Monday, November 25, 2024
HomeLiteratureഅന്ധകാരം പേറിയ മനസ്സുകൾ (കഥ).

അന്ധകാരം പേറിയ മനസ്സുകൾ (കഥ).

അന്ധകാരം പേറിയ മനസ്സുകൾ (കഥ).

നീലാംബരി (Street Light fb group)
പതിവുപോലെ വന്ന ഫോൺ കാൾ . ഞാൻ സംസാരിച്ചുകൊണ്ട് എഴുന്നേറ്റു വീടിന്റെ ഉമ്മറത്തേക്ക് ചെന്നു. അപ്പോളാണ് അമ്മയുടെ ശകാരം നിറഞ്ഞ ചോദ്യം ഉയർന്നത് .
“ഒരു പെണ്ണായ നീ ഉറക്കം ഉണരേണ്ട സമായമാണോ ഇത്?”
ഞാൻ അപ്പോളാണ് ക്ലോക്കിൽ നോക്കിയത് സമയം ഒമ്പത് മണി കഴിഞ്ഞു , എന്ത് മറുപടി പറയണം എന്നറിയില്ല . വീട്ടിൽ എത്തിയാൽ ഇത് പതിവാണ് രാത്രി ഏറെ വൈകിയുള്ള ഉറക്കവും വൈകിയുള്ള എഴുന്നേൽപ്പും. അതുകൊണ്ട് തന്നെ അമ്മയുടെ ശകാരവാക്കുകൾ മാത്രമാണ് രാവിലത്തെ സുന്ദരഗീതം.
“രാത്രി പന്ത്രണ്ട് മണികഴിഞ്ഞാലും ഉറങ്ങാതെ അങ്ങിരുന്നോളണം, നീ ഒരു പെണ്ണല്ലേ? രാത്രിയിൽ മുറിയിൽ ലൈറ്റും ഇട്ട് ഇങ്ങനെ ഇരിക്കുന്നത് കണ്ട് അയല്പക്കക്കാർ പലപ്പോഴും ചോദിച്ചിട്ടുണ്ട് നിന്റെ മോൾക്കെന്താ രാത്രിയിൽ പണിയെന്നു. ഇന്നലെ തന്നെ അപ്പുറത്തെ സരോജിനി ചോദിച്ചു ‘പുലർച്ചെ ഒരു വണ്ടി വന്നല്ലോ ആരാ വന്നതെന്ന്?’ നിന്നോട് പലപ്പോളും പറഞ്ഞിട്ടുണ്ട് രാത്രി ഉള്ള ഈ നടത്തം നിർത്താൻ, നീ കേൾക്കില്ലല്ലോ.. എന്നെ പറയിപ്പിക്കാൻ എല്ലാവരോടും മറുപടി പറഞ്ഞു മടുത്തു ഞാൻ”.
  എല്ലാം കേട്ട് ഞാൻ അങ്ങനെ നിന്നു തിരിച്ചൊന്നും പറയാൻ പോയില്ല . കാരണം ഇതെപ്പോളും കേൾക്കുന്നതായത് കൊണ്ട് തന്നെയാ. ശരിക്കും എനിക്ക് മൂക്കത്താണ് ശുണ്ഠി എന്നിട്ടും ഞാൻ ഇന്ന് ശാന്തയായി കേട്ടു നിന്നു. എന്റെ മനസ്സിൽ കുറേ ചോദ്യങ്ങൾ ഉയർന്നു,
  “പെൺകുട്ടികൾക്ക് രാത്രിയിൽ മുറിയിൽ ലൈറ്റ് ഇട്ട് ഇരിക്കാൻ പാടില്ലേ? സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ പാടില്ലേ? രാത്രി കാലങ്ങളിൽ യാത്രകൾ പാടില്ലേ? പെണ്കുട്ടികൾക് എന്താ ഇതിനൊക്കെ നിയന്ത്രണം? പലപ്പോളും ഈ സമൂഹത്തിനു നേരെ ഒരു ശരം പോലെ തൊടുക്കാൻ എന്റെ മനസ്സിൽ സജ്ജമായ ചോദ്യങ്ങളായിരുന്നു ഇതൊക്കെ. 
   “ഇത് നിന്റെ മുംബൈ അല്ല കേരളം ആണ് ഇവിടെ ജീവിക്കുമ്പോൾ മര്യാദയ്ക് പെണ്ണായി നടക്കണം”
   ഇത് കേട്ടപ്പോൾ എന്റെ മനസ്സ് വല്ലാതങ്ങ് അസ്വസ്ഥമായത്. മുംബൈയിലും കേരളത്തിലും മനുഷ്യർ തന്നെ അല്ലെ ജീവിക്കുന്നത് ? അല്ല അതിൽ വല്ല മാറ്റവും ഉണ്ടോ ആവോ .. എന്തായാലും അമ്മയുടെ ചിന്താഗതികൾ കൊള്ളാം. പലപ്പോളും പ്രതികരിച്ചിട്ടും പഴിയാണ് ഞാൻ ഏറ്റു വാങ്ങിയത് അതുകൊണ്ടു തന്നെ ഇപ്പോൾ ഒന്നിനോടും പ്രതികരിക്കാൻ പോകാറില്ല.
 “ചായ വേണേൽ ഉണ്ടാക്കി കുടിച്ചോ. എനിക്ക് വയ്യ ഉണ്ടാക്കിത്തരാൻ”
 “എന്റെ പൊന്നമ്മ ഒന്ന് പോയേ ഞാൻ ഉണ്ടാക്കി കുടിച്ചോളാം”
       പെട്ടന്നുതന്നെ ബ്രെഷ് എടുത്ത് വീടിന്റെ പുറത്തേക്കു പോയി അപ്പോളാണ് കുറേ സ്ത്രീകൾ  വീട്ടിലേക്ക് വന്നത് അതിൽ ഒരു സ്ത്രീ ചോദിച്ചു
” അമ്മ ഏടപ്പോയിന് മോളെ?”
“ഇവിടുണ്ടല്ലോ”
“നീ എപ്പം വന്നിന്?”
 “2ദിവസമായി”
“എപ്പ പോകും”
“നാളെ”
ഞാൻ മുറിയിലേക്കു നടന്നു , തൊഴിലുറപ്പു പദ്ധതിക്ക് വന്ന സ്ത്രീകളായിരുന്നു . അധികം സംസാരിച്ചു നിന്നാൽ അവർ മനസ്സ് കീറിമുറിച്ചു കാര്യങ്ങൾ എടുക്കും അതിനു മുന്നേ ഞാൻ അവിടുന്ന് രക്ഷപ്പെട്ടു.
   “ഇതേതാ പെണ്ണ്?”
കൂട്ടത്തിൽ ഒരു സ്ത്രീ ചോദിച്ചു . 
“നിനക്കറീലെ ജാനകി ഈടത്തെ  അവരെ മോളാ”
“ഏത് ആ ബോംബെക്കാരി പെണ്ണാ! “
“അഹ് ഓളന്നെ , ഓളിപ്പം ഈടത്തന്നെ ഉണ്ട്‌. നാട് ചുറ്റി നടക്കുന്നു”
   ഇതൊക്കെ കേട്ട് എനിക്ക് ചിരിയാണ് വന്നത് . എന്തൊരു സമൂഹം !!
  ആ സ്ത്രീകളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . ഈ കാസർഗോഡ് ഓണം കേറാമൂലയിൽ  ഈ കുഗ്രാമത്തിൽ   കൂപമണ്ഡൂകങ്ങളായി ജീവിക്കുന്നവരെ ഞാൻ എന്ത് പറയാനാ. ഇവിടത്തെ സ്ത്രീകൾ പലരും അടുത്ത ജില്ലയായ കണ്ണൂർ പോലും കണ്ടിട്ടുണ്ടാകില്ല , ഏയ് അതിനു ചാൻസ് കുറവാ കാരണം എല്ലാവരും പറശ്ശിനിമുത്തപ്പൻ മടപ്പുരയിൽ പൊയ്ക്കാണും , അപ്പോൾ കണ്ണൂർ വരെ കണ്ടിരിക്കും അങ്ങനെയുള്ളവരോട് ഞാൻ പ്രതികരിക്കാൻ പോകുന്നതിൽ കാര്യമില്ലല്ലോ?
  ഞാൻ ഒരു കപ്പ് ചായയും എടുത്ത് സിറ്റ്ഔട്ടിൽ ചെന്നിരുന്നു. വേറെ പണിയൊന്നും ഇല്ലാത്തത്കൊണ്ട് മുഖപുസ്തകത്തിൽ കയറി ഇരിപ്പ് തുടങ്ങി. അപ്പോളാണ്  ആ സ്ത്രീകളുടെ സംസാരം ഞാൻ കേട്ടത്.
“ജാനകി നീ അറിഞ്ഞോ പടിഞ്ഞാറിലെ ഭവാനിയുടെ മോളില്ലേ ആ ഡിഗ്രിക്കാരി “
“അതേതാ ശാന്തേ അങ്ങനൊരു പെണ്ണ്”
“അല്ലപ്പ നിനക്കറിയാന്ന് , നിന്റെ ഇളയ പെണ്ണിന്റൊപ്പം  പഠിച്ചിന് ഓളല്ലേ , അതെന്നു”
“അഹ് ആരേലും ആവട്ടെ  നിങ്ങള് കാര്യം പറയ്”
ആ പെണ്ണില്ലേ ഖാദറിക്കാന്റെ മൂത്ത ചെക്കന്റെ കൂടെ എപ്പോം കറക്കമാന്ന്..ഇന്നലെ എന്റെ മോള് പറഞ്ഞതാ”
“അയ്യോ അന്നോ , നന്നായി ആ ഭവാനിക്ക് കളി ഇത്തിരി കൂടുതലാ ആ പെണ്ണ്  ആ മാപ്പിളേന്റെ ഒന്നിച്ചങ് പോയാമതിയായിരുന്നു എന്റെ ക്ഷേത്രപാലകാ..”
അയ്യോ!!ദൈവമേ ഇതൊക്കെ എന്താ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഇങ്ങനെയും സ്ത്രീകളോ…ശാന്ത ചേച്ചീ പെട്ടന്നു ഉമ്മറത്ത് വന്നു.
അമ്മയെ അന്വേഷിച്ചു..  അമ്മ  അടുക്കളയിൽ ഉണ്ട് എന്ന് ഞാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു അപ്പോളേക്കും ചാടി വീടിന് അകത്തേക്ക് കയറി.
എനിക്ക് അപ്പോൾ രസകരമായി തോന്നിയ ഒരു കാര്യം അപ്പോൾ അവിടെ സംഭവിച്ചു എന്താണെന്നോ..
 പരദൂഷണ കമ്മിറ്റി അടുത്ത ചർച്ച തുടങ്ങി, 
“എന്റെ ജാനകി ഈ ശാന്ത എന്താ നല്ലോളാ, സ്വന്തം കാര്യം ആരും അറിയില്ല എന്നാ ഓൾടെ വിചാരം… ഓൾടെ വീട്ടില് രാത്രില് ആരൊക്കെയോ വരുന്നുണ്ടെന്നോ പോകുന്നുണ്ടെന്നോ എന്നൊക്കെ  ക്ലബ്ബിലെ ചെക്കമ്മാര്  പറയിന്നുണ്ടായിന് എനക്കൊന്നും അറീലാട്ടാ”
എനിക്ക് ഇതൊക്കെ കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല എന്തൊരു സമൂഹം..
    സീരിയൽ കഥകൾ, അയൽപക്കത്തെ വീട്ടിലേ കഥകൾ അങ്ങനെ പലതും പറയുന്ന  സ്ത്രീകളുടെ കലപില ശബ്ദങ്ങൾ എന്റെ കാതിൽ മുഴങ്ങികൊണ്ടേയിരുന്നു. തൊഴിലുറപ്പ് പദ്ധതി എന്നാണ് പേര്,  എന്നാൽ ഇവിടെ നടക്കുന്നതോ തൊഴിലിരിപ്പിന്റെയും പരദൂഷണത്തിന്റെയും വേദി .”ഞാനൊന്നും കണ്ടില്ല കേട്ടില്ല മിണ്ടില്ല”…. ഞാൻ പിന്നെ ഒന്നിനും ചെവികൊടുക്കാതെ എന്റെ പ്രവർത്തിയിൽ  മുഴുകി.
    പെട്ടന്നാണ് ഒരു നാൽപ്പത് നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വീടിന്റെ മുറ്റത്തു വന്നു നിന്നു.. ഞാൻ പെട്ടന്ന് ചോദിച്ചു,
“എന്താ ചേച്ചീ”
ചിരിച്ചു കൊണ്ട് എന്നെ നോക്കിയതല്ലാതെ ഒന്നും ആ സ്ത്രീ സംസാരിച്ചില്ല..
“അമ്മാ ഇതാ ഒരാൾ “
“എന്തിനാ കിടന്നു കൂകിവിളിക്കുന്നെ”
“അഹ് നീയായിരുന്നോ  നീ എന്തിനാ മുറ്റത്തു നിൽക്കുന്നെ  ഈട കേറിയിരിക്.”
അത് കേൾക്കേണ്ട താമസം ആ സ്ത്രീ ഉമ്മറത്തെ കസേരയിൽ കയറി ഇരുന്നു
ഇതാരാ ?എന്തിനാ വന്നേ? അങ്ങനെ പലചോദ്യങ്ങൾ മനസ്സിൽ ഉയർന്നു..
പെട്ടന്ന് തൊഴിലുറപ്പു പദ്ധതിക്ക് വന്ന ഒരു പ്രായംചെന്ന അമ്മ വന്നു ആ സ്ത്രീയോട് പറഞ്ഞു 
“മോളെ ഈടന്നെ ഇരിക്കണെ  പോകല്ലേ ഏടീം”
ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആ സ്ത്രീ ചിരിച്ചുകൊണ്ട് തലയാട്ടി..
ഞാൻ ആ അമ്മയുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു 
“എന്റെ മോളാ സുഖമില്ലാത്ത പെണ്ണാ”
ഇത്രയും പറഞ്ഞുകൊണ്ട് ആ അമ്മ പണിയെടുക്കാൻ പോയി, 
അപ്പോളാണ് ഞാൻ എ സ്ത്രീയെ ശരിക്കും നോക്കിയത്  കഷ്ടം തോന്നിപ്പോകും ആർക്കും , ഭിന്നശേഷിയുള്ള ആ യുവതി  എന്തൊക്കെയോ പറയുന്നു തനിയെ ചിരിക്കുന്നു .. 
അമ്മ പെട്ടന്ന് ചായയും പലഹാരങ്ങളുമായി വന്നു അവർക്ക് കൊടുത്തു , ഈ കാര്യത്തിൽ അമ്മയെ സമ്മതിക്കണം. എനിക്ക് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി താരാൻ കഴിയില്ല എന്ന് പറഞ്ഞ ആളാണ് ഇപ്പോൾ അവർക്കു ചായയും പാലഹാരവും.. സുഖമില്ലാത്ത ആളായതുകൊണ്ടാകും അല്ലേ.. 
“നീ ചായ കുടിക്കുന്നില്ലേ”
“അഹ് കിട്ടിയാൽ കുടിക്കാം”
“നിന്റെ കയ്യിൽ വാതം ഒന്നും പിടിച്ചിട്ടില്ലല്ലോ, നീ ആണല്ലല്ലോ എടുത്തു തരാൻ വേണേൽ പോയി എടുത്ത് കഴിക്ക്”
ഇത് കേട്ടതും എനിക്ക് ദേഷ്യം വന്നു എങ്കിലും മിണ്ടാതങ്ങിരുന്നു.
 വീണ്ടും ഒരു ചിന്ത മനസ്സിൽ, ഈ ആണുങ്ങളുടെ കൈക്ക് വല്ല പ്രത്യേകതയും ഉണ്ടോ ? അവർക്ക്  ഭക്ഷണങ്ങൾ എടുത്ത് കഴിക്കാൻ പറ്റില്ലേ? ഈ പെണ്ണിന് മാത്രം ഇതൊക്കെ പറ്റു ഓഹ് എനിക്ക് വയ്യ .. പെണ്ണായി ജനിക്കണ്ടായിരുന്നു.. അടുത്ത ജന്മത്തിൽ ഒരു ആണായി ജനിച്ചാൽ മതിയായിരുന്നു . അല്ല അങ്ങനൊരു പുനർജ്ജന്മം ഉണ്ടോ ആവൊ എന്തേലും ആകട്ടെ..
 അമ്മയുടെ പുറകെ ഞാൻ അകത്തേക്ക് പോയി,
“അമ്മാ , അവരെന്തിനാ ഇവടെ വന്നേ, ?
“അവർക്കെന്താ ഇവിടെ വന്നാൽ”
“അതല്ല അമ്മാ വയ്യാത്ത ചേച്ചിയല്ലേ”
“അഹ് അതുകൊണ്ടാ ഇങ്ങോട്ട് കൊണ്ടുവന്നെ, ആ അമ്മയുടെ ഒറ്റ മോളാണ് , അവർക്ക് വേറെ ആരും ഇല്ല ഭർത്താവു മരിച്ചു അസുഖക്കാരിയായ  ആ മോളേ ഉള്ളു”
   അങ്ങനെ അമ്മ അവരുടെ ജീവിതം വിവരിച്ചു തുടങ്ങി . കേട്ട് കഴിഞ്ഞപ്പോൾ സങ്കടം തോന്നി അതിലേറെ ഈ സമൂഹത്തോട് പുച്ഛം തോന്നി ..  ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീടും , അസുഖകാരിയായ ഒരു മകളും മാത്രം സംമ്പാദ്യമായി ഉള്ള ആ അമ്മ… ജീവിതം കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ട് പോകുന്നു.  സുഖമില്ലാത്ത ആ യുവതിയെ അടച്ചുറപ്പില്ലാത്ത ആ ഒറ്റമുറിക്കുള്ളിലാക്കിയിട്ടാണ്  ആ അമ്മ ജോലിക്ക് പോകുന്നത്.. ഒരു ദിവസം ആ അമ്മ ഇല്ലാത്ത നേരം നോക്കി മദ്യപാനികളായ കുറച്ചു യുവാക്കൾ ആ സ്ത്രീയെ ആക്രമിച്ചു , അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കാമവെറി പൂണ്ട ചെന്നായിക്കൾ, ഒന്ന് ഒച്ചവെച്ചു കരയാൻ പോലും ആകാത്ത ആ സ്ത്രീയെ  ഉപദ്രവിച്ചു. ഒരു ജീവശ്ചവമായി ആ മിണ്ടാപ്രാണി അവിടെ നരകിച്ചു. മനുഷ്യനായി പിറന്നതിൽ എനിക്ക് എന്നോട് തന്നെ  പുച്ഛവും അമർഷവും രോഷവും തോന്നി.. സമാനമായ പല വാർത്തകളും ഞാൻ പത്രമാധ്യമങ്ങളിൽ കൂടി  അറിഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ ഈ കൊച്ചു ഗ്രാമത്തിലും ഇതൊക്കെ സംഭവിച്ചെന്നു കേട്ടപ്പോൾ ഹൃദയം തകർന്നുപോയി.
  അന്നുതൊട്ടു ആ അമ്മ പോകുന്നിടത്തൊക്കെ ആ മകളെയും കൊണ്ട് നടക്കുന്നു.. 
   പാവം , ആ അമ്മയുടെ മനസ്സിൽ നീറിപ്പുകയുന്ന ചോദ്യങ്ങൾ പലതുണ്ട് അത് ആ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു , നാളെ മരണത്തിന് ആ അമ്മ കീഴടങ്ങിയാൽ പിന്നെ ആ മകൾക്ക് ആരാണ് തുണ????
     ദയനീയമായ ഒരു നോട്ടം അതല്ലാതെ എനിക്ക്  വേറൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. പ്രതികരിക്കാൻ കഴിയാതെ , ഒന്നും കാണാതെ , കേൾക്കാതെ, പറയാതെ ഞാനും ഈ സമൂഹത്തിൽ ജീവിക്കുന്നു ഒരു മനുഷ്യനായി , നമ്മുടെ സമൂഹത്തിൽ ഇങ്ങനെ പീഡനങ്ങൾ അനുഭവിക്കുന്ന ആയിരക്കണക്കിന് ജന്മങ്ങൾ ഉണ്ട് , സംരക്ഷിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നെങ്കിൽ…
മനുഷ്യരുടെ കണ്ണുകളിൽ അന്ധതയാണോ?
അതോ അങ്ങനെ ഒരു  അന്ധതയുടെ മൂടുപടം അണിഞ്ഞുകൊണ്ടു ജീവിക്കുന്നതാണോ?
  ആ അമ്മയുടെയും മകളുടെയും നാളത്തെ ഗതി എന്താകും എന്നിങ്ങനെ പല ചോദ്യങ്ങളും മനസ്സിനെ വല്ലാതങ്ങ് അസ്വസ്ഥമാക്കി… പല ചിന്തകളും  മനസ്സിലിട്ടു നീറ്റി പുകച്ചുകൊണ്ടു എന്റെ ഒരു ദിനം കൂടെ കടന്നു പോകുന്നു
      ഒരു ചോദ്യം മാത്രം ….
ഇവിടത്തെ മനുഷ്യരുടെ കണ്ണുകളിലെ അന്ധത പോലെ, മനസ്സുകളിലും അന്ധതയാണോ??????
                                    #നീലാംബരി#
RELATED ARTICLES

Most Popular

Recent Comments