Sunday, May 25, 2025
HomeSTORIESശിരോലിഖിതം.

ശിരോലിഖിതം.

ശ്രീകുമാർ ഭാസ്കരൻ.

മുന്ന എന്നാണ് അവനെ എല്ലാവരും വിളിച്ചിരുന്നത്‌. മനീഷ് എന്നാണ് പേര്. നല്ല സ്റ്റൈലന്‍ പേര്. എന്നിട്ടും മുന്ന എന്ന് അവനെ എല്ലാവരും വിളിച്ചു. മനീഷ് എന്ന് അവനെ ആരും വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടില്ല.
മുന്ന നേപ്പാളിയാണ്. ശുഷ്കശരീരി. അഞ്ചടി ഉയരം വരും. കൂര്‍ത്ത മുഖം. വെളുത്ത നിറം. ഇതൊന്നുമല്ല അവന്റെ പ്രത്യേകത. മൂക്കിനു താഴെ സൂക്ഷിച്ചു നോക്കിയാല്‍ രണ്ടു രോമം ചിലപ്പോള്‍ കണ്ടേക്കാം.
“ദൈവംതമ്പുരാന്‍ ക്ലീന്‍ ഷേവു ചെയ്തുവിട്ട പാര്‍ട്ടിയാ. ഒരു പ്രത്യേക അവതാരം”. ഒരിക്കല്‍ സാമണ്ണന്‍ പറഞ്ഞു.
ഞാന്‍ കാണ്‍പൂരില്‍ ചെല്ലുമ്പോള്‍ മുന്ന ഞങ്ങളുടെ വീട്ടില്‍ ഉണ്ട്. ഞാന്‍ ചെന്ന അന്ന് വൈകിട്ട് മുന്ന ഒരു കാര്‍ഡ്ബോര്‍ഡ് ബോക്സ്‌ നിറയെ പഴുത്ത മാങ്ങ എന്‍റെ മുന്നില്‍ കൊണ്ട് വന്നു വെച്ചു. നല്ല ചെമ്പഴുക്ക പോലെ ചുവന്ന മാമ്പഴം. അതിനു നല്ല തേന്‍ കിനിയുന്ന മധുരമായിരുന്നു.
ഞങ്ങളുടെ വീട്ടുമുറ്റത്തെ മാവിലെ മാമ്പഴമായിരുന്നു അത്. മാവിന് വലിയ ഉയരമില്ല. നല്ല ചൂടുള്ള സ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ക്ക് ഉയരം കുറവായിരിക്കു. കാരണം ഉയരം ഇല്ലെങ്കിലും അതിനു ആവശ്യത്തിനുള്ള സൂര്യപ്രകാശം കിട്ടും. ഇതില്‍ നിന്നും വ്യത്യസ്തമാണ് താഴ്വാരങ്ങളിലെ വൃക്ഷങ്ങള്‍. അവയ്ക്ക് നല്ല ഉയരം ആയിരിക്കും. കാണ്‍പൂര്‍ നിരപ്പായ ഭൂമിയാണ്‌. അവിടെ വൃക്ഷങ്ങള്‍ക്ക് ഉയരം ഇല്ല.
ഞങ്ങളുടെ മാവ് പടര്‍ന്നു പന്തലിച്ചു കിടന്നു. നാലടി മുകളില്‍ നിന്നും ശാഖകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കൊച്ചു കുട്ടികള്‍ക്ക് വരെ അതില്‍ കയറാം. ആ മാവിലെ മാങ്ങ പച്ചയ്ക്കും തിന്നാം. അല്പം പോലും പുളിയില്ല. ഒരു പ്രത്യേകത, അവിടുത്തെ മാങ്ങയുടെ തൊലിക്ക് കാഠിന്യം കൂടുതലാണ് എന്നതാണ്. നമ്മുടെ നാട്ടിലെ മാങ്ങയുടെ തൊലിയേക്കാട്ടിലും കട്ടിയുണ്ട്.
മുന്ന അക്കാര്യത്തില്‍ ബുദ്ധിമാനായിരുന്നു. അവന്‍ ആദ്യമേ തന്നെ മാവില്‍ കയറി മൂന്നു നാല് ബോക്സ്‌ നിറയെ പച്ചമാങ്ങ പറിച്ചു വെച്ചു. അത് പഴുക്കുമ്പോള്‍ തിന്നും. അതായിരുന്നു അവന്റെ ഭക്ഷണം. അല്ലാതെ എന്തെങ്കിലും അവന്‍ കഴിക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.
മാമ്പഴം എനിക്ക് തന്നിട്ട് അവന്‍ എന്തൊക്കെയോ ഹിന്ദിയില്‍ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം തലകുലുക്കി സമ്മതിച്ചു. പിന്നെ മുന്നയുടെ മുന്നില്‍ പെടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചു. മുന്നില്‍ പെട്ടാല്‍ അവന്‍ ഹിന്ദിയില്‍ തുടങ്ങും. ഇടയ്ക്ക് എനിക്ക് മറുപടി പറയേണ്ടി വരും. ഞാന്‍ ബുദ്ധിപൂര്‍വ്വം ആ ദുരന്തം ഒഴിവാക്കി. അങ്ങനെ എനിക്ക് ഭാഷാപരമായി രണ്ടു ശത്രുക്കളായി. ഒന്ന് ശാന്തി. രണ്ട് മുന്ന.
കാണ്‍പൂരില്‍ ഭാഷ മലയാളിക്കൊരു പ്രശ്നമല്ല.
ഒരിക്കല്‍ എല്‍. എല്‍. ബി. പരീക്ഷ എഴുതാന്‍ കാണ്‍പൂരില്‍ വന്ന ധര്‍മേന്ദ്രയും കൂട്ടുകാരനും അവിടെ ഒറ്റ രാത്രി കഴിഞ്ഞപ്പോള്‍ കൊതുകുവല വാങ്ങാന്‍ തീരുമാനിച്ചു. അവര്‍ കടയില്‍ പോയി. ധര്‍മേന്ദ്രയ്ക്ക് ഹിന്ദി ഒട്ടും വശമില്ല. എന്നാല്‍ കൂട്ടുകാരന് ഹിന്ദി അറിയാം എന്ന് അവന്‍ അവകാശപ്പെട്ടു. കാരണം അവന്റെ സെക്കന്റ്‌ ലാംഗ്വേജ് ഹിന്ദി ആയിരുന്നു.
അവര്‍ക്ക് രണ്ടു പേര്‍ക്കും കൊതുകുവലയുടെ ഹിന്ദിപേര് അറിയില്ല. പക്ഷെ പറഞ്ഞു മനസ്സിലാക്കിയെടുക്കാം എന്ന് കൂട്ടുകാരന് ഉറപ്പുണ്ടായിരുന്നു. കടയില്‍ എത്തി, കൂട്ടുകാരന്‍ കടക്കാരനോട് പറഞ്ഞു തുടങ്ങി.
‘രാത് മേം ചിടിയ ആത്ത ഹൈ. ഗീതു ഗാത്ത ഹെ….ഉസ്കോ പഹ്ടിനെ കേലിയെ എ നെറ്റ് ചാഹ്യെ.’- അര്‍ഥം ‘രാത്രി കിളി വരും. പാട്ട് പാടും. അതിനെ പിടിക്കാന്‍ ഒരു വല വേണം. (കുത്തുന്നതിനുമുമ്പ് നമുക്ക് ചുറ്റും മൂളിപ്പറക്കുന്ന കൊതുകിനെയാണ് സഹോദരൻ ഉദ്ദേശ്യച്ചത്). കടക്കാരന്‍ അന്തംവിട്ട് നോക്കി നിന്നു. അത് ഏതു കിളി എന്ന ഭാവത്തില്‍.
ഉടനെ ധര്‍മേന്ദ്ര കൂപ്പുകൈ തലയ്ക്കുവശത്ത് വെച്ച് തല ചരിച്ചു ഉറങ്ങുന്ന ഭാവം കാണിച്ചു.
“ഓ. മച്ച്ചര്‍ തൈനി.” പെട്ടെന്ന് കടക്കാരന്‍ പറഞ്ഞു. യുറേക്ക എന്ന് വിളിച്ചു പറയുന്ന പോലെ. ഉടന്‍തന്നെ ഒരു കൊതുകുവല എടുത്തു പൊതിഞ്ഞ് അവരുടെ കൈയ്യില്‍ കൊടുത്തു.
മാവേലി നാടിന് കഥകളി സംഭാവന ചെയ്ത മനീഷിയെ എങ്ങനെ നമിക്കാതിരിക്കും.
കാണ്‍പൂരില്‍ മാത്രമല്ല. ലോകത്തെവിടേയും മലയാളിക്ക് ഭാഷ പ്രശ്നമല്ല. കാരണം നമ്മുടെ കലാരൂപം കഥകളിയാണ്. മാവേലി നാട്ടില്‍ കഥകളി കണ്ടെത്തിയ മഹാമനീഷിയെ നെയ്യിട്ടു കുമ്പിടണം. അതുകൊണ്ടാണ് അന്തോം കുന്തോം അറിയാതെ ലോകത്തെ ഏതു രാജ്യത്തും ഏതു ഭാഷക്കാരന്റെ അടുത്തും മലയാളി നിന്നുപിഴക്കുന്നത്‌. ഒന്നുമറിയാതെ ഒരു രാജ്യത്തെത്തുന്ന മലയാളി, ആറുമാസം കഴിഞ്ഞാല്‍ അവരുടെ ഭാഷയില്‍ ഒരു നിഘണ്ടു രചിക്കും. അതാണ്‌ മലയാളിയുടെ വൈഭവം. പറഞ്ഞു വരുമ്പോള്‍ നമ്മളൊക്കെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അനന്തരാവകാശികളാണല്ലോ. മാവേലിയുടെ പിന്തലമുറ.
മുന്ന വാചാലമായി സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് അന്നേ എനിക്ക് മനസ്സിലായി. ആ തോന്നല്‍ ഉറപ്പിക്കുന്ന അനുഭവമാണ് പിന്നീടും അവനില്‍ നിന്നും ഉണ്ടായിട്ടുള്ളത്. മുന്ന ആരോടെങ്കിലും എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും. അവന്‍ സംസാരിക്കാതിരിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമാണ്. അവന്റെ ഏറ്റവും വലിയ ഇര ശാന്തിയാണ്.
ശാന്തി വളരെ പതുക്കെയാണ് സംസാരിക്കുന്നത്. പക്ഷെ കേള്‍ക്കാന്‍ സുഖമുള്ള ഒരു ഈണം ശാന്തിയുടെ സംസാരത്തില്‍ ഉണ്ട്. ആ ഈണം നേപ്പളിയാണെങ്കിലും മുന്നയ്ക്കില്ല.
മുന്ന ഇന്ത്യയില്‍ എത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. മുന്നയെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ഞാന്‍ കണ്ടിട്ടുള്ളു. എപ്പോള്‍ നമ്മളെ കണ്ടാലും മുന്ന നമ്മളെ നോക്കി ചിരിക്കും. നമ്മള്‍ അങ്ങോട്ട്‌ നോക്കി ചിരിച്ചില്ലെങ്കിലും കുഴപ്പമില്ല. കര്‍മ്മം ചെയ്യുക ഫലം ഇച്ഛിക്കണ്ട എന്ന ലൈന്‍.
മുന്ന എപ്പോഴും മുറുക്കും. അവനെ കണ്ടാൽ ഒരു പതിനെട്ടു വയസ്സ് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവന് പ്രായം ഇരുപത്തിയഞ്ച് ഉണ്ട്. മുന്ന ഞങ്ങളുടെ വീട്ടുടമ ശ്രീവാസ്തവയുടെ വീട്ടുവേലക്കാരൻ ആണ്. അവൻറെ ഏകലക്ഷ്യം പത്താം ക്ലാസ് എഴുതി പാസാകുക എന്നതാണ്.
ഞാൻ ചെല്ലുമ്പോൾ അവൻ അഞ്ചാംതവണ പത്താംക്ലാസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവൻ താമസിച്ചിരുന്നത് ഞങ്ങളുടെ കൂടെത്തന്നെയാണ്. അതായത് ഞങ്ങളുടെ വീടിൻറെ ഒരു മുറി വീട്ടുടമയ്ക്ക് മാറ്റിവച്ചിരുന്നു. വീട്ടുടമ ശ്രീവാസ്തവ ഐ. ഐ. ടി ജോലിക്കാരൻ ആയിരുന്നു. റിട്ടയര്‍ ചെയ്തു. അദ്ദേഹത്തിന് നാല് ആൺമക്കൾ, പിന്നെ ഒരു മകളും. മക്കളിൽ ഒരാൾ ഐ. ഐ. ടി. യിൽ ജോലി നോക്കുന്നതുകൊണ്ട് ആ വകയിൽ അവിടെ ഒരു ഫാമിലി ക്വാർട്ടേഴ്സ് ഉണ്ട്. അതിലാണ് എല്ലാവരും. എന്ന് വെച്ചാൽ ശ്രീവാസ്തവ, അദ്ദേഹത്തിന്റെ ഭാര്യ, മൂത്തമകൻ, അദ്ദേഹത്തിൻറെ ഭാര്യയും രണ്ടു മക്കളും, മൂന്നാമത്തെ മകൻ ദിനേശ്, നാലാമൻ നിക്കു പിന്നെ മകൾ.
അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ വിവാഹം കഴിച്ച് കുടുംബസമേതം ലഖ്നോവിൽ ആണ്. ഇടയ്ക്ക് വരും. അദ്ദേഹം ഒരു പത്രപ്രവർത്തകൻ ആണ്. ദിനേശും നിക്കുവും എം. ബി. എ. ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
ശ്രീവാസ്തവ ചില അവസരങ്ങളിൽ ഞങ്ങളുടെ വീട്ടിൽ വന്ന് താമസിക്കാറുണ്ട്. രണ്ടാമത്തെ മകൻ വരുമ്പോൾ, അവരുടെ കുടുംബസദസ്സ് കൂടുന്നത് അവിടെയാണ്. അവർക്കിടയിലെ വഴക്കുകൾ, സാമ്പത്തികപ്രശ്നങ്ങൾ, ഇളയ മകളുടെ വിവാഹാലോചന തുടങ്ങിയ എല്ലാ കാര്യങ്ങളും അവര്‍ അവിടെ ചർച്ച ചെയ്യും. ശ്രീവാസ്തവ വളരെ സ്നേഹവാനും ഉദാരമനസ്കനുമായിരുന്നു.
ഞങ്ങൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ ഒരു വലിയ ടേബിളും നാല് കസേരകളും തന്നിട്ടുണ്ടായിരുന്നു. ഒരിക്കലും ഞങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ല. വാടക കൃത്യസമയത്ത് ഞങ്ങൾ കൊടുക്കുമായിരുന്നു. ഏതെങ്കിലും കാരണവശാൽ വാടക അല്പം ലേറ്റായാൽ, വാടക വന്ന് ചോദിച്ച് ഞങ്ങളെ അദ്ദേഹം നാണക്കെടുത്തിയിരുന്നില്ല. ഒരു നല്ല മനുഷ്യൻ.
മുന്നയെ പത്താംതരം പാസാക്കി എടുക്കുക എന്നത് അവന്റെ ആവശ്യത്തേക്കാൾ ഉപരി ശ്രീവാസ്തവയുടെ ആവശ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു. കാരണം വീട്ടുവേലക്കാരനായിരുന്ന അവനെ പഠിപ്പിക്കുകയും പരീക്ഷാസമയത്ത് ഏതാണ്ട് നാല് മാസം പൂർണമായും അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി അവന് പഠിക്കാനും താമസിക്കാനും ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു ആ നല്ല മനുഷ്യന്‍. പത്താംതരം പാസായാൽ മുന്നയ്ക്ക് ഐ. ഐ. ടി. യിൽ ജോലി കിട്ടാൻ വളരെ സാധ്യതയുണ്ടായിരുന്നു. അതിനുള്ള ശ്രമത്തിലായിരുന്നു ശ്രീവാസ്തവ. പക്ഷെ മുന്നയ്ക്ക് ആ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല.
മുന്ന ഞങ്ങളുടെ വീട്ടിൽ ഞങ്ങളിൽ ഒരാളായി ജീവിച്ചു. അവന്‍ കാര്യമായി ഭക്ഷണം കഴിക്കുമായിരുന്നില്ല. പക്ഷേ എപ്പോഴും മുറുക്കിക്കൊണ്ടിരിക്കും.
ശ്രീവാസ്തവ അവനെ ഞങ്ങളുടെ കൂടെ താമസിപ്പിച്ചതിന്റെ പിന്നിൽ വലിയ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. പി. ജി. ക്കാരായ, വിദ്ധ്യാസമ്പന്നരായ ഞങ്ങളുടെ സഹവാസം കൊണ്ട്, പഠിക്കാനുള്ള തോന്നൽ അവന് ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അഞ്ചാം തവണയെങ്കിലും, നാല് പ്രാവശ്യത്തെ മുൻപരിചയത്തിന്റെ പശ്ചാത്തലത്തിൽ അവൻ രക്ഷപ്പെടുമെന്ന് അദ്ദേഹം കരുതി.
പി. ജി. ക്കാരായ ഞങ്ങൾ ഭാരിച്ച പുസ്തകങ്ങളുമായി പുറത്ത് സിമന്റ് ബെഞ്ചിൽ ഇരുന്നുപഠിക്കാറുണ്ട്. അതിൻറെ പ്രേരണ അവന് ഉണ്ടാകുമെന്ന് ഞങ്ങളും കരുതി. പക്ഷേ അതുണ്ടായില്ല. ‘മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം’ എന്ന പഴമൊഴി മുന്നയുടെ കാര്യത്തിൽ വൃഥാവിലായി. ശ്രീവാസ്തവ മുന്നയ്ക്ക് വാങ്ങിക്കൊടുത്ത വലിയ ഗൈഡ് ടെക്സ്റ്റ് പലപ്പോഴും അവന് തലയണ ആവുകയാണ് ഉണ്ടായത്.
വർഷങ്ങൾക്കുശേഷം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഒരു ഗവേഷകനായി കൂടിയ കാലം. ഡിപ്പാർട്ട്മെന്റിലെ ചില സുന്ദരിമാർ പരീക്ഷ അടുക്കുമ്പോൾ സബ്ജക്ട്ടിലെ എണ്ണപ്പെട്ട ബുക്കുകൾ ഹോസ്റ്റലിലേക്ക് തലച്ചുമടായി കൊണ്ടുപോകുന്നത് പതിവായിരുന്നു. അപ്പോൾ നമ്മൾ അവരോട് ചോദിക്കാറുണ്ട് ‘ഹോസ്റ്റലിൽ തലയണയില്ലെ എന്ന്’. പരീക്ഷയ്ക്ക് നല്ല രീതിയിൽ തയ്യാറെടുക്കാനുള്ള വെപ്രാളം ആണ് അതിനെ പിന്നിൽ എന്ന് നമ്മൾ കരുതി. പക്ഷേ ലക്ഷ്യം അതായിരുന്നില്ല. ഡിപ്പാർട്ട്മെന്റിൽ നന്നായി പഠിക്കുന്ന മറ്റു പെൺകുട്ടികൾ, ഡേ സ്കോളെഴ്സ് ഉണ്ടായിരുന്നു. അവർ ഇതൊക്കെ പഠിച്ച് നല്ല മാർക്ക് വാങ്ങി അങ്ങനെ അങ്ങ് ഷൈൻ ചെയ്യേണ്ട എന്ന ഉദാത്തമായ ലക്ഷ്യമാണ് ഈ പുസ്തകങ്ങള്‍ എല്ലാം ചുമന്നു കൊണ്ടുപോകുന്ന ത്യാഗത്തിന് പിന്നിലുള്ളത് എന്ന് പിന്നീട് ആണ് മനസ്സിലായത്. എന്തുചെയ്യാം. സുന്ദരിമാരെ ഈശ്വരൻ സൃഷ്ടിച്ചത് അങ്ങനെയാണ്. ഒരു അര ഔൺസ് അസൂയ കൂട്ടിയിട്ട്.
ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരു കാര്യം, വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് അസൂയയും കുശുമ്പും കുഞ്ഞായ്മയും മത്സരബുദ്ധിയും എല്ലാം കൂടുതല്‍ ഉള്ളത് വിദ്യാഭ്യാസവും വിവരവും ഉണ്ട് എന്ന് നാം കരുതുന്ന സംസ്കാരസമ്പന്നരായ സുന്ദരിമാര്‍ക്കായിരുന്നു. അത്ഭുതകരമായ കാര്യം കാല, ദേശ, ഭാഷാഭേദമന്യേ ലോകമെമ്പാടും അത് സത്യമാണെന്നുള്ളതാണ്. വിദ്ധ്യാഭ്യാസം ഉള്ള സ്ത്രീകളേക്കാളും മറ്റുള്ളവരോട് സഹാനുഭൂതിയും സഹകരണവും കാണിക്കുന്നത് വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളായിരുന്നു. ഉദാരത, മനുഷ്യത്വം ഇതൊക്കെ അവരുടെ കൂടപ്പിറപ്പായിരുന്നു. പലപ്പോഴും വിദ്യാസമ്പന്നകള്‍ വലിയ മത്സരത്തിനും പ്രാകൃത ചിന്തയ്ക്കും അടിമകളായിരുന്നു.
ഒരിക്കൽ ഗവേഷകനായിരിക്കുന്ന കാലഘട്ടത്തിൽ ഞാൻ എൻറെ ഡിപ്പാർട്ട്മെന്റില്‍ പി. ജി ചെയ്ത് പിന്നീട് മറ്റൊരു ഗവേഷണകേന്ദ്രത്തിൽ ഗവേഷകയായ വിദ്യാർത്ഥിനിയെ അവിടെ ചെന്നപ്പോള്‍ കണ്ടു. അവള്‍ എപ്പോഴും ഒരു ഫയല്‍ മാറത്ത് അടുക്കിപ്പിടിച്ചാണ് നടന്നിരുന്നത്. അപ്പോൾ ഞാൻ ചോദിച്ചു ‘എന്തിനാണ് ഈ ഫയലും കൊണ്ടുനടക്കുന്നത്. അത് അവിടെ ലാബിൽ വച്ചാൽ പോരെ.’ അപ്പോൾ അവൾ പറഞ്ഞു. ‘പറ്റില്ല. ഇത് ആരെങ്കിലും നോക്കി എന്‍റെ ടോപിക് മനസ്സിലാക്കിയാൽ അവര്‍ ആ വർക്ക് ചെയ്യും.’ ഞാൻ ഞെട്ടിപ്പോയി.
ഗവേഷക എന്ന നിലയിലുള്ള ഒരു പെൺകുട്ടി, അത്രയും വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടി, എത്ര ബാലിശമായിട്ടാണ് മറ്റുള്ളവരെ നോക്കിക്കാണുന്നത് എന്ന യാഥാർത്ഥ്യം എന്നെ ഞെട്ടിച്ചുകളഞ്ഞു. വിദ്യാഭ്യാസം പലപ്പോഴും സ്ത്രീകളിൽ നന്മയുടെ അംശമല്ല മറിച്ച് സ്വാർത്ഥതയുടെ അംശമാണ് ഇളക്കിവിടുന്നത് എന്ന് എനിക്ക്  തോന്നി.
മുന്നയെക്കാണാൻ ബന്ധുക്കൾ ആരും എത്താറില്ലായിരുന്നു. അവൻറെ ഏറ്റവും അടുത്ത ബന്ധവും സർവ്വസ്വവും ശാന്തിയായിരുന്നു. റൂമിൽ ഉള്ളപ്പോൾ ഉറക്കം അല്ലാത്തപ്പോൾ കറക്കം അതായിരുന്നു ദിനചര്യ.
ഒരിക്കൽ സാമണ്ണന്‍ എന്നോട് പറഞ്ഞു.
“കുറുകിയ കണ്ണാണെങ്കിലും അവന് നല്ല കാഴ്ചശക്തിയാണ്.”
“ആര്‍ക്ക്?” ഞാൻ ചോദിച്ചു.
“നമ്മുടെ മുന്നയ്ക്ക്” അണ്ണന്‍ പറഞ്ഞു.
“അതെന്താ”
“അവന്‍ ആ അരണ്ട വെളിച്ചത്തിലിരുന്നു വായിക്കുന്നത് കണ്ടില്ലേ. നമുക്ക് ആ വെളിച്ചത്തില്‍ വായിക്കാന്‍ പറ്റുമോ?”അണ്ണന്‍ ചോദിച്ചു. ആദ്യമായിട്ടാണ് അണ്ണന്‍ അവനെപ്പറ്റി മതിപ്പോടുകൂടി സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നത്.
ഞാന്‍ നോക്കി. ശരിയാണ്. മുന്ന അടച്ചിട്ട ജനല്‍ പാളിക്കിടയിലൂടെ വരുന്ന ചെറിയ വെട്ടത്തില്‍ പുസ്തകത്തിലേക്ക് തന്നെ നോക്കിയിരിക്കുകയാണ്. ഞാന്‍ അല്‍പ നേരം അവനെ നോക്കിയ ശേഷം പതുക്കെ അവന്റെ അരികിലെത്തി. സാധാരണ ഗതിയില്‍ മുന്ന എന്നെ നോക്കി ചിരിക്കേണ്ടതാണ്. പക്ഷെ അതുണ്ടായില്ല. ഞാന്‍ കാര്യമായി അവനെ ശ്രദ്ധിച്ചു. പിന്നെ ശബ്ദം ഉണ്ടാക്കാതെ, പൂച്ചനടത്തം നടന്ന് പതുക്കെ ഞാന്‍ മുറിക്കു പുറത്ത് വന്നു. കാരണം ഗാഢനിദ്രയിലിരിക്കുന്നവരെ ശല്യം ചെയ്യുന്ന ശീലം എനിക്ക് പണ്ടേയില്ല.
ഞാന്‍ ഈ വിവരം അണ്ണനോട് പറഞ്ഞില്ല. വെറുതെ എന്തിന് അണ്ണന് അവനോടുള്ള മതിപ്പ് നഷ്ടപ്പെടുത്തണം. അവനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
മുന്നയുടെ പരീക്ഷ കടന്നുപോയി. പരീക്ഷാസമയത്ത് എന്നും വൈകിട്ട് അവനെക്കാണുമ്പോള്‍ അണ്ണന്‍ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.
“ഇന്നെങ്ങനെയിരുന്നു”
“അച്ചാ ഹെ” അവന്‍ പറയും. മുന്ന അതുകൊണ്ടുദ്ദേശ്യച്ചത് ചോദ്യം നന്നായിരുന്നു എന്നല്ല മറിച്ച് ചോദ്യപേപ്പര്‍ നന്നായിരുന്നു എന്നാണ്. അണ്ണന് അത് മനസ്സിലായിരുന്നില്ല എന്ന് മാത്രം.
അണ്ണന്‍ ആശ്വസിക്കും. പിന്നെ ആത്മഗതം പോലെ പറയും.
“ഇപ്രാവശ്യം അവന്‍ രക്ഷപ്പെടും.”
പരീക്ഷാസമയത്ത് എന്നും മുന്ന വളരെ ഉത്സാഹത്തോടെ പരീക്ഷ എഴുതാൻ പോകുമായിരുന്നു. അവൻറെ ഉത്സാഹം കണ്ടപ്പോൾ അവൻ എങ്ങനെയെങ്കിലും ജയിക്കും എന്ന് എല്ലാവരും കരുതി. കോപ്പി അടിച്ചെങ്കിലും. പക്ഷേ അത് ഉണ്ടായില്ല. റിസൾട്ട് വന്നപ്പോൾ ആരാധകരെ എല്ലാം നിരാശപ്പെടുത്തിക്കൊണ്ട് പതിവുപോലെ മുന്ന പൊട്ടി.
എല്ലാവര്‍ക്കും നിരാശത തോന്നി. പക്ഷെ മുന്നയ്ക്ക് മാത്രം കാര്യമായ ദുഃഖം കണ്ടില്ല. അവനതു പ്രതീക്ഷിച്ചിരുന്നു. അവനാണല്ലോ പരീക്ഷ എഴുതിയത്.
ഒരു ദിവസം ശാന്തിയോടു സംസാരിച്ചതിനുശേഷം വന്ന അണ്ണന്‍ വളരെ കോപാകുലനായിരുന്നു.
“അവന്‍ നമ്മളെ പറ്റിക്കുകയായിരുന്നു. ഇന്നേവരെ ഒരു വിഷയത്തിലും അവന് പത്തിന് മേല്‍ മാര്‍ക്ക് കിട്ടിയിട്ടില്ല.” അണ്ണന്‍ പറഞ്ഞു.
“ആരു പറഞ്ഞു.”ഞാന്‍ ചോദിച്ചു.
“ശാന്തി. ശാന്തിയാണല്ലോ അവന്റെ മന:സാക്ഷി സൂക്ഷിപ്പുകാരി”. അണ്ണന് കോപം അടങ്ങുന്നില്ല.
പക്ഷെ എനിക്കതില്‍ അത്ഭുതം തോന്നിയില്ല. കാരണം അവന്റെ മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്കുലിസ്റ്റ്‌ ഞാന്‍ അവന്റെ മുറിയില്‍ ഇരിക്കുന്നത് കണ്ടിരുന്നു. അവന്റെ മാര്‍ക്ക്, മൊബൈല്‍ നമ്പറിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഒറ്റ വിഷയത്തിനും അവന് ഒന്‍പതിന് മുകളില്‍ മാര്‍ക്കില്ല. പിന്നെങ്ങനെ അവന്‍ ജയിക്കും.
പരീക്ഷ കഴിഞ്ഞതുകൊണ്ട് മുന്ന ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും ഐ. ഐ. ടി. യിൽ ശ്രീവാസ്തവയുടെ വീട്ടിലേക്കു പോയി. അവൻ അവിടെ വേല ചെയ്യുകയായിരുന്നുവല്ലോ.
പോകുന്ന സമയത്ത് അവൻ ഞങ്ങളെ കണ്ടു. ഞങ്ങളോട് ഒരു ഫിലോസഫി പറയാനും അപ്പോള്‍ അവന്‍ മറന്നില്ല.
“പഠനം കൊണ്ട് മാത്രം കാര്യമില്ല. ജയിക്കാൻ തലേവര കൂടി നന്നാവണം”.
എന്ന് പറഞ്ഞാല്‍ അവന്റെ തോല്‍വിയുടെ ഉത്തരവാദിത്വം അവനല്ല മറിച്ച് ദൈവംതമ്പുരാനാണ് എന്ന്. അതാണ് കാര്യം. അദ്ധ്വാനം, ബുദ്ധി, ഇതൊന്നുമല്ല കാര്യം. കാര്യം തലേവരയാണ്.
അവന്റെ അരക്കെട്ടിനിട്ട് ഒരു ചവിട്ടു കൊടുക്കാനാണ് എനിക്ക് അപ്പോൾ തോന്നിയത്. എന്നും വൈകിട്ട് ശാന്തിയുമായി ചാറ്റിക്കൊണ്ടിരുന്നപ്പോൾ അവൻ ഓർത്തില്ല തലേവരയാണ് വളഞ്ഞു പോകുന്നത് എന്ന്.
പക്ഷേ ഞാൻ പ്രതികരിച്ചില്ല. ഒന്നുമല്ലെങ്കിലും രക്തരഹിത വിപ്ലവത്തിന്റെ വക്താക്കൾ ആണല്ലോ നമ്മൾ. ഉത്തരേന്ത്യക്കാരന്റെ പ്രിയപ്പെട്ട മല്ലൂസ്.
dr.sreekumarbhaskaran@gmail.com
********************

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments