ജോണ്‍സണ്‍ ചെറിയാന്‍.
“മദമിളകി അമറി ഞാനമ്മയോടായി
ഇനിയും അപകര്‍ഷതാബോധത്തിന്‍
തൊഴിയേറ്റാല്‍ വേച്ചു വീണു പോകും ഞാന്‍
ഭൂവാം കവിതയിലെ അക്ഷരത്തെറ്റാമെന്നെ
മായ്ക്കാതെന്തിനു കാത്തു വച്ചു
നിന്നുദരഗ്രന്ഥത്തില്‍”
30 വയസ്സില്‍ താഴെയുള്ള യുവ എഴുത്തുകാര്‍ക്കായി, തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത കൈരളി സമാജം ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റിന് അര്‍ഹയായ മുംതാസ് സി പാങ്ങിന്റെ ‘കോങ്കണ്ണി പറയുന്നു’ എന്ന കവിതയില്‍ നിന്നുള്ള വരികളാണിവ. രൂപത്തിലും ഭാവത്തിലും അഞ്ചാം ക്ലാസ്സുകാരിയെന്നു തോന്നിപ്പിക്കുന്ന എഴുത്തുകാരി എന്ന് വേണമെങ്കില്‍ മുംതാസിനെ വിശേഷിപ്പിക്കാം.
എന്നാല്‍ പരിമിതിയെ ശക്തിയാക്കി മാറ്റാന്‍ പ്രാപ്തയാണ് ഇവളെന്ന് കവിതയിലെ വരികള്‍ അനുവാചകരെ ബോധ്യപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. അധ്യാപനമാണ് മുംതാസിന്റെ തൊഴില്‍ മേഖല. മലപ്പുറം മരവട്ടത്തെ ഗ്രേസ് വാലി പബ്ലിക് സ്കൂളിലാണ് ജോലി. തുഞ്ചന്‍ ഉത്സവം 2017 ന്റെ സമാപന ചടങ്ങില്‍ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരാണ് മുംതാസിന് പുരസ്കാരം സമ്മാനിച്ചത്. പരിമിതിയോടുള്ള പ്രതിഷേധമാണ് മുംതാസിനെ കവിതകള്‍ എഴുതാന്‍ പ്രേരിപ്പിച്ചത്. ഇടം കണ്ണ് ദൃഷ്ടിയുറപ്പിക്കുന്നിടത്തേക്ക് നോക്കാന്‍ മടി കാണിക്കുന്നതായിരുന്നു മുംതാസിന്റെ മുഖത്തെ വലം കണ്ണ്.
നേത്രവൈകല്യമുള്ളവള്‍ എന്നൊന്നും പറയാന്‍ നില്‍ക്കാതെ കൂട്ടുകാര്‍ അവളെ കോങ്കണ്ണിയെന്നു വിളിച്ചു. കളിക്കളങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ കോങ്കണ്ണിയെന്ന ഇരട്ടപ്പേരുമായി അവള്‍ കളത്തിനു പുറത്തേക്ക് നടന്നു. പിന്നീട് അക്ഷരങ്ങളോടായി മുംതാസിന് ചങ്ങാത്തം. അക്ഷരങ്ങളെ ക്രമത്തില്‍ അടുക്കി അവള്‍ കവിതകളെഴുതി. തന്റെ വൈകല്യത്തെ, കോങ്കണ്ണിനെ കവിതയ്ക്കു പ്രമേയമാക്കി. കവിതാരചനയ്ക്ക് അധ്യാപകരില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് മുംതാസ് പറയുന്നു. പാങ്ങ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു അധ്യാപിക രാധിക, മലയാളം അധ്യാപകനായിരുന്ന സാജിദ്, ബി എഡ് അധ്യാപകന്‍ ഗോപാലന്‍ തുടങ്ങിയവര്‍ ഈ പട്ടികയില്‍ മുന്‍ നിരയിലാണ്.
ഫങ്ഷണല്‍ ഇംഗ്ലീഷ് ബിരുദധാരിയായ മുംതാസ് ഇംഗ്ലീഷിലും കവിതകളെഴുതാറുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മുംതാസിന്റെ കവിത പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2016 ല്‍ അങ്കണം അവാര്‍ഡിനും പി എ സലാം മാസ്റ്റര്‍ സാഹിത്യപുരസ്കാരത്തിനും അര്‍ഹയായിട്ടുണ്ട്.
കവിതകളെഴുതുന്ന മുംതാസിന് പക്ഷെ ഏറെ ഇഷ്ടം കവിതകള്‍ വായിക്കാനാണ്. സുഭാഷ് ചന്ദ്രനും കെ ആര്‍ മീരയുമാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. സോഷ്യല്‍ മീഡിയയില്‍ എഴുതാറില്ലേ എന്ന ചോദ്യത്തിന് അക്ഷരങ്ങള്‍ മഷി പുരണ്ട് താളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് ഇഷ്ടമെന്നായിരുന്നു മുംതാസിന്റെ മറുപടി. മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും അമ്മയും ചേര്‍ന്നതാണ് കുടുംബം.