അജിന സന്തോഷ്. (Street Light fb group)
പുറത്ത് തുലാമഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു..
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അനു ആ മഴ നോക്കികൊണ്ട് വെറുതേ ഉമ്മറത്തിരുന്നു..
അപ്പോളാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്… മെസ്സേജ് ആണ്..
അവള്‍ ഫോണ്‍ എടുത്ത് മെസ്സേജ് തുറന്ന് നോക്കി….
രാഹുലിന്‍റെ മെസ്സേജ്..
‘നാളെ എന്‍റെ വിവാഹനിശ്ചയമാണ്..
എന്നെ ശപിക്കരുത്’…
അനുവിന്‍റെ മനസ്സ് ഓര്‍മ്മകളിലൂടെ പുറകോട്ട് പോയി..
ഏഴ് വര്‍ഷം പ്രണയിച്ചതാ താനും രാഹുലും.. കോളേജില്‍ വെച്ച് തുടങ്ങിയ ബന്ധം.. പക്ഷേ സാധാരണ ക്യാംപസ് പ്രണയം പോലെ അത് അവിടെ ഒടുങ്ങിയില്ല…
പഠിത്തം കഴിഞ്ഞും പ്രണയം തുടര്‍ന്നു..
ആര്‍ക്കും അസൂയ തോന്നുന്ന പ്രണയജോഡികള്‍.. വീട്ടുകാര്‍ക്കും തങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പില്ലായിരുന്നു..
സന്തോഷത്തിന്‍െറ നാളുകള്‍ എത്ര പെട്ടെന്നാണ് അവസാനിച്ചത്…
കാന്‍സറിന്‍െറ രൂപത്തില്‍, വിധി തന്‍റെ സ്വപ്നങ്ങളെല്ലാം കവര്‍ന്നെടുത്തു..
ആദ്യമൊക്കെ എല്ലാത്തിനും രാഹുല്‍ കൂടെയുണ്ടായിരുന്നു.. അവന്‍ കൂടെയുണ്ടെങ്കില്‍ വിധിയെ കീഴടക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു..
കുറച്ച് കഴിഞ്ഞപ്പോള്‍ അവനു മടുത്തിട്ടാവും; മരുന്നിന്‍െറ ഗന്ധം മാത്രമുള്ള തന്‍റെയരികിലേക്ക് അവന്‍
വരാതെയായി…
അനു, മുടിയൊക്കെ കൊഴിഞ്ഞ് മൊട്ടയായിപ്പോയ തന്‍റെ തലയില്‍ വെറുതേ വിരലോടിച്ചു..
രാഹുലിന് ഒരുപാട് ഇഷ്ടമായിരുന്നു തന്‍റെ മുടി.. സ്കൂട്ടറോടിക്കാന്‍ പഠിപ്പിക്കുംബോള്‍ അവന്‍റെ മുഖത്തേക്ക് തന്‍റെ മുടി പാറിവീഴുമ്പോളുള്ള സുഖത്തെക്കുറിച്ച് എപ്പോളും പറയും.. ഇനി അതൊന്നും ഓര്‍ത്തിട്ട് കാര്യമില്ലല്ലോ.. എല്ലാം അവസാനിച്ചില്ലേ..
താന്‍ ഒരിക്കലും രാഹുലിനെ കുറ്റപ്പെടുത്തില്ല… ചികിത്സ കഴിഞ്ഞ് ജീവച്ഛവമായിരിക്കുന്ന തന്നെ അവനെന്തിനാ?..
അവന്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കട്ടെ..
അവനോടുള്ള പ്രണയം ഒരു നൊമ്പരമായി എന്നും തന്‍റെയുള്ളിലുണ്ടാകും….
നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ മറ്റാരും കാണാതിരിക്കാന്‍ അനു ആ മഴയിലേക്ക് ഇറങ്ങി നിന്നു….