കവിത മേനോൻ (Street Light fb group).
തോളിൽ ഹാൻഡ്ബാഗും, കൈയിൽ കവറും പിടിച്ച്, കോണിപ്പടികൾ കയറുകയായിരുന്നു ഗീത. കാലത്ത് ജോലിക്ക് പോകുമ്പോൾ ഇട്ടിരുന്ന, അലക്കിത്തേച്ച ചുരിധാർ, ബസ്സിലെ തിക്കിലും, തിരക്കിലും പെട്ട് ചുളിഞ്ഞിരുന്നു.
അവൾ അതൊന്നും കാര്യമാക്കിയില്ല. അനൂപിന്റെ അടുത്ത് എത്തണം എന്നുള്ള വിചാരം മാത്രമേ അപ്പോൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
ഈ ഒരു സമയത്തിനു വേണ്ടിയാണ് അവൾ ഇപ്പോൾ ജീവിക്കുന്നതുതന്നെ. അനൂപിന്റെ കൂടെ ഉള്ള കുറച്ച് സമയം… അത് എത്ര വിലപ്പെട്ടതാണ് എന്ന് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല.
“മോള് ഇന്ന് വൈകിയോ?” ആരോ വിളിച്ചത് കേട്ട്, ഗീത തല ഉയർത്തി നോക്കി. അമ്മിണിസിച്ചേച്ചി ആണ്. എന്നും കാണുന്നതാണ് അവരെ. അവർക്ക് അവളുടെ പതിവ് നന്നായി അറിയാം ഇപ്പോൾ.
“അതേ ചേച്ചി. ഇന്ന് വഴിയിൽ നല്ല ബ്ലോക്ക് ആയിരുന്നു. അതാ വൈകിയത്…. ഞാൻ ചെല്ലട്ടെ ട്ടോ, പിന്നെ കാണാം”.. ഗീത അത് പറഞ്ഞ് നടത്തത്തിന്റെ വേഗം കൂട്ടി.
അമ്മിണി ചേച്ചി അടുത്തിരുന്ന ഒരു സ്ത്രീയോട് ശബ്ദം താഴ്ത്തി പറഞ്ഞു “പാവം കുട്ടി”.
ഗീത മുറിയുടെ മുന്നിൽ എത്തിയപ്പോൾ, മേരി അതിലെ വന്നു. “ഗീത ചേച്ചീ, ആള് കാത്തിരിക്കുന്നുണ്ടാവും. വേഗം ചെന്നോളൂ” എന്ന് ഒരു ചെറുചിരിയോടെ പറഞ്ഞു.
ഗീതയും പുഞ്ചിരി തൂവി.
********
അകത്ത് ചെന്ന് ബാഗ് വെച്ച്, ഗീത അനൂപിന്റെ അടുക്കൽ ഇരുന്നു.
“കുറച്ച് വൈകി. സോറി, ടാ.. ക്ഷമിക്ക്.”
മറുപടി ഒന്നും വന്നില്ല.. ഗീത തുടർന്നു “ട്രാഫിക് ബ്ലോക്ക് ആയിരുന്നു. ഞാൻ എന്ത് ചെയ്യാനാ. നീ പിണങ്ങല്ലേടാ”
അവൾ അവന്റെ കൈയിൽ മെല്ലെ തലോടി. “ഇന്ന് എന്താ ഉണ്ടായത് എന്ന് അറിയുമോ? എന്റെ കൂടെ ജോലി ചെയ്യുന്ന തോമസ് ഇല്ലേ, അയാൾക്ക് പ്രമോഷൻ കിട്ടി. ഞങ്ങൾക്കെല്ലാം ഉച്ചയ്ക്ക് ബിരിയാണി വാങ്ങിത്തന്നു.” അവൾ ചിരിച്ചു.
“നിനക്ക് ഇഷ്ടമുള്ള ആര്യാസിൽനിന്നായിരുന്നു. നമുക്കും വാങ്ങണം. കുറേ ദിവസം ആയില്ലേ അവിടുന്ന് കഴിച്ചിട്ട്” അനൂപ് ഒന്നും മിണ്ടുന്നില്ല. അവൾ ഒരു നെടുവീർപ്പിട്ടു.
അവന്റെ വിരലുകളിൽ തന്റെ വിരല് കോർത്ത്, കവിളിൽ ചേർത്ത് പിടിച്ചു.
“എന്തെങ്കിലും ഒന്ന് പറ നീ” ഗീത കെഞ്ചി. പക്ഷേ അനൂപ് അനങ്ങിയില്ല.
അവൾ ഒന്നും അറിയാത്ത ഭാവത്തിൽ പിന്നെയും തുടർന്നു, “എനിക്ക് എപ്പോഴാണാവോ ഇനി പ്രമോഷൻ കിട്ടുക. ഞാനും തോമസും ഒപ്പം ആണ് ജോലിക്ക് കേറിയത്. അടുത്തത് ചിലപ്പോൾ എന്റെ ഊഴം ആയിരിക്കും, അല്ലേ?”
“സത്യം പറഞ്ഞാൽ, പ്രമോഷൻ കിട്ടാതിരിക്കുന്നതാണ് നല്ലത്. ഉത്തരവാദിത്വം കൂടും. എനിക്ക് അതിനൊന്നും വയ്യ.”
അവൾ എഴുന്നേറ്റ് ചെന്ന് ഒരു കുപ്പി വെള്ളം എടുത്ത് കുടിച്ചു. “പുറത്ത് ഇന്ന് നല്ല ചൂട്! ഹോ, വലഞ്ഞു കേട്ടോ”
അനൂപിന് എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അവൾ തിരിഞ്ഞുനോക്കി. ഇല്ല, ഒരു മാറ്റവും ഇല്ല. അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.
അവൾ മൊബൈൽ എടുത്ത് “ഹലോ” പറഞ്ഞു. മറുതലയ്ക്കൽ അമ്മയാണ്.
“ഞാൻ ഇവിടെ എത്തി… മ്..
അതെ..
കുഴപ്പമൊന്നുമില്ല…
വിശേഷം പറയാൻമാത്രം ഒന്നുമില്ല.. “
എന്നിങ്ങനെ അമ്മയുടെ ചോദ്യങ്ങൾക്ക് അവൾ ഒറ്റ വാക്കിൽ ഉത്തരം നല്‌കി.
“ഞാൻ പിന്നെ വിളിക്കാം.. ” എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
വീണ്ടും അനൂപിന്റെ അടുത്ത് വന്നിരുന്ന്, അവൾ പറഞ്ഞു “അമ്മയായിരുന്നു. നിന്നെ അന്വേഷിച്ചു.” അപ്പോഴും അവൻ ഒന്നും പറഞ്ഞില്ല.
അവൾ വിഷമത്തോടെ അവന്റെ തോളിൽ തല ചാരി ഇരുന്നു അല്പനേരം.
പിന്നെ തല പൊക്കി, അവനെ നോക്കി പറഞ്ഞു. “നീ ഒന്നും മിണ്ടണ്ടാ എന്നോട്. എന്നാലും ഞാൻ നിനക്ക് ഒരു സർപ്രൈസ് കൊണ്ട് വന്നിട്ടുണ്ട്. എന്താണെന്ന് കാണണ്ടേ?”
അവൾ ചിരിച്ച് കൊണ്ട് അവിടുന്ന് എഴുന്നേറ്റ്, ബാഗുകൾ വെച്ച ഭാഗത്തേക്ക് നടന്നു.
അതിൽനിന്ന് ഒരു ചെറിയ ചോക്ലേറ്റ് കേക്ക് പുറത്തെടുത്തു. അതിൽ “ഹാപ്പി ബർത്തഡേ അനൂപ്” എന്ന് എഴുതിയിരുന്നു.
“നിന്റെ പിറന്നാൾ ഞാൻ മറന്നു എന്ന് കരുതിയോ നീ? നീ എന്റെ പിറന്നാൾ മറക്കും, പക്ഷെ, ഞാൻ മറക്കില്ല ട്ടോ” അവൾ കേക്ക് ബോക്സ് തുറന്ന് അതിന്റെ മേലെ ഒരു മെഴുകുതിരി വെച്ചു.
“അയ്യോ, ഞാൻ തീപ്പെട്ടി മറന്നു. സാരമില്ല, മേരിയോട് ചോദിക്കാം.” എന്ന് പറഞ്ഞ്, അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
********
ഗീത കോറിഡോറിലൂടെ നടന്ന്, സിസ്റ്റർമാർ ഇരിക്കുന്ന സ്ഥലത്ത് ചെന്നെത്തി. മേരി അവിടെ ഉണ്ടായിരുന്നു. “എന്താ ഗീത ചേച്ചീ. അനൂപ് സർ… ?” അവര് മുഴുവൻ പറഞ്ഞില്ല, അപ്പോഴേക്കും ഗീത ഇടയ്ക്ക് കേറി.
“ഏയ്, കുഴപ്പമൊന്നും ഇല്ല. ഇന്ന് അനൂപിന്റെ പിറന്നാൾ ആണ്. ഞാൻ ഒരു കേക്ക് കൊണ്ട് വന്നിട്ടുണ്ട്. നിങ്ങൾ എല്ലാവരും വരുമോ, ചെറുതായിട്ട് ഒന്ന് ആഘോഷിക്കാം നമുക്ക്” ഗീത വേദനയോടെ പുഞ്ചിരിച്ചു.
മേരിയും, ബാക്കി സിസ്റ്റർമാരും അവളെ ദയവോടെയും, ആദരവോടെയും നോക്കി.
“വരാം.. ” എന്ന് അവർ തലയാട്ടി.
“ഒരു തീപ്പെട്ടി കൂടെ തരാമോ. ഞാൻ എടുക്കാൻ മറന്നു”, ഗീത പറഞ്ഞു.
തീപ്പെട്ടിയും എടുത്ത് മേരി ആദ്യം ഗീതയോടൊപ്പം നടന്നു. പിന്നാലെ മറ്റുള്ളവരും. വഴിയിൽ അമ്മിണി ചേച്ചിയെയും ഗീത ക്ഷണിച്ചു.
മേരി അകത്ത് ചെന്ന്, ആദ്യം അനൂപിന്റെ ബെഡ്ഷീറ്റ് ഒക്കെ വൃത്തിയാക്കി. അവന്റെ കൈയിലും, മുഖത്തും, നെഞ്ചിലും ഒക്കെ ഘടിപ്പിച്ച പല തരം മെഷീനുകൾ എല്ലാം ശരിക്കും പ്രവർത്തിക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തി.
ആ മുറിയിൽ ആകെ കേൾക്കുന്നത്, ഈ മെഷീനുകളുടെ ശബ്ദങ്ങളാണ്. ഗീത അതൊന്നും കേട്ടില്ല. അവൾക്ക് കേട്ടത് അനൂപിന്റെ ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്ന “ബീപ്പ്, ബീപ്പ്” മാത്രം. സ്‌ക്രീനിൽ കാണിക്കുന്ന വരകൾ, മേലോട്ടും, താഴോട്ടും പൊയ്ക്കൊണ്ടിരുന്നു.
അനൂപ് ഇപ്പോഴും ജീവനോടെ ഉണ്ട് എന്നുള്ളതിന് ഏക തെളിവ്!!
മൂന്ന് മാസം ആയി അനൂപ് ഇതേ കിടപ്പ് തുടങ്ങിയിട്ട്. ഒരു ബൈക്ക് ആക്സിഡന്റ്. ആരുടെയും കുറ്റമല്ല. ഒരു മഴയുള്ള രാത്രിയിൽ, സ്കിഡ് ആയതാണ്. തല ചെന്ന് റോഡരികിലുള്ള കല്ലിൽ ഇടിച്ചു. തലച്ചോറിന് ഏറ്റ ക്ഷതം.. ഇതുവരെ കണ്ണുപോലും തുറന്നിട്ടില്ല.
ഡോക്ടർമാർ പ്രത്യാശ കൈവിട്ടുകഴിഞ്ഞു. വെന്റിലേട്ടറിന്റെ കാരുണ്യംകൊണ്ട് ഇങ്ങനെ പോകുന്നു. അതും എടുത്തുമാറ്റാനാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ഇങ്ങനെ കിടത്തുന്നത് ക്രൂരതയാണ് എന്ന് അനൂപിന്റെ കുടുംബക്കാരടക്കം പറഞ്ഞുതുടങ്ങി.
പക്ഷേ ഗീത വിട്ടുകൊടുക്കാൻ തയ്യാറല്ല. വിവാഹശേഷം ആകെ ഒരു വർഷമേ ഒന്നിച്ച് ജീവിച്ചുള്ളു. കൊതി തീർന്നിട്ടില്ല ഇനിയും !
അവൾ കേക്കിന്റെ മേലെ മെഴുകുതിരി കൊളുത്തിവെച്ച്, അതെടുത്ത് അനൂപിന്റെ മുന്നിൽ കൊണ്ടുവന്നു.
“ഹാപ്പി ബർത്തഡേ… ” എല്ലാവരും പാടി. കണ്ണുകൾ ഈറനായി. പലരും കെർചീഫ് എടുത്ത്, കണ്ണും മൂക്കും തുടച്ചു.
ഗീത മെഴുകുതിരി ഊതിക്കെടുത്തി. അനൂപിന്റെ കൈ പിടിച്ച്, കത്തി കൊണ്ട് കേക്ക് മുറിച്ചു.
അവന്റെ നെറുകയിൽ അവൾ ഒരു ചുംബനം നല്കി “നിനക്കുള്ള എന്റെ പിറന്നാൾ സമ്മാനം” എന്ന് മന്ത്രിച്ചു.
വിരല് കൊണ്ട്, കേക്കിന്റെ ക്രീം അല്പം എടുത്ത്, അനൂപിന്റെ ചുണ്ട് വിടർത്തി, അതിൽ തൊട്ടുകൊടുത്തു.
“ഇതൊന്നും പാടില്ല… ” മേരി സിസ്റ്റർ മനസ്സില്ലാമനസ്സോടെ ഗീതയെ തടഞ്ഞു.
ഗീതയുടെ കണ്ണുകൾ ഈറനായിരുന്നു. അവൾ പറഞ്ഞു “ഇനി ഒരു പിറന്നാളിന് അവൻ ഉണ്ടാവുമോ എന്തോ”
മേരി പിന്നെ ഒന്നും പറഞ്ഞില്ല.
ഗീത എല്ലാവർക്കും കേക്ക് മുറിച്ചു കൊടുത്തു. അമ്മിണിചേച്ചിയും, മറ്റുള്ളവരും യാത്രപറഞ്ഞു.
തനിച്ചായപ്പോൾ, അവൾ അനൂപിന്റെ അരികിൽ വീണ്ടും ഇരുന്നു. അവന്റെ കൈ പിടിച്ച് പിന്നെയും സംസാരിച്ച്കൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ, രാത്രി കിടക്കാൻ ഏർപ്പാടാക്കിയ ആൾ വന്നു. വാതില്ക്കൽ നിന്ന് അയാൾ “ചേച്ചീ.. ” എന്ന് വിളിച്ചു.
ഗീത മെല്ലെ എഴുന്നേറ്റ്, പോകാൻ ഒരുങ്ങി. ഒരിക്കൽ കൂടെ അനൂപിന്റെ അടുത്ത് ചെന്ന്, ഒന്നും മിണ്ടാതെ നിന്നു. ഒടുവിൽ “നാളെ വരാം ട്ടോ” എന്ന് മെല്ലെ പറഞ്ഞ്, അവിടെനിന്നിറങ്ങി.
മുറിയുടെ വാതില്ക്കൽ എത്തിയപ്പോൾ, പതിവുപോലെ അവൾ ഒന്ന് തിരിഞ്ഞ് നോക്കി.. കണ്ണുകൾ നീണ്ടത് കുന്നും, താഴ്വരകളും വരച്ചുകൊണ്ടിരുന്ന സ്ക്രീനിലേക്കായിരുന്നു.