ഡാളസ് കൗണ്ടി: ഗാർലണ്ടിൽ ജൂൺ 7 ന് നടന്ന റൺ ഓഫ് ഇലെക്ഷനിൽ ഗാർലാൻഡ് മേയർ ആയി ഡിലൻ ഹെഡ്രിക്ക് എതിർ സ്ഥാനാർഥിയായ ഡെബ്ര മോറിസിനെ പരാജയപ്പെടുത്തി വിജയം നേടി. രാത്രി 12 മണിയോടെ അകെ എണ്ണിത്തീർത്ത 7749 വോട്ടിൽ ഡിലൻ നേടിയത് 4006 വോട്ടുകളാണ്. ഡെബ്ര നേടിയത് 3743 വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 263 വോട്ടുകൾക്കാണ് ഡിലൻ ഡെബ്രയെ പരാജയപ്പെടുത്തിയത്. ഒഫീഷ്യൽ റിപ്പോർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ നമ്പർ മാറുവാൻ സാധ്യതയില്ല.
മെയ് മൂന്നിനായിരുന്നു ആദ്യം പോരാട്ടം. അതിൽ 6 സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. മലയാളികളായ പി. സി. മാത്യുവും ഷിബു സാമുവേലും മത്സരാർത്ഥികൾ ആയിരുന്നതിനാൽ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച തെരെഞ്ഞെടുപ്പായിരുന്നു ഗാർലണ്ടിൽ നടന്നത്. അന്നത്തെ റിസൾട്ട്: ഡെബ്ര മോറിസ് 4167, ഡിലൻ ഹെഡ്രിക്ക് 3253, പി. സി. മാത്യു 810, ഷിബു സാമുവേൽ 726, റോയൽ ഗാർസിയ 512, കോണി രാമോസ് കൈവി 343 എന്നിങ്ങനെയാണ് പ്രതിഫലിച്ചത്.
എന്നാൽ പി. സി. മാത്യു, ഷിബു സാമുവേൽ, കോണി രാമോസ് കൈവി എന്നിവർ ഡിലനെ റൺ ഓഫിൽ പിന്തുണക്കുകയും ഇപ്പോഴത്തെ മേയർ സ്‌കോട്ട് ലെമേ, മുൻ മേയർ ലോറി ഡോഡ്സൺ എന്നിവരും മറ്റു കൌൺസിൽ അംഗങ്ങളും പരസ്യമായി ഡിലൻ ഹെഡ്രിക്കിനു പിന്തുണ പ്രഖ്യാപിക്കുകയും പി. സി. മാത്യുവും കോണിയും പോളിംഗ് സ്റ്റേഷനുകളിൽ ഏർലി വോട്ടു സമയം മുതൽ പ്രവർത്തിക്കുകയും ചെയ്തത് സഹായകം ആയി. എന്നാൽ റോയൽ ഗാർസിയയും ആദ്യകാല മേയർമാരായ റൊണാൾഡ് ജോൺസ്, ഡഗ്ലസ് അത്താസ്, തുടങ്ങിയവർ ഡെബ്രയെ പിന്തുണച്ചിരുന്നു.
ഡിലൻ ഹെഡ്രിക്കിനോട് ലേഖകൻ എന്ന നിലക്ക് ഈ വിജയത്തിൽ എന്താണ് പറയുവാനുള്ളത് എന്ന് ചോദിച്ചപ്പോൾ: “ഇത് എന്റെ മാത്രം വിജയം അല്ല, എന്നാൽ എന്നെ സഹായിച്ച എല്ലാവരുടെയും കൂടാതെ ഗാർലണ്ടിന്റെയും വിജയമാണ്” ഒപ്പം കൂടെ നിന്ന ഏവർകും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
റൺ ഓഫ് എന്ന് പറഞ്ഞാൽ ആദ്യ റൗണ്ടിൽ മൊത്തം വോട്ടുകൾ കൂട്ടുമ്പോൾ കിട്ടുന്ന നമ്പറിൽ മത്സരാത്ഥികളിൽ ഒരാൾക്ക് 50 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ കിട്ടുന്നില്ലായെങ്കിൽ ഏറ്റവും മുമ്പിൽ വന്ന രണ്ടു സ്ഥാനാർത്ഥികൾ തമ്മിൽ വീണ്ടും മത്സരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ്.
ഡിലൻ ഹെഡ്രിക്കിന്റെ ഫേസ് ബുക്കിൽ കുറിച്ചത് ഇവിടെ ചേർക്കുന്നു: “ഗാർലൻഡ് നഗരവാസികൾ എനിക്ക് നൽകിയ വിശ്വാസത്തിന് ഞാൻ അതിയായ ബഹുമാനവും വിനയവുമുള്ളവനായി നന്ദി പറയുന്നു. ഈ വിജയം എന്റെ സ്വന്തംതല്ല, നമ്മുടെ നഗരം കൂടുതൽ സുരക്ഷിതവും ശക്തവുമാവാനും സമൃദ്ധിയിലേക്ക് നയിക്കാനുമായുള്ള നമ്മുടെ ദർശനത്തിൽ വിശ്വസിച്ച എല്ലാ ഗാർലൻഡ് നിവാസികളുടേയും വിജയം ആണിത്.
എന്റെ കുടുംബത്തിനും, വീടുകൾ കതകുകളിൽ മുട്ടി വോട്ടുകൾ അഭ്യർത്ഥിച്ച അനേകം സന്നദ്ധ പ്രവർത്തകർക്കും പിന്തുണയുമായി കൂടെയുണ്ടായ എല്ലാവർക്കും ഞാൻ ഹൃദയപൂർവം നന്ദി അറിയിക്കുന്നു.
ഗാർലൻഡ് എന്ന നഗരം അതിമനോഹരമായ സാധ്യതകളുള്ള സ്ഥലമാണ്, ഞാൻ ആദ്യ ദിവസത്തിൽ തന്നെ പ്രവർത്തനം ആരംഭിക്കാൻ തയ്യാറാണ്. നമ്മുടെ റോഡുകൾ പുനർനിർമ്മിക്കുക, പൊതുസുരക്ഷ മെച്ചപ്പെടുത്തുക, സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുക, നഗര ഭരണഘടനയെ കൂടുതൽ ജനമൈത്രിയാക്കുക എന്നിവയിൽ നാം ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കും.
ഈ പ്രചരണം ഇവിടെ അവസാനിച്ചേക്കാം, പക്ഷേ യഥാർത്ഥ ജോലി ഇപ്പോഴാണ് ആരംഭിക്കുന്നത്. എല്ലാ ഗാർലൻഡ് നിവാസികൾക്കും ഞാൻ സമർപ്പിതനായി സേവനം നടത്താൻ ആഗ്രഹിക്കുന്നു, നമ്മൾ ഒന്നിച്ച് ഗാർലൻഡിനെ മുന്നോട്ട് നയിക്കട്ടെ.”
ഫോട്ടോയിൽ: ഇടത്: പി. സി. മാത്യു. വലത്: ഡിലൻ ഹെഡ്രിക്