ജോൺസൺ ചെറിയാൻ .
ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനാണ് ക്രൂരമായി മർദനമേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.യുവാവിനെ നഗരത്തിലെ റോഡിലൂടെ ഓടിച്ചിട്ട് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. വിജേഷ് റോഡിലേക്ക് വീണതിന് ശേഷം തലയിൽ കമ്പി കൊണ്ട് പ്രതികൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ എട്ടുപേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവർ തോപ്രാംകുടിയിലെ സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. സംഭവത്തിന് ശേഷം എല്ലാ പ്രതികളും എറണാകുളത്തേക്ക് ഒളിവിൽ പോയിരുന്നു. അവിടെ നിന്നാണ് മുരിക്കാശേരി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ വിജേഷ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.