ദിനം. ശിവനും രാത്രിയും ചേര്‍ന്നതാണ് ശിവരാത്രി. ശിവനെന്നാല്‍ നിരാകാരനായ ഈശ്വരനെന്നാണ് അര്‍ത്ഥം .
ശിവന്‍ എന്നാല്‍ നാശമില്ലാത്തവനെന്നും സര്‍വ്വമംഗളകാരിയെന്നും അര്‍ത്ഥഭേദങ്ങളുണ്ട്. രാത്രിയെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യമനസ്സിലെ അജ്ഞാനാന്ധകാരത്തെയാണ്. ശിവരാത്രി വ്രതത്തിലൂടെയും ജപത്തിലൂടെയും ഈ അന്ധകാരം നീങ്ങി മനസ്സില്‍ ഈശ്വരജ്ഞാനമുണ്ടാകുന്നു. കാമ,ക്രോധ,ലോഭ,മോഹാദികള്‍ അകലുന്നു എന്നതാണ് വിശ്വാസം.
ചിരാതുകളില്‍ നെയ്ദീപങ്ങള്‍ തെളിഞ്ഞ രാത്രിയില്‍ ഉറങ്ങാതെ ശിവസ്തുതികളും പഞ്ചാക്ഷരീ മന്ത്രങ്ങളും ഓം നമ:ശ്ശിവായ മാത്രവും ജപിച്ച് ഭക്തര്‍ നിദ്രയെ ജയിച്ചപ്പോള്‍ ഭക്തര്‍ക്ക് ലഭിച്ചത് നവ്യാനുഭൂതിയായിരുന്നു.
ആത്മീയ കാര്യവാഹകന്‍ ആനന്ത് പ്രഭാകറിന്റെയും ബിജു കൃഷ്ണന്റെയും നേതൃത്തത്തില്‍, ഗണപതിപൂജക്ക് പുറമേ ഗണേശ അഷ്ടോത്തരി, ഗണേശ അഥര്‍വോപനിഷത് തുടങ്ങിയ മന്ത്രളാല്‍ വിനായക പ്രീതി വരുത്തിയതിനു ശേഷമായിരുന്നു ഈ വര്‍ഷത്തെ ശിവരാത്രി പൂജകള്‍ ആരംഭിച്ചത്.
ശിവരാത്രിയില്‍ മംഗള സ്വരൂപിയായ മഹാദേവനായി ശിവ പഞ്ചാക്ഷരി, ജലധാര, ഫലാഭിഷേകം, അലങ്കാരം എന്നിവക്കുപുറമേ 1008 പഞ്ചാക്ഷരി മന്ത്രാര്‍പ്പണവും ആചാരപൂര്‍വം സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ പൂജകളിലെ ഏറ്റവും വലിയ പ്രത്യേകത ശൈവ വൈഷ്ണവ ദേവി ദേവന്മാര്‍ക്ക് തുല്ല്യ പരിഗണന സമുന്വയിപ്പിച്ച പൂജാ വിധികളായിരുന്നു അനുവര്‍ത്തിച്ചത്. ലളിത സഹസ്രനാമത്തിന്റെ മന്ത്രധ്വനിയാല്‍ മുരഖരിതമായ അന്തരീക്ഷത്തില്‍ ഭഗവന്റെമ തൃപ്പാദങ്ങളില്‍ മന്ത്രപുഷ്പങ്ങളര്‍പ്പിച്ചു.
കൃഷ്ണാഷ്ടോത്തരിയുടെ അക്ഷരപ്രഭയില്‍ ഭഗവാന്‍ കൃഷ്ണന് പാല്‍പ്പായസവും ശ്രീ ധര്‍മ്മശാസ്താവിനു നൈവെദ്യവും സമര്‍പ്പിച്ചു. തുടര്‍ന്നു ഗീതാമണ്ഡലത്തിലെ കലാകാരന്മാരുടെ ഗാനാര്‍പ്പണവും ശിവ മന്ത്രാഭിക്ഷേകവും ശിവ അഷ്ടോത്തര അര്‍ച്ചനയും നടത്തി. നന്ദികേശന് അഷ്ടോത്തരാര്‍ച്ചനയും നൈവേദ്യവും അര്‍പ്പിച്ചു ദീപാരാധനയും മന്ത്ര പുഷ്പാഭിക്ഷേകവും നടത്തി 2017 ലെ ശിവരാത്രി ഭക്തിസാന്ദ്രമായി സമാപനംകുറിച്ചു. ബിജു കൃഷ്ണന്റെ പൂജാ ക്രമങ്ങള്‍ എടുത്തു പറയേണ്ട ഒന്നായിരുന്നു.
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. ലക്ഷ്മി നായരുടെ നേതൃത്തത്തില്‍ ശിവപുരാണങ്ങളെക്കുറിച്ചും ശിവമഹാത്മ്യത്തെക്കുറിച്ചും നടന്ന സത്‌സംഗം അത്യന്തം അനന്തകരവും വിജ്ഞാനപ്രദവും ആയിരുന്നു, തദവസരത്തില്‍ അനാന്ത് പ്രഭാകര്‍ ദക്ഷയാഗ കഥയും ദക്ഷപുരാണവും ഭക്തര്‍ക്ക് വിസ്തരിച്ചു കേള്‍പ്പിക്കുകയുണ്ടായി.
മുന്‍കാലങ്ങളെ അപേക്ഷിച്ചു ഉട്ടനവധി യുവതി യുവാക്കള്‍ ഇക്കുറി ശിവരാത്രി ആഘോഷത്തിനെത്തിച്ചേര്‍ന്നത് ചെറുപ്പക്കാരുടെ ഇടയില്‍ നമ്മുടെ പൈതൃകത്തോടും ഭക്തിയോടുമുള്ള താത്പര്യം കൂടുന്നതായി പ്രസിഡന്റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഗീതാമണ്ഡലത്തിന്റെ ഈ വര്‍ഷത്തെ മറ്റു പ്രോഗ്രാമുകളെക്കുറിച്ച് ട്രഷറര്‍ ശേഖരന്‍ അപ്പുക്കുട്ടന്‍, സെക്രട്ടറി ബൈജു എസ്. മേനോന്‍ എന്നിവര്‍ വിശദികരിച്ചു. തുടര്ന്ന് ശിവരാത്രി പൂജക്ക് നേതൃത്വം നല്കിയ കമ്മറ്റി അംഗങ്ങള്‍ക്കും ശിവരാത്രി മഹോത്സവം സ്‌പോണ്‍സര്‍ ചെയ്ത രശ്മി ബൈജുവിനും , ബൈജു മേനോനും പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസിഡന്റ് ജയ് ചന്ദ്രന്നോന്ദി പറഞ്ഞു. രാത്രി രണ്ടു മണിയോടെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി ആയി. ബിജു കൃഷ്ണന്‍ അറിയിച്ചതാണിത്.9
RELATED ARTICLES

Most Popular

Recent Comments