അഫ്‌സല്‍ കിലയില്‍.
കോഴിക്കോട് : ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് സി.കെ ഹസ്സന്‍ കോയക്ക് എം.കെ രാഘവന്‍ എം.പി സമ്മാനിച്ചു. ചടങ്ങില്‍ ഗിഫ ചെയര്‍മാന്‍ പ്രൊഫ. എം. അബ്ദുല്‍ അലി അദ്ധ്യക്ഷത വഹിച്ചു. കെ.പി സുധീര, കെ. ചന്ദ്രശേഖരന്‍, മുഹമ്മദ് കോയ നടക്കാവ്, ഉസ്മാന്‍ ഇരുമ്പുഴി, ഡോ. അനില്‍ കുമാര്‍, ശുക്കൂര്‍ കിനാലൂര്‍, അമാനുല്ല വടക്കാങ്ങര, സി.കെ റാഹേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷക്കാലം അദ്ദേഹം ചെയ്ത സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ അലി അറിയിച്ചു.
പ്രവാസത്തിന്റെ വിരസത ക്രിയാത്മകമായി അതിജീവിച്ച ഹസ്സന്‍ കോയ ഗസലുകളെയും വോളിബോളിനേയും പ്രണയിച്ചതോടൊപ്പം ഗള്‍ഫിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക ചലനങ്ങളെ പ്രാധാന്യപൂര്‍വ്വം ജനങ്ങളിലെത്തിക്കുന്നതിനും നേതൃത്വം നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലയില്‍ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയാണ് ഹസ്സന്‍ കോയ തന്റെ പ്രവാസ ജീവിതം ക്രിയാത്മക്കിയതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
പ്രൊഫ. എം. അബ്ദുല്‍ അലി ചെയര്‍മാനും അമാനുല്ല വടക്കാങ്ങര ചീഫ് കോര്‍ഡിനേറ്ററുമായ സമിതിയാണ് ഹസ്സന്‍ കോയയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കോഴിക്കോട് ജില്ലയിലെ കരുവന്‍തുരുത്തി സ്വദേശിയായ ഹസ്സന്‍ കോയ നാല് വര്‍ഷത്തോളം നാവിക സേനയില്‍ ജോലി ചെയ്തിട്ടുണ്ട്. പതിനെട്ട് വര്‍ഷത്തോളം ചന്ദ്രിക ദിനപത്രത്തില്‍ ജോലി ചെയ്ത അദ്ദേഹം മലയാളം ന്യൂസിന്റെ ലോഞ്ചിംഗ് ടീമില്‍ അംഗമായിരുന്നു.
പത്രപ്രവര്‍ത്തക യൂണിയന്‍(കെ.യു.ഡബ്‌ള്യൂ.ജെ) സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് താമസം. ഭാര്യ ടി.എ റാഹില, ഇര്‍ഷാദ് ഹസന്‍ (കായിക വകുപ്പ് മേധാവി, ഫാറൂഖ് കോളേജ്), അനീസ് ഹസന്‍ (എഞ്ചിനിയര്‍, ജിദ്ദ) എന്നിവര്‍ മക്കളാണ്.