Thursday, November 28, 2024
HomeSTORIESഉടമ. (കഥ)

ഉടമ. (കഥ)

ഉടമ. (കഥ)

ഹരി കാവിൽ. (Street Light fb group)
 ഞാനെന്തിൻ്റെയൊക്കെ? മാറില്‍ പതിക്കുന്നതെന്തിനെയും
തൻ്റെയുള്ളിലേക്കാവാഹിച്ചെന്നും ചിരിക്കുന്ന മായികസന്തതി, ഈ മണ്ണിൻ്റെയോ ?
അഖിലാണ്ഡസാരമായ് എല്ലാമുണർത്തുന്ന കാറ്റിൻ്റെയോ ?
ആഴിക്കു ചുറ്റുമരഞ്ഞാണമാകിലും
കെട്ടുകളില്ലാതെ പറ്റിക്കിടക്കും മഹാസാഗരത്തിൻ്റെയോ ?
തമ്മില്‍ തടയാതെ താന്താൻ്റെ മാർഗ്ഗത്തിൽ അത്ഭുതം! വിസ്മയം! പാഞ്ഞകലും ഭീമഗോളങ്ങൾക്കുടമയോ ?
മഹാസത്യവിത്തിനെ നിത്യഗർഭം ചുമന്നു-
ണ്മയെ കർമ്മത്തിലൂടെപ്പുലർത്തുന്ന
അജ്ഞാത ബ്രഹ്മാണ്ഡകോട്ടകൾക്കുടമയോ ? കാഴ്ചകൾക്കപ്പുറം ദുർഗ്രഹസന്ധികളി-
ലിരുളും വെളിവുമായ് വിസ്മയിപ്പിക്കുന്ന
സംസാരസാരത്തിനുടമയെന്നോ ?
തുള്ളിയായ് മണ്ണില്‍ വീണെല്ലാം നനയ്ക്കുന്ന ജീവമന്ത്രംകൊണ്ട മഴയുടെയോ ?
കത്തിയെരിഞ്ഞുകൊണ്ടിരുളിനെ കീറുന്ന ചുട്ടസത്യം മഹാസൂര്യൻ്റെ ഉടമയോ ?
സൂര്യൻ്റെയൊരുവെറും കതിരിൻ്റെയെങ്കിലും കരളുരുകിവീഴുന്ന ചൂടിൻ്റെയോ ?
ആയിരത്തിൽപരം ആകാശഗംഗകൾ അടങ്ങിവാഴുന്നൊരീ അപാരതയ്ക്കുടമയോ?
മണ്ണിൻ്റെ കണ്ണിൽ പൊൻതാരകങ്ങൾ;
അവ എരിയുന്നൊരായിരം സൂര്യജന്മങ്ങൾ,
നക്ഷത്രങ്ങളേ, ഞാന്‍ നിങ്ങൾക്കുമുടമയോ ?
വലുതുകൾ വിട്ടിറങ്ങീടുകിൽ; വന്നൊരു ദൈവകണത്തിൻ്റെയെങ്കിലും ഉടമയോ?
ഉള്ളില്‍ തുടിക്കുന്ന കോടാനുകോടി അതിസൂക്ഷ്മബിന്ദുക്കളിൽ ചെന്നുസംവേദിച്ചു
പൂവിടും ചിന്തകളദൃശ്യമായ് വിലസും മനോമണ്ഡലത്തിൻ്റെയെങ്കിലും
(ഞാൻ) ഉടമയോ ?
‘ഞാൻ’ എന്ന വാക്കു മുഴുമിപ്പതിന്നുമുമ്പ്
കാറ്റിറങ്ങിപ്പഞ്ചഭൂതമായ് പിരിയുന്ന
കേവലം ഞാനെന്ന മാംസപിണ്ഡത്തിൻ്റെയെങ്കിലും
(ഞാൻ) ഉടമയെന്നോ?
ഞാനുടമയാണ് ! ഞാനറിയുന്നതുണ്ടു ഹേ,
മതിഭ്രമത്തിൻ്റെ പിടിയിലമർന്നുകൊ-
ണ്ടെല്ലാറ്റിനും ഞാനുടമയെന്നുള്ളെൻ്റെ അല്പജ്ഞാനത്തിൻ്റെ തടവറയ്ക്കുടമ ഞാന്‍ !
അജ്ഞതയിലുയിരിട്ട വിശ്വാസവന്മതിൽ-
ക്കോട്ടകൾക്കുള്ളിലാണെന്നുള്ള സത്യം തിരസ്കരിക്കാൻപോന്ന ഗർവ്വിൻ്റെയുടമ ഞാന്‍ !
പകലകന്നേപോയ മിഴികൾ കടം തരും
കാഴ്ചകൾ കറ ചേർത്ത
എൻ്റെ ഹൃദയത്തിനുടമ ഞാന്‍!
മരണമെപ്പോൾ വന്നു തഴുകുമെന്നറിയാത്ത സത്യമറിയുമ്പൊഴും
മരണമന്യർക്കെന്നു മാറ്റിക്കരുതുന്ന വിശ്വാസമൂഢതയ്ക്കുടമയും ഞാന്‍ !
വേഷഭൂഷാദികൾ ഭംഗിയിലണിഞ്ഞ് ഞാനെന്നഭാവം ഉള്ളില്‍ നിറച്ച്
മൂഢവിശ്വാസം കിരീടമായ് ചൂടി
നടക്കും പ്രതാപി ഞാന്‍, പരമപരിഹാസ്യൻ,
ഞാനൊരു കേവലൻ, അഭിനവ നരൻ വെറും!

 

RELATED ARTICLES

Most Popular

Recent Comments