എന്‍റെ പ്രീഡിഗ്രിക്കാലം. എറണാകുളം ലിസ്സി ഹോസ്പ്പിറ്റലിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ ഞാന്‍ ഫിസിക്സ് ടൂഷന് പോകുന്നുണ്ട്.
ആയിടയ്ക്ക് എന്‍റെ വീടിനടുത്തുള്ള റോയി ചേട്ടനെ കാലൊടിഞ്ഞു ലിസ്സിയില്‍ കിടത്തിയിരുന്നു. കൂട്ടിനു ചേട്ടന്‍റെ ഭാര്യ ഷീലയും ഉണ്ട്. ഞാന്‍ ട്യൂഷന് പോകുന്ന ദിവസങ്ങളില്‍ റോയി ചേട്ടന്‍റെ അമ്മ എന്‍റെ കയ്യില്‍ അവര്‍ക്കുള്ള ബെഡ് ഷീറ്റ്, മുണ്ട്, നൈറ്റി ഇവയില്‍ എന്തെങ്കിലും തന്നു വിടും. എന്തായാലും എന്‍റെ ബാഗില്‍ കൊള്ളുന്ന പൊതിയെ ഞാന്‍ കൊണ്ട് പോകൂ.
ഒരു ദിവസം ട്യൂഷന് പോകാനായി ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്ക്കു കയാണ്. അന്നൊക്കെ പത്തു പതിനഞ്ചു മിനിട്ട് നിന്നാലേ ഒരു ബസ്സ് വരുള്ളൂ.
സ്റ്റോപ്പില്‍ ഓരോരുത്തരായി വന്നു തുടങ്ങി . കൂട്ടത്തില്‍ അക്കാലത്തെ മൂന്ന് നാല് ചെത്ത് പയ്യന്മാരും.സ്റ്റോപ്പില്‍ നില്ക്കുന്നവരെല്ലാം ഒരു വിധം പ്രായമുള്ള വരായത് കൊണ്ട് ചെക്കന്‍ മാരുടെ ശ്രെദ്ധ എന്‍റെ മേല്‍ ആണന്നു മനസിലാക്കിയ ഞാന്‍ വല്യ ഗമയില്‍ നില്ക്കുകയാണ്.
അപ്പോഴാണ് എന്നെ തകര്‍ത്തു കളഞ്ഞു കൊണ്ട് കണ്ടാല്‍ അറപ്പ് തോന്നിക്കുന്ന ഒരു ചാവാലി പട്ടി എന്‍റെ അടുത്തേക്ക് വന്നത്. വല്യ പരിചയം ഉള്ളത് പോലെ എന്നെ കണ്ടു അത് വാലാട്ടുന്നുമുണ്ട്. പട്ടിക്കു ആള് മാറിയതായിരിക്കും എന്ന് കരുതി ഞാന്‍ മാറി നിന്നു.
“ഏയ് ഞാന്‍ ഉദ്ദേശിച്ച ആള്‍ ഇത് തന്നെ” എന്ന മട്ടില്‍ പട്ടി വാലാട്ടി എന്‍റെ പുറകെ. ഞാന്‍ “പോ പട്ടീ” എന്ന് പറഞ്ഞു സ്റ്റോപ്പില്‍ തലങ്ങും വിലങ്ങും നടന്നു. പട്ടി എന്‍റെ പുറകെ തന്നെ. കൂടി നിന്നവര്ക്ക് തമാശ … “കുട്ടിയുടെ ഗമയോന്നുംപട്ടിക്കില്ലല്ലോ അയ്യേ ” എന്ന് പറഞ്ഞു ആ ചെക്കന്മാര്‍ എന്നെ കളിയാക്കി .
കുറച്ചു നേരം കഴിഞ്ഞു ബസ് വന്നു . പട്ടി എന്‍റെ പുറകെ ബസ്സില്‍ കയറാനും ഒരു ശ്രെമം നടത്തി. കിളി ഓടിച്ചു വിട്ടു. ബസ് നീങ്ങി… ബസ് പോകുന്നതും നോക്കി പട്ടി നില്ക്കുന്നത് കണ്ടു ഞാന്‍ ആശ്വസിച്ചു. ബസ്സില്‍ വല്യ തിരക്കില്ല . ഡ്രൈവറുടെ എതിരെ ഉള്ള പെട്ടിപ്പുറത്തു ഞാന്‍ ഇരുന്നു .
ടിക്കറ്റ് എടുക്കാനായി ഞാന്‍ പത്തു പൈസ നീട്ടി . അത് വാങ്ങി കണ്ടക്റ്റര്‍ ഉറക്കെ ഒരു ഡയലോഗ് “പട്ടു പാവാടയും ഇട്ടു നടന്നാല്‍ പോരാ പട്ടിക്കു വല്ലതും കൊടുക്കണം” ബാക്കി ബസില്‍ കയറിയ ആ പയ്യന്മാര്‍ ഏറ്റു പിടിച്ചു. ഈ ബസ് എവിടെയെങ്കിലും ചെന്ന് ഇടിച്ചു ഞാന്‍ “ഒഴികെ” ബാക്കി എല്ലാവരും ചത്തു പോണേ എന്ന പ്രാര്‍ത്ഥനയുമായ് ഞാന്‍ ഇരുന്നു. ലിസ്സി സ്റ്റോപ്പ് എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി. പെണ്പിള്ളേര്‍ ഇറങ്ങുമ്പോള്‍ കിളികള്‍ ആ സ്റ്റെപ്പില്‍ തന്നെയാണല്ലോ നില്ക്കു ന്നത്.പോണ വഴിക്ക് ഒരു തട്ടലും മുട്ടലും അത്രേ ഉള്ളൂ അവന്മാരുടെ ഉദ്ദേശം . ഈ കിളിയും ഞാന്‍ ഇറങ്ങിയപ്പോള്‍ എന്‍റെ ചെവിയില്‍ പറഞ്ഞു “നാളെ വരുമ്പോളും കൊണ്ട് വരണം കേട്ടോ പട്ടിയെ “. അവന്‍റെ മുഖത്തു നോക്കി ഞാനും പറഞ്ഞു “നീ പോടാ പട്ടീ “.
ഞാന്‍ ട്യൂഷന് പോകാതെ നേരെ ഹോസ്പ്പിറ്റലി ലേക്ക് പോയി .വാതില്‍ തുറന്നു എന്നെ കണ്ടതും ഷീല ചേച്ചി ചോദിച്ചു “നീ എന്താടീ ഇഞ്ചി തിന്ന കുരങ്ങന്‍റെ മാതിരി ?”
വിവരം എല്ലാം പറഞ്ഞു. ഞാന്‍ വൈകിട്ട് വരെ അവിടിരുന്നു. തിരിച്ചു വരുമ്പോള്‍ പട്ടിയെ കണ്ടാലോ എന്ന് കരുതി ഞാന്‍ അപ്പുറത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങി വേറെ വഴിയിലൂടെ വീട്ടില്‍ വന്നു വിവരം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു “നിന്നെ കണ്ടപ്പോള്‍ കൂട്ട് കൂടാന്‍ പറ്റിയ ആളാണെന്നു പട്ടിക്കു തോന്നിക്കാണും” പിറ്റേ ദിവസവും ഞാന്‍ ആശുപത്രിയില്‍ ചെന്നു. എന്നെ കണ്ടതെ റോയി ചേട്ടന്‍ പറഞ്ഞു “എടീ ക്യാന്ടീനിലെ കറി ഒന്നും പിടിക്കുന്നില്ലാ എന്ന് ഞാന്‍ അമ്മയോട് പറഞ്ഞായിരുന്നു. “അതിനു ഞാന്‍ എന്ത് വേണം” എന്ന മട്ടില്‍ ഞാന്‍ ചേട്ടനെ നോക്കി .. ചേട്ടന്‍ പറഞ്ഞു “വെറുതെ അല്ല ഇന്നലെ നിന്‍റെ പുറകെ പട്ടി വന്നത് ഇന്നലത്തെ പൊതിയില്‍ അമ്മ കുറച്ചു ഉണക്ക മീന്‍ വറുത്തതും വെച്ചിരുന്നു .
“വെട്ടിതിരിഞ്ഞ ഞാന്‍ എന്‍റെ കയ്യിലെ ബാഗും ആയി ചേട്ടന്‍റെ പ്ലാസ്റ്ററിട്ട കാല്‍ ലക്ഷ്യമാക്കി പാഞ്ഞു ..”ചതിക്കല്ലേ മോളെ “ എന്ന് പറഞ്ഞു ഷീല ചേച്ചി എന്നെ വട്ടം പിടിച്ചു …
അന്നത്തോടെ ആശുപത്രിയിലേക്കുള്ള പൊതി കൊണ്ട് പോക്ക് ഞാന്‍ നിര്‍ത്തി … “ഇത് ചെറുത്” ഇതിലും വലുത് നമ്മള്‍ ഇടയ്ക്കൊക്കെ പത്രത്തില്‍ വായിക്കാറുണ്ട് … കൂട്ടുകാരനോടുള്ള വിശ്വാസത്തിന്‍റെ പുറത്തു അവന്‍ കൊടുത്ത് വിടുന്ന പൊതി എന്താന്നു പോലും നോക്കാതെ ബാഗില്‍ വെച്ച് കൊണ്ട് പോകുകയും പിന്നീട് എയര്‍ പോര്‍ട്ടില്‍ വെച്ച് പിടിക്കപ്പെട്ടു മയക്കുമരുന്ന് കേസിലെ പ്രതി ആകുകയും ചെയ്യുന്ന ചില നിരപരാധികളുടെ കഥകള്‍. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്… സ്വന്തം നിഴലിനെ പ്പോലും…