ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം.
അഞ്ഞൂറും ആയിരവും നോട്ടുകൾ നിരോധിക്കപ്പെട്ടപ്പോൾ ഓരോ ഇന്ത്യക്കാരനും നേരിട്ട പരിഭ്രമം അതേ അളവിലും തൂക്കത്തിലും തന്നെ ഓരോ പ്രവാസിയും അനുഭവിച്ചിരുന്നു .
ഹൃസ്വമായ അവധിക്കാലം കഴിഞ്ഞു മടങ്ങുന്ന ഓരോ പ്രവാസിയും അടുത്ത ഒരവധിക്കാലത്തെ വിദൂരമായി സ്വപ്നം കാണും . ടാക്സിക്കാരനോട് യാത്ര പറയുവാനും അടുത്ത വരവിൽ അത്യാവശ്യ ചെലവിനുമായി അല്പം പണം പാസ് പോർട്ടി നോടോപ്പം തൻറെ പേഴ്സിൽ കരുതി വെച്ചായിരിക്കും കണ്ണുകൾ നനഞ്ഞുള്ള മടക്കയാത്ര .പേഴ്‌സ് നു “കനം” പരമാവധി കുറയ്ക്കുവാൻ “കനമുള്ള” നോട്ടുകൾ തന്നെ കരുതും എന്നതും പ്രവാസിയുടെ ഒരു പതിവ് തന്നെ .
സോഷ്യൽ മീഡിയ യിലൂടെയും ഇന്റർനെറ്റിലൂടെയും നോട്ടു നിരോധിച്ച വാർത്ത കേട്ടപ്പോൾ ഓരോ പ്രവാസിയും സ്വന്തം വീട്ടിൽ പാസ്സ്‌പോർട്ടിനോടോപ്പം ഭദ്രമായി സൂക്ഷിച്ചു വെച്ച ഏതാനും “കനമുള്ള” നോട്ടുകളെ കുറിച്ചോർത്തു തേങ്ങിയിട്ടുണ്ടാകും .
കൂട്ടിയും ഗുണിച്ചും വരാവുന്ന പരമാവധി നഷ്ടം ആലോചിച്ച് , കഠിനാധ്വാനത്തിന്റെ പ്രതിഫലം വെറും കടലാസ്സുകഷണമാകാവുന്ന സാധ്യതകളെ ഒരു നെടുവീർപ്പിൽ നിക്ഷേപിച്ചിട്ടുണ്ടാകും ആ ദിവസങ്ങളിൽ ഒരു ശരാശരി പ്രവാസി.
പ്രവാസി മലയാളിയുടെ ഓരോ നെടുവീർപ്പിലും സ്വാന്തനമാകും എന്ന് ഉറച്ച തീരുമാനമുള്ള ഫോമാ ഇക്കാര്യത്തിലും പതിവ് ജാഗ്രത കാണിച്ചു . പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസ് ഉം നാഷണൽ കമ്മിറ്റി മെമ്പർ സാജു ജോസഫ് ഉം ചേർന്ന് ഇക്കാര്യം പരിഹരിക്കാനുള്ള കർമ്മ പദ്ധതികൾ തീവ്രമായി ആലോചിച്ചു.
നിലവിലുള്ള നിയമം അനുസരിച്ചു ഇനി പഴയ കറൻസി മാറ്റിയെടുക്കുവാൻ കേരളത്തിൽ സാധ്യമല്ല . അത് റിസേർവ് ബാങ്ക് ൻറെ ചെന്നൈ അല്ലെങ്കിൽ മുംബൈ ഓഫീസുകളിൽ മാത്രമേ സാധ്യമാകൂ .
കുറച്ചു ദിവസത്തെ അവധിക്കു കേരളത്തിൽ എത്തുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് ചെന്നൈ യിലേക്കോ മുംബൈ യിലേക്കോ ഇതിനായി യാത്ര ചെയ്യുക എന്നത് അത്യന്തം ദുഷ്‌കരമാണ്, മാത്രമല്ല ഒരു പക്ഷെ കയ്യിൽ സൂക്ഷിച്ച പണത്തേക്കാൾ കൂടുതൽ പണം ഈ യാത്രയ്ക്കായി ചെലവാക്കേണ്ട ദുരവസ്ഥയും ഉണ്ടാകാം . ഒടുവിൽ നിരാശ പെട്ട് ആ ശ്രമം ഉപേക്ഷിക്കയും തൻറെ അധ്വാനഫലം നഷ്ടപെടുത്തേണ്ട അവസ്ഥയിലേക്കെത്തുകയും ചെയ്യും .
പകരം റിസേർവ് ബാങ്ക് ൻറെ കേരള ത്തിൽ ഉള്ള പ്രാദേശിക ബ്രാഞ്ചുകളിലോ അഥവാ എയർ പോർട്ടുകളിലോ ഈ സൗകര്യം ലഭ്യമാക്കുകയാണെങ്കിൽ ഓരോ പ്രവാസിക്കും അതൊരു വലിയ സാന്ത്വനമാകും .
പ്രവാസി നേരിടാൻ ഇടയുള്ള ഈ പ്രശ്നം മുൻകൂട്ടി കണ്ട് തിരുവന്തപുരത്തും കൊച്ചിയിലുമുള്ള റിസേർവ് ബാങ്ക് ൻറെ പ്രാദേശിക ബ്രാഞ്ചുകളിലും അതോടൊപ്പം എയർ പോർട്ടുകളിലും കറൻസി മാറ്റിയെടുക്കാനുള്ള സംവിധാനം ഉണ്ടാക്കണം എന്ന് ഇന്ത്യൻ ധനകാര്യ വകുപ്പിനോട് ഫോമാ അഭ്യർത്ഥിച്ചു .
ഇതേ തുടർന്ന് ധനകാര്യ മന്ത്രി ശ്രീ അരുൺ ജേത് ലീ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
ശ്രീ ശീമച്ചൽ ദാസ് , സാമ്പത്തിക വകുപ്പ് സെക്രട്ടറി ശ്രീ അർജുൻ മേഘ്‌വാൾ,
ഇന്ത്യൻ അംബാസഡർ ശ്രീ നവ്റ്റേജ് ശാമ (വാഷിങ്ങ് ട്ടൻ ഡി. സി ), ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വെങ്കിടേഷ് അശോക് ( സാൻ ഫ്രാൻസിസ് കോ ) എന്നിവർക്ക് ഫോമാ നിവേദനം സമർപ്പിച്ചു .
പ്രവാസികളുടെ സാധാരണ അവധികാലം ജൂൺ മുതൽ സെപ്റ്റംബർ വരെ ആയതിനാൽ ജൂൺ, ജൂലൈ, ഓഗസ്റ്റ് , സെപ്റ്റംബർ, എന്നീ മാസങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കാൻ ഫോമാ നിവേദനത്തിൽ പ്രത്യേകം അഭ്യർത്ഥിച്ചു .
ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയിൽ വിദേശ മലയാളിയുടെ പങ്കു ഏറെ നിർണ്ണായകമായതിനാൽ തന്നെ ഇത് ഗൗരവമായി പരിഗണിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി .
ധനകാര്യമന്ത്രി യുടെ അടുത്ത അമേരിക്കൻ സന്ദർശന വേളയിൽ ഫോമാ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ഭാരതത്തിന്റെ സാമ്പത്തിക ഉന്നമനത്തിനു ഫോമാ ക്കു നല്കാനാവുന്ന സഹായങ്ങളെ പറ്റി ഗൗരവമായി ചര്ച്ച ചെയ്യുമെന്നും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട് .
ഫോമാ മുന്നോട്ടു വെച്ച നിവേദനത്തിൻറെ അടിസ്ഥാനത്തിൽ ഈ പ്രശ്നം ഏറ്റവും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ധനകാര്യമന്ത്രാലയം ഉറപ്പു കൊടുത്തു