ശിവ. (Street Light fb group)
ശ്വാസം കിട്ടുന്നില്ല….
ഒന്നാഞ്ഞു വലിച്ചു …. കമഴ്ന്നു കിടക്കുന്നതിനാൽ
നെഞ്ചിൽ ഒരു വിമ്മിട്ടം
എണീക്കാൻ കഴിഞ്ഞിരുന്നെങ്കിൽ …….
ആവുന്നില്ല
കൈകൾക്ക് ബലം തീരെ കിട്ടുന്നില്ല
ഇന്നലെ രാത്രിയിൽ വഴിയരികിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ വന്നതാണ്
പൈപ്പ് തുറന്നിട്ട് ഒരു തുള്ളി വെള്ളം പോലും വന്നില്ല
അടുത്ത കടകളിലോ വീടുകളിലോ ചോദിക്കാം എന്ന് വച്ചാൽ എല്ലാവരും കള്ളനാണെന്നും
വൃത്തിയില്ലാത്തവനെന്നും പറഞ്ഞു ഓടിക്കുന്നു
മുന്നോട്ടു ഒരു കാൽ വച്ചതും
ചീറിപാഞ്ഞ വാഹനം ഇടിച്ചതും
വായുവിലൂടെ പറന്നതും ഓർമ്മയുണ്ട്….
വയറു നിറയെ വേദനയാണ്…
എരിയുകയാണ്….
അവസാനം ഭക്ഷണം കഴിച്ച ദിവസം പോലും ഓർമ്മയിൽ വരുന്നില്ല
വായിൽ ചോരയുടെ നേരിയ മണം
അതും വറ്റി തുടങ്ങിയിരിക്കുന്നു
വഴിയിലൂടെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്
പക്ഷേ
സ്വന്തം മക്കൾക്ക് പോലും വേണ്ടാത്ത ഒരു ജന്മത്തിനെ ആര് കാണാൻ
ഓർമ്മ വച്ച കാലം മുതൽ
സ്നേഹം തന്ന അച്ഛനെയും അമ്മയെയും
ദൈവം പോലെ കാത്തു പരിപാലിച്ചവനാണ് താൻ
ഇന്ന് മക്കൾക്ക് ഒന്നിനും സമയമില്ല
അവരെ കുറ്റം പറയാൻ പറ്റില്ല
അവര് സന്തോഷത്തോടെ ജീവിക്കട്ടെ
ജീവിതകാലം പിച്ച നടന്നത് മുതൽ
മക്കളെ മറ്റൊരാളുടെ കൈ പിടിപ്പിച്ചതും
വളരെ അധികം സ്നേഹിച്ച മകൻ
ഒരു പെണ്ണിന്റെ കൈ പിടിച്ചു മുന്നിൽ വന്നപ്പോൾ സ്വീകരിച്ചതും
മുത്തച്ഛനായതും
അവസാനം
പാതിയായി നിന്നവളെ ദൈവം വിളിച്ചതും
വൃദ്ധ സദനത്തിലെ
മതിലിനുള്ളിൽ തളയ്ക്കപ്പെട്ടതും
എല്ലാം
എല്ലാം ഓർമ്മയിൽ തെളിഞ്ഞു
ഇത്തിരി വെള്ളം……കിട്ടിയിരുന്നെങ്കിൽ
ഈശ്വരാ…..
വെള്ളം ……
വാവേ……..
വെള്ളം……വെ….
~~~~~~~~~~~~~~~~~~~~~~~~~
ആ വാക്ക് മുഴുവിക്കുന്നതിനു മുന്നേ
ആ ശരീരം ഒന്ന് ഉയർന്നു …..
ഒരു നിമിഷം
അത് ധരിത്രിയെ വീണ്ടും പുണർന്നു
പെട്ടെന്ന് ആകാശം കരഞ്ഞു…
പേമാരിയായി പെയ്തവ
തുള്ളികൾ ഒരു ചാലായി രൂപപ്പെട്ടു
അയാളുടെ വായുടെ അരികിലൂടെ ഒഴുകി
ജീവൻ വേർപെട്ട ശരീരത്തിനരികിലൂടെ
കണ്ണിൽ ഊറിയ അവസാനതുള്ളി നീര് അതിന്റെ കൂടെ ചേർന്ന് ഒഴുകി
വർദ്ധിച്ച ശക്തിയോടെ
അപ്പോൾ
അതിലൂടെ
അതിവേഗം കടന്നുപോയ
വിലയേറിയ വാഹനത്തിൽ
അയാളുടെ മകനായിരുന്നു
കുളിർമ്മയോടെ