Sunday, November 24, 2024
HomeLiteratureഅദ്ധ്യാപനം (കഥ).

അദ്ധ്യാപനം (കഥ).

ഷെരീഫ് ഇബ്രാഹിം.
അരുവിക്കര എന്ന കുഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പെൻഷൻ വാങ്ങാൻ വരാനുള്ള ബുദ്ധിമുട്ട് ആലോചിക്കാനേ വയ്യ. എണ്‍പത് വയസ്സെന്ന പ്രായവും ബസ്സ്‌ കിട്ടാനുള്ള പ്രയാസവും. വളരെ നേരത്തെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു. അങ്ങിനെ ട്രെഷററിയുടെ അടുത്തെത്തി. എന്നിട്ടും ലൈനിൽ നാലഞ്ചു പേർ സ്ഥാനം പിടിച്ചിട്ടുണ്ട്. അവരുടെ പിന്നിലായി നിന്നു.
അധികം നേരം നിൽക്കാൻ പറ്റാത്തത് കൊണ്ട് ഒരു പഴയ ന്യൂസ്‌പേപ്പർ വിരിച്ചു അതിൽ ഇരുന്നു. തണുപ്പ് കാലത്തെ രാവിലെ സൂര്യപ്രകാശത്തിന്നു നല്ല ചൂട്. ഓഫീസ് തുറക്കാൻ സമയമായിട്ടും ആരും എത്തിയിട്ടില്ല. കുറെ നേരത്തെ കാത്തിരിപ്പിന്നൊടുവിൽ ഓഫീസ് ക്ലീൻ ചെയ്യാൻ ഒരു ചെറുപ്പക്കാരൻ എത്തി. അപ്പോഴേക്കും ലൈനിന്റെ നീളം വലുതായിരിക്കുന്നു.
‘എല്ലാവരും ഒന്ന് മാറി നിന്നേ’ ആ ചെറുപ്പക്കാരന്റെ ഗൌരവത്തിലുള്ള വാക്ക് കേട്ടപ്പോൾ ലൈനിൽ നിന്നിരുന്ന ഒരാൾ ചോദിച്ചു.
‘നിനക്കൊന്ന് സൌമ്യമായി പറഞ്ഞു കൂടെ?’
‘ഇത്രക്കൊക്കെ സൌമ്യതയെ എന്റെ കയ്യിലുള്ളൂ. ആട്ടെ നിങ്ങളാരാ?’
‘ഞാനൊരു റിട്ടയേർഡ്‌ പോലീസ് ഓഫീസർ ആണ്’ അദ്ദേഹം മറുപടി കൊടുത്തു.
‘റിട്ടയേർഡ്‌ അല്ലെ? ഇപ്പോൾ പോലീസ് അല്ലെല്ലോ? പോലീസ് മുറയൊക്കെ ഇനി വേണ്ട’
ആ പോലീസ് ഓഫീസർ പിന്നെ ഒന്നും പറഞ്ഞില്ല.
‘ആട്ടെ, മോനെ കുറച്ചു വർഷം കഴിഞ്ഞാൽ നീയും ഇത് പോലെ ലൈൻ നിൽക്കണമെന്ന് ഓർക്കണം,’
എന്റെ വാക്ക് കേട്ടപ്പോൾ ആ ചെറുപ്പക്കാരന്റെ സ്വഭാവത്തിന്റെ മാറ്റം കണ്ടു.
‘മാഷെ, ക്ഷമിക്കണം. എന്റെ ഭാഗത്തും തെറ്റുണ്ട്.’
ആ മാഷെ എന്നുള്ള വിളി കേട്ടപ്പോൾ എന്തോ ഒരു സുഖം, ആ വിളിയിൽ ഒരു പാട് തേനും വയമ്പും മധുരവും ഉണ്ട്.
ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ചെറിയ വിശപ്പുമുണ്ട്‌. ലൈനിൽ നിന്നും പോയാൽ തിരിച്ചു വന്നാൽ സ്ഥലം കിട്ടിയില്ലെങ്കിലോ. അപ്പോഴാണ്‌ ഒരു ചെറുപ്പക്കാരൻ കെറ്റിലിൽ ചായ കൊണ്ട് നടന്ന് വിൽക്കുന്നത് കണ്ടത്.
അവന്റെ കയ്യിൽ നിന്ന് ഒരു ചായ വാങ്ങി. പൈസ കൊടുത്തപ്പോൾ അവൻ വാങ്ങാൻ കൂട്ടാക്കിയില്ല.
‘മാഷെ, മാഷ്‌ എന്റെ വാപ്പാനെ പഠിപ്പിച്ചിട്ടുണ്ട്’ അവൻ പറഞ്ഞു.
‘എന്താണ് മോനെ നിന്റെ വാപ്പാടെ പേര്?’ ഞാനവനോട് ചോദിച്ചു
‘കുഞ്ഞിമുഹമ്മദ്‌. എന്റെ പേര് നൌഫൽ എന്നാണ്’
ആദ്യം എനിക്ക് അദ്ധേഹത്തെ മനസ്സിലായില്ല. ഒരു പാട് വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ടല്ലോ? പക്ഷെ പിന്നീട് വിശദീകരിച്ചു പറഞ്ഞപ്പോൾ ആളെ മനസ്സിലായി.
‘വാപ്പ എന്ത് ചെയ്യുന്നു?’ ഞാനവനോട് തിരക്കി.
‘പത്തു കഴിഞ്ഞപ്പോൾ വാപ്പ പഠിപ്പ് നിർത്തി. ഇപ്പോൾ പറമ്പ് കിളയൊക്കെയായി ജീവിക്കുന്നു.’
‘താൻ എത്ര പഠിച്ചു?’
‘ഞാൻ പത്തു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി. 90 ശതമാനം മാർക്ക് ഉണ്ടായിരുന്നു. പിന്നെ എന്നെ പഠിപ്പിക്കാൻ പണം ഇല്ലാത്തത് കൊണ്ടാണ് ഞാൻ പഠിപ്പു നിർത്തിയത്’
‘എന്റെ ഈശോയെ എന്താണ് ഞാൻ ഈ കേൾക്കുന്നത്?’ കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.
‘താൻ ഒരു കാര്യം ചെയ്യൂ. ഒരു മണിയാവുമ്പോൾ ഇങ്ങോട്ട് ഒന്ന് വരണം’ എന്നവന് നിർദേശം കൊടുത്തു.
ചായയുടെ പൈസ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാനവന് നിർബന്ധിച്ചു പൈസ കൊടുത്തു
പതിനൊന്നര മണിയായപ്പോൾ പെൻഷൻ പണം കിട്ടി.
ഇനി ആ പയ്യൻ വന്നിട്ടേ പോകാൻ പറ്റൂ.
എന്തെങ്കിലും കഴിക്കാമെന്നു കരുതി അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾ എന്റെ അടുത്ത് വന്നു ചോദിച്ചു ‘വരാപ്പുഴ മാഷല്ലേ?’
അതെ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം സ്വയം പരിചയപ്പെടുത്തി
‘ഞാൻ മാഷെ ഒരു വിദ്യാർഥിയാണ്. ജബ്ബാർ’
‘റേഷൻകട നടത്തിയിരുന്ന ഇസ്മയിൽ സായിബിന്റെ മകൻ…..?????’
‘അത് തന്നെ’
‘താൻ ഇപ്പോൾ എന്ത് ചെയ്യുന്നു? ഇപ്പോഴും സാഹിത്യ വാസനയൊക്കെ ഇല്ലേ?’
അയാൾ ഗൾഫിലാണെന്നും സാഹിത്യവാസന ഉണ്ടാക്കിയത് മാഷാണെന്നും പറഞ്ഞു. ഞാനും എന്റെ ഭാര്യ വേറൊനിക്കയും കൂടി വാരാപ്പുഴയിലുള്ള എന്റെ തറവാട്ടിലേക്ക് പോകാൻ എടമുട്ടത്ത് ബസ്‌ കാത്തു നിൽക്കുമ്പോൾ ഈ ജബ്ബാർ കാർ നിർത്തി എന്റെ അടുത്ത് വന്നതും എന്നോട് കാറിൽ കൊണ്ട് വിടാമെന്ന് ആൽമാർത്തമായി പറഞ്ഞതും ഓർമവന്നു.
‘മാഷെ, എനിക്ക് ഇത്തരത്തിൽ സാഹിത്യവാസനയുണ്ടെന്നു കണ്ടെത്തിയത് മലയാളം മാഷായ അങ്ങാണ്. അത് കൂടാതെ, ഞാൻ അറിയാതെ എനിക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകിയതും മാഷാണ്. അത് ഞാൻ ഒരിക്കലും മറക്കില്ല’
‘നമ്മൾ എഴുതുക, അത് നമ്മൾ തന്നെ വായിച്ചു നോക്കുക. നമുക്ക് നന്നായി എന്ന് തോന്നിയാൽ മറ്റുള്ളവർക്ക് വായിക്കാൻ കൊടുക്കാം. എന്ത് വിമർശനം വന്നാലും തളരരുത്. നല്ല വിമർശനം വന്നാൽ സ്വീകരിക്കുക. അത് പോലെ നല്ല അഭിപ്രായം കേട്ടാൽ അഹംഭവിക്കരുത്.’ ഞാൻ അയാൾക്ക്‌ ഉപദേശം നൽകി.
അദ്ദേഹം വീണ്ടും എന്നോട് വീട്ടിൽ കൊണ്ടന്നാക്കാമെന്നു പറഞ്ഞു. പക്ഷെ കുഞ്ഞിമുഹമ്മദിന്റെ മകനെ കാണേണ്ടത് കൊണ്ട് ഇപ്രാവശ്യവും ഞാൻ സ്നേഹത്തോടെ നിരസിച്ചു.
ഒരു മണി ആവുന്നതിന്ന് മുമ്പ് തന്നെ കുഞ്ഞിമുഹമ്മദിന്റെ മകൻ നൌഫൽ എന്റെ അടുത്ത് വന്നു.
ഞാൻ എന്റെ കയ്യിലുള്ള പെൻഷന്റെ പൈസ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ‘ മോനെ നൌഫൽ, ഈ പണം നീ എടുക്കുക, ഇനിയും വേണമെങ്കിൽ ഞാൻ തരാം. എന്റെ ജീവിതാവസാനം വരെയുള്ള പെൻഷൻ പണം നിനക്ക് ഞാൻ തരും. നീ തുടർന്ന് പഠിക്കണം. പിന്നെ പഠിത്തത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എനിക്കറിയാവുന്ന അറിവ് നിനക്ക് പകർന്നു തരാം.’
അവൻ വിങ്ങി പൊട്ടി പറഞ്ഞു. ‘മാഷെ ഇത് ഏതെങ്കിലും സദസ്സിൽ വെച്ച് തരുകയാണെങ്കിൽ മാസ്റ്റെർക്കു ഒരു ഖ്യാതി കിട്ടൂലെ?
‘എനിക്ക് അങ്ങിനെയുള്ള ഖ്യാതി വേണ്ട. ദൈവത്തിന്റെ പുണ്യമേ വേണ്ടൂ’. എന്ന് ഞാനവന് മറുപടി കൊടുത്തു.
————————————————
മേമ്പൊടി:
ജോലിയിലുള്ളപ്പോഴും പെൻഷൻ പറ്റിയാലും ജീവിതകാലം മുഴുവൻ ബഹുമാനിക്കുന്ന ഒരു സംബോധനയാണ് മാഷെ എന്നുള്ളത്. എന്നാൽ ദേഷ്യം വരുമ്പോൾ ഭർത്താക്കന്മാർക്ക് ഭാര്യമാരെ ചീത്ത വിളിക്കാൻ പറ്റാത്ത ചില പേരുകളാണ്, ഓമന, തങ്കം എന്നുക്കെയുള്ളത്. കാരണം ഓമനയുടെ ഭര്ത്താവിന്നു ദേഷ്യം വന്നു എന്നിരിക്കട്ടെ. എങ്ങിനെ ചീത്ത പറയും. ‘ഓമനേ ഞാൻ നിന്നെ കൊല്ലും’ എന്ന് പറയാൻ പറ്റുമോ?
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments