Wednesday, May 28, 2025
HomeSTORIESശിഷ്യ.

ശിഷ്യ.

ശ്രീകുമാര്‍ ഭാസ്കരന്‍.

റാണ ഒരു നിമിഷം നടത്തം നിര്‍ത്തി. അല്‍പനേരം മൌനം പാലിച്ചു. പിന്നീട് എന്നോട് പറഞ്ഞു. “എനിക്കതിലാണ് അവളോട് ഇത്ര മതിപ്പ് സര്‍. അവൾ ഒരിക്കലും അത് ആരോടും പറഞ്ഞില്ല. എന്തിന് പിന്നീട് എന്നോട് പോലും ഒരു തരത്തിലും അങ്ങനെയൊരു സംഭവം ഉണ്ടായതായി അവൾ ഭാവിച്ചില്ല. ആദ്യമേ ഉണ്ടാകേണ്ടിയിരുന്ന അഭിമാനക്ഷതത്തിൽ നിന്നും അവൾ എന്നെ രക്ഷിച്ചു. ഒരു ശിഷ്യ ഗുരുവിന് നൽകിയ ഗുരുദക്ഷിണ.” റാണ പറയുന്നത് പ്രിയങ്കയെപ്പറ്റിയാണ്.
പ്രിയങ്ക ധര്‍മ്മാരം നവജ്യോതി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്ധ്യാര്‍ഥിനി ആയിരുന്നു. എന്‍റെ ശിഷ്യ. എനിക്ക് ആ കുട്ടിയെപ്പറ്റി പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല റാണാ പ്രതാപ് പറയുന്നത് വരെ. റാണ അവളുടെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു. അസം നിവാസി. സസ്യാഹാരിയും ധാര്‍മ്മികനുമായ ശുദ്ധബ്രാഹ്മണന്‍.
ചില ദിവസങ്ങളില്‍ ഞാനും റാണയും സായാഹ്നസവാരിക്കിറങ്ങും. സ്കൂളിനു മുന്നില്‍ വലിയ പാടശേഖരമാണ്. ഒരു പെയിന്റിംഗ് പോലെ മനോഹരമാണ് ധര്‍മ്മാരം. സ്കൂളില്‍ നിന്നും അല്പം അകലെയായി ഒട്ടകപ്പക്ഷികളെ വളര്‍ത്തുന്നുണ്ട്. ചിലപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട്‌ നടക്കും. ഒട്ടകപ്പക്ഷികളെ കണ്ടു നില്‍ക്കും. ഇല്ലെങ്കില്‍ ചുമ്മാ പാടവരമ്പത്ത് കൂടി ലക്ഷ്യമില്ലാതെ അലയും. അത്തരം സന്ദര്‍ഭങ്ങളിലാണ്‌ റാണ തന്റെ അനുഭവങ്ങള്‍ എന്നോട് പറയുന്നത്. മിക്കവാറും തനിക്കു പറ്റിയ അബദ്ധങ്ങള്‍ ആയിരിക്കും അത്. അതും വളരെ സരസമായി.
റാണ എത്ര സംസാരിച്ചാലും നമ്മള്‍ കേട്ടിരിക്കും. മടുപ്പ് തോന്നില്ല. പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കില്ല. എന്നും പുതിയത് എന്തെങ്കിലും പറയാനുണ്ടാകും റാണയ്ക്. റാണ ജന്മം കൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും ബ്രാഹ്മണന്‍ ആണ്. എന്നും പൂജ ഒക്കെക്കഴിഞ്ഞേ സ്കൂളില്‍ വരികയുള്ളു. ഞങ്ങള്‍ അടുത്തടുത്ത മുറികളില്‍ ആണ് താമസിച്ചിരുന്നത്. റാണ എല്ലാവര്‍ക്കും വേണ്ടി പൂജ ചെയ്യും. അതില്‍ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസമില്ല. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പൂജ ചെയ്യുമ്പോള്‍.
പരീക്ഷ കാലമായാല്‍ ആ സ്വാത്വിക ബ്രാഹ്മണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഗായത്രി പൂജ നടത്തും. പരീക്ഷ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍മ്മയുണ്ടാകാന്‍, ബുദ്ധി തെളിയാന്‍. റാണയാണ്‌ ഒരു സായാഹ്ന സവാരിക്കിടെ പ്രിയങ്ക എന്ന പുസ്തകം എന്‍റെ മുന്നില്‍ തുറക്കുന്നത്. അതുവരെ അവള്‍ എനിക്ക് കേവലം മറ്റുള്ളവരെപ്പോലെ ഒരു ശിഷ്യ മാത്രമായിരുന്നു. എന്നാല്‍ പിന്നീടാണ്‌ പ്രിയങ്ക ഒരു കഥാപാത്രമായി എന്നില്‍ നിറയുന്നത്. അതും റാണയുടെ വെളിപ്പെടുത്തലിനു ശേഷം.
“സര്‍ ഞാൻ ആദ്യമായി ഇവിടെ ധര്‍മ്മാരം സ്റ്റാൻഡിൽ വന്നിറങ്ങുമ്പോൾ കണ്ണിൽപ്പെട്ട ഇറച്ചിക്കൂറുള്ള പെണ്മണി അവളായിരുന്നു. നമ്മുടെ പ്രിയങ്ക. ഞാൻ അവളെ ചുറ്റിപ്പറ്റി അല്പനേരം നിന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു, ഒരു മഞ്ഞ ചുരിദാർ ആണ് അവൾ ധരിച്ചിരുന്നത്. സമൃദ്ധമായ മുടി പോണിടെയ്ല്‍ രീതിയില്‍ പിന്നിൽ കെട്ടിവച്ച്. മൊത്തത്തിൽ ഒരു ആനച്ചന്തം എന്ന് പറയാം. കുറച്ചു നേരം വായി നോക്കി നിന്നിട്ട് അടുത്ത ബസ്സിന് ഞാൻ സ്കൂളിലേക്ക് പോയി. സ്കൂൾ, ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ എന്നെനിക്ക് അന്ന് അറിയില്ലായിരുന്നു. എൻറെ വായിനോട്ടം അവളും നന്നായി ആസ്വദിച്ചു എന്ന് തോന്നി. ഇടയ്ക്കിടയ്ക്ക് അവളും എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. ആളിനെ അവൾ നന്നായി മനസ്സിലാക്കി എന്നര്‍ത്ഥം. ഒരു ഒത്ത പൂവൻകോഴി. അല്ലെങ്കിൽ ഒന്നാന്തരം ഒരു കാട്ടുകോഴി. പക്ഷേ സീൻ അടുത്ത ദിവസമാണുണ്ടായത്. പിറ്റേന്ന് ഞാന്‍ ക്ലാസ്സിൽ ചെല്ലുമ്പോൾ അവളുണ്ട് മുന്‍ബെഞ്ചിലിരിക്കുന്നു. ഞാന്‍ ആണേല്‍ അവളുടെ ക്ലാസ് ടീച്ചർ കൂടി ആയിരുന്നു. ഞാൻ ഒരു നിമിഷം ഷോക്കടിച്ചു നിന്നുപോയി. പക്ഷേ അവൾ ആദ്യം അത്ഭുതപ്പെട്ടെങ്കിലും പിന്നീട് പൊട്ടിച്ചിരിച്ചു. ക്ലാസിന്റെ ബഹളത്തിൽ അധികം ആരും അത് ശ്രദ്ധിച്ചില്ല. അന്ന് ഹാജർ വിളിക്കുമ്പോൾ ഒരേ ഒരു പേരെ ഞാൻ നോട്ടു ചെയ്തുള്ളൂ. ‘പ്രിയങ്ക’ അതവളുടെ പേരായിരുന്നു. അന്ന് ക്ലാസ്സ്‌ ആദ്യ ദിനമായത് കൊണ്ട് എല്ലാവരെയും പരിചയപ്പെടുന്ന രീതിയിൽ ഉഴപ്പിത്തള്ളി. സത്യം പറഞ്ഞാൽ യോഗ്യമായ നിലയിൽ ക്ലാസ് എടുക്കാൻ അന്ന് എനിക്ക് ആകുമായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ഞാൻ അവളെ നോക്കുമ്പോൾ അവൾ കൗതുകത്തോടെ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ ഉള്ളുകൊണ്ട് ഒന്ന് പതറി. എന്‍റെ തനി സ്വഭാവം മറ്റു കുട്ടികളോട് അവൾ ഷെയർ ചെയ്യുമോ എന്ന് ഞാൻ ഭയപ്പെട്ടു. എങ്കിൽ അവരുടെ മുന്നിൽ ഞാൻ എന്ന ചീട്ടുകൊട്ടാരം തകർന്നടിഞ്ഞേനെ.”
റാണ കിതച്ചു കൊണ്ട് നിന്നു. ചുറ്റും ധാരാളം കാട്ടുച്ചെടികൾ വളർന്നുനിൽക്കുന്നു. അതിൻറെ തണലിൽ ഞങ്ങൾ അല്പനേരം ഇരുന്നു വിശ്രമിച്ചു. പിന്നെയും ഞങ്ങൾ നടത്തം തുടര്‍ന്നു.
“പ്രിയങ്ക നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പൊതുവേ എല്ലാ വിഷയങ്ങൾക്കും അവൾ തൊണ്ണൂറു ശതമാനമൊ അതിൽ കൂടുതലോ എന്നും നിലനിർത്തി. അവള്‍ ആവശ്യത്തിലധികം ശരീര വളർച്ചയുള്ള പെണ്ണായിരുന്നു. ഇരുനിറം, പനംകുല പോലത്തെ മുടി, അത് അരയ്ക്കു താഴെ വളർന്നുപടർന്നു കിടന്നു. ശരീരമുഴുപ്പിൽ അവളെ വെല്ലുന്ന ആരും ആ സ്കൂളിൽ ഉണ്ടായിരുന്നില്ല. ഇരുനിറം ആണെങ്കിലും സൗന്ദര്യമുള്ള പെൺകുട്ടി. ഒറ്റനോട്ടത്തിൽ ഒരു മുഖശ്രീ അവളിൽ ആരും ദർശിക്കും. സര്‍ അവൾക്ക് നിങ്ങൾ കരുതുന്നപോലെ പതിനഞ്ചു വയസ്സല്ല. ഇപ്പോൾ അവള്‍ക്കു പത്തൊന്‍പതു വയസ്സുണ്ട്.” റാണ പറഞ്ഞു.
“ഇത്രയും മിടുക്കിയായ അവൾക്ക് എങ്ങനെയാണ് പിന്നെ നാലോളം അക്കാദമിക് ഇയർ നഷ്ടപ്പെട്ടത്.” ഞാൻറാണയോട് ചോദിച്ചു. ആ ചോദ്യമാണ് പ്രിയങ്ക എന്ന രഹസ്യത്തിലേക്ക്, റാണ എന്നെ നയിച്ചത്. പിന്നീട് പലപ്രാവശ്യം എനിക്ക് തോന്നിയിട്ടുണ്ട് അന്ന് ആ ചോദ്യം റാണയോട് ചോദിക്കേണ്ടിയിരുന്നില്ല എന്ന്.
അല്‍പനേരം റാണ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു “സര്‍ അവൾ ഒരു പാഠപുസ്തകമാണ്. മറിച്ചു നോക്കാൻ പാടില്ലാത്ത ഒരു പാഠപുസ്തകം. പരിതാപകരമാണ് അവളുടെ ചരിത്രം.” റാണ ഒന്ന് നിര്‍ത്തി.
ചില ദിവസങ്ങളില്‍ വൈകിട്ട് ഞാന്‍ ഒറ്റയ്ക്ക് നടക്കാൻ വേണ്ടി സ്കൂൾ ടൈം കഴിയുമ്പോൾ ടൗണിലേക്ക് പോകും. ടൗണിൽ തലശ്ശേരിക്കാരൻ ഒരു കാക്കയുടെ ബേക്കറി ഉണ്ടായിരുന്നു. മൻസൂറിന്റെ ബേക്കറി. അവിടെ മാത്രം വിശേഷപ്പെട്ട ദം ചായ കിട്ടും. ധര്‍മ്മാരത്ത് ‘ദം ടി’ കിട്ടുന്ന ഒരേഒരു കട മൻസൂറിന്റെ ബേക്കറിയാണ്. . ധര്‍മ്മാരത്തെ ആണ്‍ പ്രജകള്‍ക്കു വളരെ പ്രിയപ്പെട്ട ഒന്നായിരുന്നു ദം ടി. ദം ടി ഉണ്ടാക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. അതിന് ചില പാരമ്പര്യ രീതികൾ ഉണ്ട്. ഒന്നാമത് അതുണ്ടാക്കുന്നത്‌ ചെമ്പു കുടത്തിലാണ്. പന്ത്രണ്ട് ലിറ്റർ കൊള്ളുന്ന ചെമ്പു കുടത്തില്‍ എട്ടു ലിറ്റർ വെള്ളം എടുത്ത്, ചായപ്പൊടി, ഈന്തപ്പഴം, പഞ്ചസാര, ബിസ്ക്കറ്റ്, അല്പം ഏലക്ക എന്നിവയിട്ട് നല്ല തീയിൽ തിളപ്പിച്ച് നാലു ലിറ്റർ ആക്കും. അപ്പോഴേക്കും അത് ഒരു കഷായം പരുവത്തിൽ ആയിട്ടുണ്ടാവും. അതാണ് ദം ടി ഡിക്കൊഷന്‍. ഈ ഡിക്കൊഷന്‍ തുണിയിൽ അരിച്ചെടുത്ത് ഒരു കെറ്റിലിലേക്ക് മാറ്റും. കെറ്റിൽ ചെറുതീയിൽ ചൂട് പോകാതെ വെച്ചിരിക്കും. പിന്നീട് ആവശ്യക്കാർക്ക് ഒരു ചെറിയ കപ്പിൽ ദം ഡിക്കൊഷന്‍ പകുതി പകരും. ശേഷം അതിൽ അത്രയുംതന്നെ പാലും ഒഴിച്ചു കൊടുക്കുന്നതാണ് പ്രശസ്തമായ ‘മൻസൂർ ദം ടി’.
ആ ചായക്ക്‌ നല്ല കടുപ്പവും കൊഴുപ്പുമുള്ളതായിരിക്കും. ഒരു പുകയില കഷായത്തിന്റെ രുചിയാണ്. എന്നാൽ ആ രുചിയും കടുപ്പവും അവിടുത്തെ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. വില മൂന്നു രൂപ. അന്ന് സാധാ ചായയ്ക്ക് രണ്ടു രൂപയായിരുന്നു വില. ദം ടി ഞാൻ അധികം കഴിക്കാറില്ല. എന്നാലും എന്നും നടക്കാൻ ഇറങ്ങുമ്പോൾ മൻസൂറിന്റെ കടയിൽ പോകും. മൻസൂർ ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോകും. തിരിച്ചു വരുമ്പോൾ ഹൽവ കൊണ്ടുവരും. മൻസൂർ നാട്ടിൽ വരുമ്പോൾ പിന്നീട് കട നടത്തിപ്പിന്റെ ഉത്തരവാദിത്വം എനിക്കും എൻറെ സഹഅധ്യാപകന്‍ കണ്ണൂർകാരനായ മധുവിനും ഒക്കെയായി മാറും. നാലുമണിവരെ ഞങ്ങൾ സ്കൂളിൽ ആയിരിക്കുമ്പോൾ ധർമ്മാരത്തുള്ള ഒരു പയ്യനെ ചായ അടിക്കാൻ ഏൽപ്പിക്കും. അവൻ കട നടത്തും. കടയിൽ തിരക്ക് സന്ധ്യാസമയത്താണ്. അതുകൊണ്ട് സ്കൂൾ കഴിഞ്ഞാൽ ഉടൻ ഞാനും മധുവും കടയിലേക്ക് പോകും. ചില ചെറുകടികൾ ഞങ്ങൾ ഉണ്ടാക്കും. സവാള അരിഞ്ഞ് മാവിലിട്ട് എണ്ണയിൽ വറുത്തെടുത്തത്, ഓലപ്പടക്കത്തിന്റെ മാത്രം വലിപ്പമുള്ള സമൂസ, മാവിൽ വറുത്തെടുത്ത കോളിഫ്ലവർ ഫ്രൈ, അങ്ങനെ നാലഞ്ച് ഐറ്റം. ഞങ്ങൾക്ക് ഒരു ടൈംപാസ്. അത് നന്നായി വിൽക്കും. നല്ല കച്ചവടം ഉള്ള കടയായിരുന്നു മൻസൂറിന്റെത്. നാട്ടിൽ പോയാൽ മൻസൂർ രണ്ടാഴ്ച കഴിഞ്ഞേ വരൂ. ശരിക്കും പറഞ്ഞാൽ മൻസൂറിന് നാട് അത്ര താല്പര്യമായിരുന്നു. മൻസൂർ എത്തും വരെ സ്കൂളും ബേക്കറിയും എന്‍റെ നിത്യജീവിതത്തിന്റെ ഭാഗമായി തുടരും.
ഒരിക്കൽ ബേക്കറിയിൽ നിൽക്കുമ്പോൾ ഒരു പുതിയ ചായ പരിചയപ്പെടുത്താം എന്ന് പറഞ്ഞ് റാണ എന്നെ വിളിച്ച് ബസ്സ്‌സ്റ്റാന്‍ടിനടുത്തുള്ള ടാർപോളിൻ കെട്ടിയ കടയിൽ കൊണ്ടുപോയി. ചായ പുതിയതല്ല. പക്ഷേ ചായ പകരുന്നത് മൺചട്ടിയിലാണ്. കുപ്പി ക്ലാസ്സിൽ അല്ല. അതാണ് റാണയുടെ പുതുമ. ചായ കുടിക്കുമ്പോൾ ചുട്ട മണ്ണിൻറെ ഒരു ഗന്ധമുണ്ട്. മൂക്ക് തുളച്ചു കയറുന്ന ഒരു പുതുമണം. ആ മണമാണ് റാണയുടെ വീക്ക്നസ്. ചായ അത്ര മെച്ചമല്ല. പക്ഷേ ആ മണത്തിലുള്ള ചായ എന്തോ എനിക്കും പ്രിയപ്പെട്ടതായി.
ചായ സാവകാശം മൊത്തിക്കുടിക്കുമ്പോൾ റാണ പ്രിയങ്ക എന്ന പാഠപുസ്തകത്തിന്റെ പേജുകൾ വീണ്ടും മറിച്ചു. കുത്തിക്കെട്ടഴിഞ്ഞുപോയ ആ പുസ്തകത്തിന്‍റെ ഏടുകൾ ചുരുക്കിപ്പറഞ്ഞു തന്നു പലപ്പോഴായി. വെറുപ്പും വിദ്വേഷവും അനുകമ്പയും തോന്നിയ കഥ.
“സര്‍ അവളുടെ ശരീരമാണ് ഏറ്റവും വലിയ ആയുധം. ഒരുപാട് പേരുടെ നേട്ടം. പിന്നെ കുറച്ചു പേരുടെ നിലനിൽപ്പ്. ഇറച്ചിക്കൂറുള്ള ഒരു ശരീരവും മുഖശ്രീയും ആണ് അവളുടെ ശാപം”. റാണ പറഞ്ഞു തുടങ്ങി.
“പ്രിയങ്ക ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. സ്കൂളിൽ നിന്നും കേവലം രണ്ടര കിലോമീറ്റർ മാത്രമാണ് അവളുടെ വീട്ടിലേക്ക് ഉള്ള ദൂരം. ബസ് റൂട്ട് ഉള്ള വഴി. എന്നിട്ടും അവൾ ഹോസ്റ്റലിൽ നിൽക്കാൻ കാരണം, എങ്കിലേ അവളുടെ പഠനം നടക്കത്തുള്ളൂ. അവൾക്ക് ഒരു ചേട്ടനും അമ്മയും ആണുള്ളത്. ചേട്ടൻ പത്താംതരം തോറ്റവൻ. ആദ്യം പെയിൻറിംഗ് പണി ഉണ്ടായിരുന്നു. അത് കളഞ്ഞു. ഇപ്പോൾ അനുജത്തിയുടെ ബ്രോക്കർ. അവൾക്ക് കസ്റ്റമറിനെ കണ്ടെത്തുക എന്നതാണ് അവൻറെ പണി. അതിന് ആ തള്ള എന്ന പിശാചും കൂട്ടിനുണ്ട്. അല്ലെങ്കിൽ തന്നെ എല്ലാ പെൺപിള്ളാരുടേയും നാശത്തിന്റെ തുടക്കം അവരുടെ തള്ളമാരിൽ നിന്നാണല്ലോ. ഇപ്പോൾ ഭേദപ്പെട്ട ഒരു വീട് വാടകയ്ക്ക് എടുത്ത് തള്ളയും മോനും ജീവിക്കുന്നു. അവളെ വിറ്റു കിട്ടിയ പണം ഉപയോഗിച്ച്. ആ തള്ളയ്ക് അതില്‍ യാതൊരു കുറ്റബോധവും ഇല്ല. ഏതെങ്കിലും ഒരു ദിവസം അവൾ വീട്ടിലെത്തിയാൽ ഉറപ്പായും അന്ന് അവൾക്ക് കുറെ കസ്റ്റമേഴ്സ് ഉണ്ടാകും. അതുകൊണ്ട് പ്രിയങ്ക ഞായറാഴ്ച ദിവസം പോലും വീട്ടിൽ പോകാറില്ല. വീക്കെൻഡിൽ മിക്കവാറും അവൾ മാത്രമേ ഈ ഹോസ്റ്റലിൽ കാണുകയുള്ളൂ.” റാണ ഒന്ന് നിറുത്തി.
“മാഡത്തിന്റെ നിലപാട് അവളുടെ കാര്യത്തിൽ എന്താണ്”. ഞാൻ ചോദിച്ചു.
മാഡം എന്ന് ഞാൻ ഉദ്ദേശിച്ചത് സ്കൂൾ ഡയറക്ടർ കൗസല്യ ദേവിയെയാണ്. അവരാണ് സ്കൂളിന്റെ എല്ലാം. ഭർത്താവ് ഭുവനേശ്വർ ഒരു റബ്ബർസ്റ്റാമ്പ് ആണ്. രണ്ടാം കെട്ടുകാരന്‍. പാവപ്പെട്ടവനെ അവർ വഹിച്ചെടുത്ത് കെട്ടി കൂടെപ്പൊറിപ്പിക്കുന്നു. കൗസല്യ ദേവി ഇരുപത്തി നാല് വർഷം മുൻപ് ധർമ്മാരം ശിക്ഷക് സ്കൂളിലെ എൽ. പി. അധ്യാപികയായിരുന്നു. അവർ ഏത് വിഷയം പഠിപ്പിച്ചിരുന്നു എന്നറിഞ്ഞുകൂടാ. കാരണം അവർ ഇപ്പോൾ അവരുടെ സ്വന്തം സ്കൂളിൽ ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. കൗസല്യ ദേവി സുന്ദരിയാണ്. ഒരു സ്ട്രക്ച്ചേര്‍ട് ബ്യൂട്ടി എന്ന് പറയാം. അതുപോലെ സാമർത്ഥ്യക്കാരിയും. ശിക്ഷക് സ്കൂളിലെ ബസ്ഡ്രൈവർ ആയിരുന്നു ഭുവനേശ്വർ. ആ പരിചയമാണ് ഭുവനേശ്വറിനെ വെട്ടിലാക്കിയത്. കൗസല്യയുടെ ആദ്യഭർത്താവിന് എന്ത് സംഭവിച്ചു എന്ന് റാണയ്ക്കും അറിയില്ല. ആദ്യ ഭർത്താവിൽ രണ്ട് ആൺമക്കൾ. അവർ ബാംഗ്ലൂരിൽ പഠിക്കുന്നു. രണ്ടാം ഭർത്താവ് ഒരു കൂട്ടിരിപ്പുകാരൻ മാത്രം. അതാണ് ഭുവനേശ്വർ.
“മാഡം” റാണ ചിറി കോട്ടി ഒന്ന് ചിരിച്ചു
റാണ തുടര്‍ന്നു. “നാലുവർഷം മുൻപ് ഒരു ഫിനാൻസിയറെ കൗസല്യ ചാക്കിലാക്കി പണം ഇറക്കിച്ച് ഒരു സ്കൂൾ തുടങ്ങിച്ചു. കൗസല്യയും ചേര്‍ന്ന് പാര്‍ണര്‍ഷിപ്പില്‍. സ്കൂളിന്റെ നടത്തിപ്പ് കൗസല്യ സ്വയം ഏറ്റെടുത്തു. മൂന്ന് വർഷത്തിനുള്ളിൽ പണം ഇറക്കിയ പാര്‍ണര്‍ സാമ്പത്തിക ചിലവിന്റെ കണക്ക് ആവശ്യപ്പെട്ട് കൗസല്യമായി ഒരു ദിവസം ഉരസി. പിന്നെ ഒരാഴ്ചക്കുള്ളിൽ ആ മനുഷ്യൻ സ്വന്തം വീട്ടിൽ മരിച്ചു കിടക്കുന്നതായാണ് നാട്ടുകാര്‍ കണ്ടത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. അതോടെ സ്കൂൾ പൂർണമായും കൗസല്യ ദേവിയുടെതായി. സാറിന് അറിയാമോ മാർക്കറ്റിന് എതിരെയുള്ള ആ കോൺക്രീറ്റ് കെട്ടിടം. ഒരു ബ്രോത്തൽ ആണെന്ന്.” റാണ എന്നോട് ചോദിച്ചു.
അതെനിക്ക് അറിയാമായിരുന്നു. അതിന് വിശേഷബുദ്ധി ഒന്നും വേണ്ട. ഏതു പൊട്ടനും മനസ്സിലാവും. അല്ലെങ്കിൽ ഏതു പൊട്ടനും അത് ഒരു സ്ത്രീസുഖ കേന്ദ്രമാണെന്ന് അറിയണമെന്ന് അവിടുത്തെ അന്തേവാസികൾക്ക് വലിയ നിർബന്ധമായിരുന്നു. കാരണം മാർക്കറ്റ് കൂടുന്ന ദിവസം ആ വീടിന്റെ രണ്ടു ഗേറ്റിലും അൽപ വസ്ത്രധാരികളായ പെൺകുട്ടികൾ അണിഞ്ഞൊരുങ്ങി പുരുഷന്മാരെ വിളിക്കുന്നത് കാണാമായിരുന്നു. ആ വീടിൻറെ മുമ്പിൽ കൂടി ആരും കയറുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ പല റിക്ഷ തൊഴിലാളികളും ആ വീടിൻറെ പിന്നിലെ ചെറിയ ഗേറ്റിൽ കൂടി കയറിപ്പോകുന്നത് ഇടയ്ക്ക് കണ്ടിട്ടുണ്ട്.
ഞാനും മധുവും സാധനം വാങ്ങാൻ ചന്തയിൽ പോകാറുണ്ട്. കാരണം സ്കൂളിൽ നിന്നും ഭക്ഷണം ഉണ്ടെങ്കിലും നമ്മുടെ അവിയലും തോരനും ഇഞ്ചിപ്പുളിയും ഒന്നും സ്കൂൾ ഭക്ഷണത്തിൽ കിട്ടില്ല. അത് വേണമെങ്കിൽ നമ്മൾ തന്നെ ഉണ്ടാക്കണം. ഒരു ചെറിയ ഗ്യാസ് സിലിണ്ടറും മറ്റും സംഘടിപ്പിച്ച് ഞങ്ങൾ കേരളഭക്ഷണം റൂമിൽ ഉണ്ടാക്കും. അങ്ങനെ ചെറിയ പാചക കലാപരിപാടികൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, ചന്ത ദിവസം ഞങ്ങൾ ചന്തക്കുപോകും. ചന്ത യാത്രകളിൽ ആ വീട് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം ഞങ്ങളെ കാണുമ്പോൾ സ്വയം പ്രദര്‍ശന വസ്തുക്കളായി ആ വീടിനുമുന്നിൽ നില ഉറപ്പിച്ചിട്ടുള്ള പെൺകുട്ടികൾ പതുക്കെ ഒന്നുമറിയാത്ത ഭാവത്തിൽ അകത്തേക്ക് കയറിപ്പോകും. ഞങ്ങൾ ആ വീട്ടിൽ നിന്നും ദൂരെ എത്തി കഴിയുമ്പോൾ അവർ പഴയ സ്ഥാനത്ത് വന്ന് നിൽക്കും. ഒരുപക്ഷേ ഞങ്ങൾ അധ്യാപകരാണ് എന്ന് അവർ അന്വേഷിച്ചു മനസ്സിലാക്കിയിട്ടുണ്ടാകാം. ആ വീടിനെപ്പറ്റിയാണ് റാണ ചോദിച്ചത്.
“അറിയാം”.  ഞാൻ പറഞ്ഞു.
റാണ പതുക്കെപ്പറഞ്ഞു. “കൗസല്യയ്ക്ക് അതിൽ ഷെയർ ഉണ്ട്”. എനിക്ക് വിശ്വാസം വന്നില്ല. ഒരു സ്കൂൾ ഡയറക്ടർ ആണ് കൗസല്യ. അവർ ഇങ്ങനെ…………
റാണ ഉറപ്പിച്ചു പറഞ്ഞു. “സത്യമാണ് സാർ. ഞാൻ ഒരന്വേഷണത്തില്‍ക്കൂടി മനസ്സിലാക്കിയതാണത്. നൂറു ശതമാനം സത്യം.”
റാണ ഒന്നു നിർത്തി. പിന്നെപ്പറഞ്ഞു. “സാറിന് അറിയാമോ നമ്മുടെ ഈ സ്കൂളിലെ ഹൈസ്കൂൾ ക്ലാസിൽ പഠിക്കുന്ന ചില പെൺകുട്ടികളെ അവർ ആ വീട്ടിലേക്ക് പറഞ്ഞു വിടാറുണ്ടെന്ന്. ആ പെൺകുട്ടികൾ ഈ സ്കൂളിൽ ഫീസ് സൗജന്യമായിട്ടാണ് പഠിക്കുന്നത്. മിടുക്കികളായതുകൊണ്ട് ആണ് ഫീസ് വാങ്ങാത്തത് എന്നാണ് കൗസല്യ വീട്ടുകാരോട് പറയുന്നത്. വീട്ടുകാർക്ക് സന്തോഷം. പക്ഷേ അത്തരം പെൺകുട്ടികളെല്ലാം സുന്ദരിമാരും ഇറച്ചിക്കൂറുള്ളവരും ആയിരിക്കും. അവർക്ക് ഇവിടെ സ്പെഷ്യൽ ഫുഡ് ഉണ്ടെന്നറിയാമോ സാറിന്. ആ പെൺകുട്ടികളെ പറഞ്ഞ് മയക്കി അവർ ആ വീട്ടിലെ വി. ഐ. പി. കസ്റ്റമേഴ്സിന് എത്തിച്ചുകൊടുക്കാറുണ്ട്. ഒന്ന് രണ്ട് എക്സ്പീരിയൻസ് കഴിയുമ്പോൾ പെൺകുട്ടികൾ തീർത്തും വശംവദ രായിക്കഴിഞ്ഞിരിക്കും. പിന്നീട് അവർ കസ്റ്റമേഴ്സിന്‍റെ പരിപൂർണ്ണ ഉപകരണങ്ങളായി മാറും. സുഖം നൽകുന്ന ഉപകരണങ്ങൾ. അത്തരം പെൺകുട്ടികൾക്ക് സൗജന്യമായി മാർക്കും കൊടുക്കുന്നുണ്ട് കൗസല്യ ദേവി. രസകരമായ കാര്യം പ്രസ്തുത ഭവനത്തിൽ നിന്നും കേവലം ഇരുനൂറ് മീറ്റർ മാത്രമേ ധര്‍മ്മാരം പോലീസ് സ്റ്റേഷനിലേക്ക് ഉള്ളൂ.”
പക്ഷേ അതിൽ വലിയ കാര്യമില്ല എന്ന് പിന്നീട് എനിക്ക് മനസ്സിലായിട്ടുണ്ട്. ‘മാസാമാസം കൃത്യമായ ഒരു തുക പോലീസ് സ്റ്റേഷനിൽ എത്തിക്കാറുണ്ട്’ എന്ന് കൗസല്യ ദേവി തന്നെ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എങ്കിലേ ഒരു സ്കൂള്‍ സുഗമമായി നടത്താൻ പറ്റൂ എന്നാണ് അവർ അന്ന് എന്നോട് പറഞ്ഞത്. അതിൻറെ അർത്ഥം അന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഇപ്പോൾ റാണ പറയുന്ന കാര്യങ്ങൾ കൂടി കൂട്ടി വായിക്കുമ്പോൾ പലതും എൻറെ മുന്നിൽ തെളിഞ്ഞു വരുന്നുണ്ട്. റാണ കള്ളം പറയാറില്ല.
ഒരിക്കൽ മൻസൂറിന്റെ ബേക്കറിയിൽ ചായ കുടിക്കാൻ എത്തിയ ഒരു പോലീസുകാരനെ, മൻസൂർ എനിക്ക് പരിചയപ്പെടുത്തി. അതിൻറെ കാരണം ആ യുവാവ് ആ പോലീസ് സ്റ്റേഷനിലെ ഒരേയൊരു ബിരുദധാരിയായിരുന്നു. പോലീസ് ആണെങ്കിലും വിദ്ധ്യാസമ്പന്നൻ. അതായിരുന്നു പ്രവീൺ എന്ന ആ യുവ പോലീസ് ഉദ്യോഗസ്ഥന്റെ പ്രത്യേകത. ഞാൻ അധ്യാപകൻ ആണെന്നും നവജ്യോതി സ്കൂളിലാണ് പഠിപ്പിക്കുന്നത് എന്നും പറഞ്ഞപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്ന് പറഞ്ഞു “ഓ കൗസല്യ ദേവി. ഷീ ഈസ്‌ എ ഡര്‍ട്ടി ക്രീച്ചര്‍”. പിന്നീട് ഒന്നും ആ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞില്ല. ‘ഡര്‍ട്ടി ക്രീച്ചര്‍’. ആ പ്രയോഗത്തിൽ എല്ലാം ഉണ്ടായിരുന്നു. റാണ പറഞ്ഞതും പറയാത്തതുമായ എല്ലാം.
“അവൾക്കും ഞാൻ ചില സാമ്പത്തിക ഇളവുകൾ ഒക്കെ കൊടുക്കാറുണ്ട്”. എന്ന് ഒരിക്കൽ പ്രിയങ്കയെ ചൂണ്ടിക്കാണിച്ചുകൊണ്ട് കൗസല്യ ദേവി പറഞ്ഞത് ഞാൻ ഓർത്തു. അപ്പോള്‍ ‘ഡര്‍ട്ടി ക്രീച്ചര്‍’ എന്ന പ്രയോഗം എന്നിലേക്ക് കടന്നു വന്നു. അതിൻറെ പ്രതികരണം ഞാൻ പ്രിയങ്കയോട് കാണിച്ചു. ഒരിക്കൽ ഒട്ടും മയമില്ലാതെ.
മനസ്സിലവളെപ്പറ്റി അവജ്ഞ കൂടിക്കൊണ്ടിരുന്ന ഒരു ദിനം, യൂണിറ്റ് ടെസ്റ്റിന് അവൾക്ക് കിട്ടിയ മാർക്ക് എത്രയാണെന്ന് ഞാൻ ചോദിച്ചു. സ്കൂളിൽ മൂന്നുമാസം കൂടുമ്പോൾ യൂണിറ്റ് ടെസ്റ്റ് നടത്താറുണ്ട്. ആറുമാസം കൂടുമ്പോള്‍ സെമി ഇയര്‍ ടെസ്റ്റ്‌ പിന്നെ ഫൈനല്‍ ഇയര്‍ ടെസ്റ്റ്‌. ഇതാണ് രീതി. യൂണിറ്റ് ടെസ്റ്റ് അത്ര പ്രധാനം അല്ല. ഒരു ചവിട്ടുപടി മാത്രം. എങ്കിലും കുട്ടികൾ നന്നായി പ്രിപ്പയർ ചെയ്യും. കാരണം മാർക്ക് കുറഞ്ഞാൽ കൗസല്യയുടെ കൈയ്യില്‍ നിന്നും നല്ല തല്ലു കിട്ടും. എത്ര മാര്‍ക്കണോ കുറഞ്ഞത്‌ അത്രയും തല്ലു കിട്ടും.
ഉദാഹരണത്തിന് ഒരു കുട്ടിക്ക് ക്ലാസ് പെർഫോമൻസ് വെച്ച് ക്ലാസ്ടീച്ചർ ഈ വിഷയത്തിൽ ആ കുട്ടിക്ക് ഇത്ര മാര്‍ക്ക് കിട്ടും എന്ന് വിലയിരുത്തും. അത് ഒരു ഊഹക്കച്ചവടമാണ്. അങ്ങനെ ഓരോ കുട്ടിക്കും ഓരോ വിഷയത്തിനും കിട്ടേണ്ട മാര്‍ക്ക് ക്ലാസ്സ്‌ ടീച്ചര്‍ വിലയിരുത്തി ഒരു ലിസ്റ്റാക്കി ഡയറക്ടറെ ഏല്‍പ്പിക്കും. ആ ലിസ്റ്റിന്റെ ഒരു കോപ്പി ക്ലാസ്സിലും പതിച്ചു വെക്കും. പിന്നീടു ആ മാര്‍ക്ക് വാങ്ങുക എന്നത് കുട്ടിയുടെ ഉത്തരവാദിത്വം ആണ്. ആ മാര്‍ക്കില്‍ നിന്നും കുറഞ്ഞാല്‍, കുറഞ്ഞ മാര്‍ക്ക് എത്രയാണോ അത്രയും അടി കിട്ടും. ഈ ശിക്ഷണ നടപടി ഓരോ വിഷയത്തിന്റെയും മാര്‍ക്കിനു ബാധകമാണ്. ഇത് ഒരു പരസ്യവിചാരണ കൂടിയാണ്. പരീക്ഷയുടെ റിസൽട്ട് വന്നു കഴിഞ്ഞാൽ വൈകിട്ട് ഡയറക്ടർ കൗസല്യ ദേവി ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൗണ്ടിൽ വിളിച്ചു കൂട്ടും. പിന്നെ ഓരോ കുട്ടിയെയും വിളിച്ച് കുറഞ്ഞ മാർക്കിന്റെ കണക്കു പ്രകാരം തല്ലും. ചെറിയ തല്ലല്ല. കൗസല്യയുടെ സർവ്വശക്തിയും എടുത്തു തല്ലും. എല്ലാവരുടെയും മുന്നിൽവച്ച് പരസ്യമായി. തല്ലിന്റെ കൂടെ കണ്ണുപൊട്ടുന്ന ചീത്തയും വിളിക്കും. ആ വകുപ്പിൽ ഒരുമാതിരി നന്നായി പഠിക്കുന്ന കുട്ടിക്കാണെങ്കിലും പത്ത്, പതിനഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ അടിയുറപ്പ്.
പല അവസരങ്ങളിലും കൗസല്യ ദേവിയുടെ ഈ രീതിക്കെതിരെ ഞാൻ രൂക്ഷമായി പ്രതികരിക്കുമായിരുന്നു. പക്ഷേ വലിയ ഫലം ഉണ്ടായിരുന്നില്ല. ഒരിക്കൽ യൂണിറ്റ് പരീക്ഷയ്ക്ക് ഞാൻ സൂപ്പർവൈസ് ചെയ്തിരുന്ന ഹാളിൽ നിന്നും ഒരു ഒൻപതാം ക്ലാസുകാരിയെ കോപ്പിയടിച്ചതിന് ഞാൻ പൊക്കി. പരീക്ഷാഹാളില്‍ നിന്നും ഇറക്കിവിട്ടു. അതു കണ്ട കൗസല്യ ദേവി അവളെ വിളിച്ച് സ്വന്തം മുറിയിൽ കൊണ്ടുപോയി കണ്ണിൽ മുളക് പൊടി തൂകിയതിനു ശേഷം പന്തുതട്ടും പോലെ തൊഴിച്ചു. ശേഷം കുനിച്ചു നിർത്തി ഇടിച്ചു. മുക്കാൽ മണിക്കൂർ നീണ്ട ആ കലാപരിപാടി കഴിഞ്ഞപ്പോൾ കൗസല്യ വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. അതിനുശേഷം ഞാൻ ആരെയും കോപ്പിയടിച്ചതിന് പൊക്കിയിട്ടില്ല.
ശിക്ഷ ശിക്ഷണത്തിന്റെ ഭാഗം എന്നതാണ് കൗസല്യയുടെ മുദ്രാവാക്യം. പക്ഷേ ശിക്ഷണത്തിന് വേണ്ടി മാന്യമായ ലഘുശിക്ഷ എന്നകാര്യം കൗസല്യ സൗകര്യപൂർവ്വം മറക്കും. വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്ത കൗസല്യയുടെ പ്രവർത്തനത്തിൽ വ്യക്തിത്വ വൈകല്യം മുഴച്ചു നിന്നു.
യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് പറയവേ പ്രിയങ്കയ്ക്ക് നാക്കു പിഴച്ചു. ഫിസിക്സിന് നാല്പത്താറു എന്ന് പറഞ്ഞപ്പോൾ അവൾക്ക് കിട്ടിയ മാർക്ക് നാല്പത്തി നാല് ആയിരുന്നു. എൻറെ കയ്യിൽ അവളുടെ മാർക്ക് ലിസ്റ്റ് ഉണ്ടായിരുന്നു. ഞാൻ ആ പിഴവ് ആഘോഷിച്ചു. കൗസല്യയുടെ പെറ്റിനെ ശരിക്ക് കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചു. കൗസല്യ ദേവിയോട് എന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന എല്ലാ വെറുപ്പും എനിക്കപ്പോൾ പ്രിയങ്കയോട് തോന്നി. ക്ലാസ്സിൽ ഉണ്ടായിരുന്ന ചൂരൽ വടി ഞാൻ മാറ്റിവെച്ചു. ഒരു പയ്യനെ വിട്ട് സ്കൂളിൻറെ പിന്നാമ്പുറത്തുള്ള കുറ്റിക്കാട്ടിൽ നിന്നും നല്ല ഒരു കാട്ടുകമ്പ് ഞാൻ കൊണ്ടുവരുത്തിച്ചു. പിന്നെ മുട്ടും മുഴങ്ങും ഒക്കെയുള്ള ആ കാട്ടുകമ്പ് കൊണ്ട് ഞാൻ പ്രിയങ്കയെ വീശി അടിച്ചു. കൈവെള്ളയിൽ അല്ല പുറത്ത്. നടും പുറത്ത്. പോത്തിനെ തല്ലുന്ന മാതിരി. ഒന്നല്ല മൂന്നുപ്രാവശ്യം. അപ്പോഴേ എന്‍റെ ദേഷ്യം അല്പം ശമിച്ചുള്ളൂ. ആ സമയം എൻറെ മുന്നിൽ നിന്നത് പ്രിയങ്കയല്ല, കൗസല്യ ദേവിയായിരുന്നു.
ആ സംഭവത്തോടെ അവൾ പിണങ്ങി നടക്കും എന്ന് ഞാൻ കരുതി. പക്ഷേ എനിക്ക് തെറ്റി. അടുത്ത ദിവസം ഒന്നും സംഭവിക്കാത്ത പോലെ അവൾ പെരുമാറി. വളരെ ആദരവോടെ. പക്ഷേ അടുത്ത ദിവസം യൂണിഫോം ഡ്രസ്സിന് പകരം വളരെ അയഞ്ഞ ഒരു ജാക്കറ്റ് ആണ് അവൾ ധരിച്ചിരുന്നത്. മാഡത്തിന്റെ അനുവാദത്തോടെയാണ് യൂണിഫോം ഡ്രസ്സ് രണ്ടുദിവസത്തേക്ക് ഒഴിവാക്കിയത് എന്ന് അവൾ വിനയത്തോടെ എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് ബോധ്യപ്പെട്ടില്ല. ഞാൻ അവളെ എണീപ്പിച്ചു. അവള്‍ എണീറ്റു പിന്നെ അല്പം പോലും മടിയില്ലാതെ തിരിഞ്ഞുനിന്ന് ധരിച്ചിരുന്ന ജാക്കറ്റ് പുറത്തിന്റെ പകുതിവരെ ഉയർത്തി. ഞാൻ ഞെട്ടിപ്പോയി. പുറം നെടുകെ ചതഞ്ഞു നീലിച്ചു കിടക്കുന്ന മൂന്നു വലിയ ചാൽ. എന്റെ തലേന്നത്തെ കടുംകൈ. അവൾ ജാക്കറ്റ് താഴ്ത്തി. പിന്നെ പതുക്കെ പറഞ്ഞു. “യൂണിഫോം ഇടാൻ കഴിയുന്നില്ല സർ. ഇറുക്കമായതുകൊണ്ട് നല്ല വേദനയുണ്ട്. എൻറെ മനസ്സിൽ എവിടെയോ എന്തോ ഒന്ന് ഉടഞ്ഞുവീണു. ഒരു തണുത്ത സൂചി കൊണ്ട് ശരീരത്തില്‍ മുകളില്‍ നിന്നും താഴേക്കു കോറി വരയുന്ന അനുഭവം. ഞാൻ ഒന്നും മിണ്ടിയില്ല. എന്നിലെ ക്രൂരനായ അധ്യാപകൻ അവിടെ മരിച്ചുവീണു.
പിന്നീട്, പ്രിയങ്ക ഉൾപ്പെടെയുള്ളവർ, സ്കൂളിലെ കുട്ടികളല്ല മറിച്ച് എൻറെ സ്വന്തം കുട്ടികളായി മാറി. നല്ല മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ഞാന്‍ ഗിഫ്റ്റുകൾ കൊടുത്തു തുടങ്ങി. വിശേഷ ദിവസങ്ങളിൽ ഞാൻ ഒരു പാക്കറ്റ് മിഠായിക്ക് പണം മുടക്കി തുടങ്ങി. എന്‍റെ മനസ്സില്‍ എവിടെയൊക്കെയോ ചില ഉറവുകൾ രൂപപ്പെട്ടു തുടങ്ങി.
“സർ. കഴിഞ്ഞ സ്കൂള്‍ വെക്കേഷൻ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങുമ്പോൾ ആദ്യ രണ്ടാഴ്ച പ്രിയങ്ക ക്ലാസിൽ ഉണ്ടായിരുന്നില്ല. എന്താണ് കാരണം എന്ന് അറിയാമോ?” റാണ എന്നോട് ഒരു സായാഹ്ന നടത്തത്തിനിടയിൽ ചോദിച്ചു.
“എന്താ കാര്യം”. ഞാൻ തിരക്കി.
“ആ വെക്കേഷനിലെ അധ്വാനത്തിന്റെ കാഠിന്യം. പൊറോട്ട ഉണ്ടാക്കാൻ ഇടിച്ചു കൂട്ടി വെക്കുന്ന മൈദയില്ലേ, അതായിപ്പോയി ആ പാവത്തിനെ അവസ്ഥ. കഴിഞ്ഞ വർഷം, സ്കൂള്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ അന്ന് വൈകിട്ട് തന്നെ ആ കാട്ടുപോത്ത്, അവളുടെ സഹോദരൻ അവളെ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയി. അന്നു തുടങ്ങി അവളുടെ അധ്വാനം. എല്ലാ ദിവസവും ആറും ഏഴും കസ്റ്റമേഴ്സ്. അതെല്ലാം അവളുടെ സഹോദരന്‍ എന്ന ആ കാട്ടുപോത്ത് ഏർപ്പാടാക്കുന്നത്. അതും പ്രാകൃതരായ കസ്റ്റമേഴ്സ്. ലോറി ഡ്രൈവർമാർ, ചുമട്ടുകാർ, പോലീസുകാർ, അങ്ങനെ പോകുന്നു ആ നിര. എല്ലാവരുടെയും ദിവസേനയുള്ള പരാക്രമം കഴിഞ്ഞപ്പോൾ, ചവിട്ടിക്കുഴച്ച കളിമണ്ണു പോലെയായി ആ പാവത്തിന്റെ ശരീരം. രണ്ടാഴ്ച വേണ്ടിവന്നു അവൾക്ക് ഒന്ന് നേരെ നില്ക്കാന്‍. സാർ ശ്രദ്ധിച്ചോ അവൾ മാത്രം അവധി ദിവസങ്ങളിലും ഈ ഹോസ്റ്റലിൽ ഉണ്ടാകും. വീട്ടിൽ പോകാതെ. വീട്ടിൽ പോകാൻ അവള്‍ക്കു ഭയമാണ്.” ഞാൻ എല്ലാം കേട്ടു നിന്നു.
റാണ ഒന്ന് നിർത്തി. പിന്നെ ദേഷ്യത്തോടെ പറഞ്ഞു. “നമ്മൾ അധ്യാപകർ അത്ര മെച്ചം ആണോ സര്‍. അതിലും ഇല്ലേ മൃഗങ്ങൾ. ഇവിടെ ഒരു പി. ടി ഉണ്ടായിരുന്നു. അവൻ രണ്ടാഴ്ചയോളം അവളെ കൂടെ താമസിപ്പിച്ചിട്ടുണ്ട്. കൗസല്യയുടെ താൽപര്യത്തോടെ. ഞാന്‍ ഒരുപാട് പണിപ്പെട്ടു, ആ പോത്തിനെ ഈ സ്കൂളിൽ നിന്നും പുകച്ചു ചാടിക്കാൻ. അതിന് ഭുവനേശ്വറിനോട് എനിക്ക് നന്ദിയുണ്ട്. വർഷത്തിൽ നൂറ്റിയെട്ട് ദിവസവും പൂജയും വ്രതവും ഒക്കെ ആയിക്കഴിയുന്ന പാവത്താൻ. കൗസല്യയ്ക്ക് ദൈവഭയം ഇച്ചിരി കൂടുതലാണ്. അതുകൊണ്ട് ഭുവനേശ്വറിനെ മുന്നില്‍ നിറുത്തി, ഞാൻ ആ പി. ടി. കാട്ടുപോത്തിനെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചു. അവളെ സഹായിക്കാൻ നമുക്ക് ഇതല്ലാതെ എന്ത് ചെയ്യാൻ കഴിയും സര്‍?” ആ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരം ഇല്ലായിരുന്നു.
അന്യദേശങ്ങളിൽ നിന്നും വന്ന രണ്ട് അധ്യാപകർ. അവർക്ക് എന്ത് ചെയ്യാൻ കഴിയും സഹതപിക്കുകയല്ലാതെ. റാണയുടെ ആ ചോദ്യത്തിനു മുന്നിൽ എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
സമയം പെട്ടെന്ന് കടന്നുപോയി. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ, എല്ലാം വേഗത്തിൽ പറന്നുപോയി. വർഷാവസാന പരീക്ഷയും കഴിഞ്ഞു. എല്ലാവരോടും വിട പറഞ്ഞു. യാത്ര അയപ്പുകള്‍, ഫോട്ടോസെഷനുകൾ എല്ലാം പെട്ടെന്ന് തീർന്നു. പ്രോഗ്രസ് കാര്‍ഡ്‌ തയ്യാറാക്കി കൊടുക്കാൻ പിന്നെയും ചില ദിവസങ്ങള്‍ എനിക്ക് സ്കൂളിൽ തന്നെ നില്‍ക്കേണ്ടി വന്നു. ദിവസങ്ങള്‍ക്കു ശേഷം, പ്രോഗ്രസ് കാര്‍ഡ്‌ തയ്യാറാക്കി സ്കൂളിൽ എത്തുമ്പോൾ, സ്കൂൾ തികച്ചും മൂകമായിരുന്നു. വിജനമായ ഒരു മൈതാനം പോലെ. പ്രോഗ്രസ് കാര്‍ഡ്‌ കൗസല്യ ദേവിയെ ഏൽപ്പിച്ചു. അവർ വളരെ സന്തോഷത്തിലായിരുന്നു. മികച്ച ഒരു അക്കാദമിക് ഇയറാണ് കഴിഞ്ഞത്. അടുത്ത വർഷത്തേക്ക് എന്നെ ബുക്ക് ചെയ്യാൻ എന്ന പോലെ, അടുത്ത വർഷത്തെ രണ്ടുമാസത്തെ ശമ്പളം അല്പം വർദ്ധനവോടുകൂടി കൗസല്യ മുൻകൂറായി തരാൻ തയ്യാറായി. ഒരു അധ്യാപകനെ ആരും റാഞ്ചാതെ അടുത്ത വർഷവും ആ സ്കൂളിൽ ഉറപ്പിക്കാനുള്ള അടവ്. എനിക്കത് നന്നായി അറിയാം. അതിൽ തെറ്റില്ല. പക്ഷേ ഇനിയും ആ സ്കൂളിലേക്ക് ഇല്ലെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഇനിയും ആ ‘ഡര്‍ട്ടി ക്രീച്ചറിന്’ എന്‍റെ സേവനം നള്‍കാൻ വയ്യ.
ഞാൻ സ്നേഹപൂർവ്വം കൗസല്യയുടെ ഓഫർ നിരസിച്ചു. നന്ദി പറഞ്ഞു. പിന്നെ കൗസല്യയ്ക്ക് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത് പുറത്തിറങ്ങുമ്പോള്‍ മുകളില്‍ ക്ലാസ്സ്‌ റൂമിന്റെ മുന്നില്‍ അവള്‍. പ്രിയങ്ക. അവള്‍ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഞാൻ അത്ഭുതപ്പെട്ടു. എല്ലാവരും രണ്ടു ദിവസം മുന്നേ വീടുകളിലേക്ക് പോയി. പക്ഷേ പ്രിയങ്ക മാത്രം വീണ്ടും സ്കൂളിൽ തുടരുന്നു. ഞാൻ അവളെ നോക്കി. പെട്ടെന്ന് അവൾ താഴേക്ക് ഇറങ്ങി വന്നു. അത്യാകർഷകമായിരുന്നു അപ്പോഴത്തെ അവളുടെ വേഷം. അന്നവള്‍ വിദ്യാർഥിനി ആയിരുന്നില്ല. ശരീരത്തിന്റെ എല്ലാ ഭംഗിയും രൂപവടിവുകളും എടുത്തുകാണിക്കുന്ന വേഷം. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ള മാറിടത്തിന്റെ ഉണര്‍വ്വിനെ ഭാഗികമായി മൂടുന്ന ആന്തരിക വസ്ത്രം. അതിന്റെ മുകളില്‍ വളരെ സുതാര്യമായ കറുത്ത ടോപ്‌. സമ്പൂര്‍ണ കറുപ്പില്‍ വഴിഞ്ഞൊഴുകുന്ന സ്ത്രൈണതയുടെ വശ്യസൗന്ദര്യം. ഒരു നിമിഷ കവിക്ക്‌ ഉള്‍പുളകം ഉണ്ടാക്കുന്ന ത്രെസിപ്പിക്കുന്ന രൂപലാവണ്യം. പ്രകൃതി അവളുടെ ശരീരത്തില്‍ പരമാവധി ശില്പവേല ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നി. ഇതുപോലെ ഒരു വേഷത്തിലും അഴകിലും ഞാന്‍ അവളെ മുന്‍പ് കണ്ടിട്ടില്ല. സ്കൂള്‍ യുണിഫോമിന്‍റെ ഇറുക്കത്തില്‍ അവളുടെ സ്തൃണത വല്ലാതെ ഞെരിഞ്ഞമര്‍ന്ന അവസ്ഥയിലായിരുന്നു എന്നും.
അവൾ എന്‍റെ അടുത്തേക്ക് വന്നു. ഞാൻ മൃദുവായി ഒന്ന് ചിരിച്ചു. ഒരു നിമിഷം, അവൾ എന്നിലേക്ക് ചാഞ്ഞു. പിന്നെ നെഞ്ചിൽ മുഖം പൊത്തി വിങ്ങിക്കരഞ്ഞു. അവളുടെ കണ്ണുനീര്‍ ഉരുകിഒലിക്കുന്ന ഈയത്തുള്ളിപോലെ എന്‍റെ നെഞ്ചിനെ നീറ്റിക്കൊണ്ട് താഴേക്ക് ഒലിച്ചിറങ്ങി. ആ നിമിഷം ഞാൻ ശിലയായിത്തീർന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ധനായിപ്പോയി. അല്‍പ സമയം. അല്‍പ സമയം മാത്രം. പെട്ടെന്ന് അവള്‍ എന്നില്‍ നിന്നും അടര്‍ന്നു മാറി. ധൃതിയില്‍ നടന്നുപോയി. ഞാന്‍ പ്രിയങ്കയെ കണ്ട അവസാന നിമിഷം അതായിരുന്നു.
രണ്ട് ദിവസത്തിനു ശേഷം ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പുറപ്പെടുന്ന അന്ന് ഞാൻ റാണയെ കണ്ടു. സ്കൂളിൻറെ മുന്നിൽവച്ച്. റാണ അടുത്തുള്ള ക്ഷേത്രത്തിൽനിന്നും വരുന്നവഴിയാണ്. റാണ എല്ലാ ദിവസവും ക്ഷേത്രത്തിൽ പോകും. വിശേഷദിവസങ്ങളിൽ രാവിലെയും വൈകിട്ടും നിർബന്ധമായും ക്ഷേത്രദർശനം നടത്തിയിരിക്കും.
റാണ എന്‍റെ സമീപത്തേക്ക് വന്നു. പതിവുള്ള സൗമ്യമായ ചിരി റാണയുടെ മുഖത്തുണ്ട്‌. ഒന്നും പ്രത്യേകിച്ച് പറയേണ്ടി വന്നില്ല. റാണ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു. ബസ് വരാന്‍ ഇനിയുമുണ്ട് സമയം. ട്രെയിൻ രാമകുണ്ഡത്തുനിന്നാണ്. അതുവരെ ബസ്സിൽ. ധര്‍മ്മാരത്തു നിന്നും ഏതാണ്ട് മൂന്നു മണിക്കൂർ യാത്ര.
അല്പസമയം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. പിന്നെ പ്രിയങ്ക സ്കൂൾ അടവിന് ശേഷം, രണ്ടു ദിവസം കൂടി സ്കൂളിൽ ഉണ്ടായിരുന്ന കാര്യം ഞാന്‍ റാണയോട് പറഞ്ഞു. ഞങ്ങളുടെ രണ്ടിന്റെയും ശിഷ്യയാണല്ലോ അവൾ. റാണ അൽപനേരം മൗനം പാലിച്ചു. പിന്നെപ്പറഞ്ഞു. “ഞാൻ അവളെ കണ്ടിരുന്നു”. റാണ തികച്ചും നിസ്സംഗമായിട്ടാണ് സംസാരിച്ചത്. ഒരു ഭാവഭേദവും ഇല്ലാതെ.
“എപ്പോൾ?” ഞാന്‍ ചോദിച്ചു.
“രണ്ടു ദിവസം മുൻപേ. അന്നുവൈകിട്ട് ഞാൻ മാർക്കറ്റിൽ പോയിരുന്നു. ഇങ്ങോട്ട് ബസിന് വരാമെന്ന് കരുതി ബസ്സ്‌സ്റ്റാൻഡിൽ ചെന്നപ്പോള്‍ അവൾ അവിടെ ഉണ്ടായിരുന്നു. പണ്ട് ഞാൻ അവളെ കണ്ട അതേ സ്ഥാനത്ത്. ഒരു വ്യത്യാസം മാത്രം. ഇപ്പോൾ അവൾ സാരി ആണ് ധരിച്ചിരിക്കുന്നത്. ഒരു ഒത്ത പെണ്ണ്. ലിപ്സ്റ്റിക് പുരട്ടി ച്ചുവപ്പിച്ച്. കൈകളിൽ ആവശ്യത്തിലധികം കുപ്പിവളകൾ ഇട്ട് കൂസലില്ലാതെ അവള്‍ നില്‍ക്കുന്നു. മുട്ടിനു താഴെവരെ ഇറക്കമുള്ള ഞോറിവുള്ള ഒരു പാവാടയുടെ കുറവുണ്ട്. അതും കൂടി ഉണ്ടായിരുന്നുവെങ്കിൽ പാരമ്പര്യം തികഞ്ഞേനെ. ജിപ്സി പാരമ്പര്യം, വേശ്യാവൃത്തിയുടെ പാരമ്പര്യം”. റാണയുടെ വാക്കുകളിൽ മുഴച്ചുനിന്നത് അവളോടുള്ള വെറുപ്പായിരുന്നു. ഒരിക്കൽ വളരെ പ്രിയപ്പെട്ടതായിരുന്ന ഒന്ന് ചീഞ്ഞു പോയതിലുള്ള നഷ്ടബോധം. അല്പം കഴിഞ്ഞ് റാണ തുടർന്നു.
“അവളെന്നെ കണ്ട് അടുത്തെത്തി. വില കുറഞ്ഞ ഒരു മണം. മടുപ്പിക്കുന്ന ഒരു മണം അവള്‍ക്കുണ്ടായിരുന്നു. ഏതാണ് സെൻറ് എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു”.
“പൊയ്സണ്‍.” അവള്‍ പറഞ്ഞു. ‘മത്തു പിടിപ്പിക്കുന്നു അല്ലെ?’ എന്ന് പറഞ്ഞ് അവള്‍ ചിരിച്ചു. കാമ്പില്ലാത്ത ചിരി. അതുകൂടി കണ്ടപ്പോൾ എനിക്ക് നിയന്ത്രണം വിട്ടു. ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നി. അത്രമേൽ ഉണ്ടായിരുന്നു അവൾക്ക് എന്നോടുള്ള പരിഹാസം. രക്ഷപ്പെടുത്താൻ ജീവിതം ഉഴിഞ്ഞു വെച്ചവർ തന്റെ മുന്നിൽ പരാജയപ്പെട്ടത് കാണുമ്പോഴുള്ള പരിഹാസം. ഇപ്പോൾ അവൾക്ക് നല്ല തിരക്കാണ്. കഴിഞ്ഞ ഞായറാഴ്ച ഒരു കിളവൻ അവളെ മുട്ടിയുരുമ്മി ഇരുന്ന് ഓട്ടോയിൽ പോകുന്നത് കണ്ടു. ഞാൻ അത് അവളോട് അപ്പോൾ ചോദിച്ചു ‘ഏതായിരുന്നു ആ കിളവൻ’ .എന്ന്.” റാണ ഒന്നു നിർത്തി. പിന്നെപ്പറഞ്ഞു.
“അത് സ്ഥലത്തെ ഒരു പണച്ചാക്കാണെന്ന് അവൾ എന്നോട് പറഞ്ഞു. ഒരു പരുത്തി കമ്പനി ഉടമ. ഭാര്യയുണ്ട്. രണ്ടു പെൺമക്കളും. അവരുടെ വിവാഹം കഴിഞ്ഞു. സ്വസ്ഥം. അപ്പോൾ സുഖിക്കാന്‍ ഒരു പൂതി. അതിന് അവളെ കൂട്ടിയതാണെന്ന്. കണ്ടാൽ സുമാർ ഒരു അറുപത്തഞ്ച് എഴുപതു വയസ്സ് തോന്നിക്കുന്ന ഒരുത്തന്‍. അവളുടെ അപ്പൂപ്പൻ ആകാൻ പ്രായമുള്ള കിളവൻ. വേട്ടക്കാരന് ഇളമാനിറച്ചിയോടാണ് താല്പര്യം.” റാണ നിശ്ശബ്ദനായി.
അല്പം കഴിഞ്ഞ് റാണ പെട്ടെന്നെന്നോട് ചോദിച്ചു. “സര്‍ എത്രയായിരിക്കും അവളുടെ റേറ്റ്? നിങ്ങളുടെ ഊഹത്തിൽ.” ഞാൻ റാണയെ ദയനീയമായി നോക്കി. ഞങ്ങളുടെ രണ്ടുപേരുടെയും ശിഷ്യയുടെ ശരീരത്തിന്റെ വിലയാണ് റാണ ചോദിക്കുന്നത്.
“ഞാൻ കരുതി കൂടുതലായിരിക്കുമെന്ന്. ഒട്ടുമില്ല. ഒരു മൂന്നാംകിട പെണ്ണിൻറെ റേറ്റ്, മുന്നൂറ്റി അമ്പതു രൂപ. ഏറിയാൽ നാനൂറ്. അത്രയേ ഒള്ളു”. റാണയുടെ വാക്കുകളില്‍ സമ്പൂര്‍ണ വെറുപ്പ്‌ നിറഞ്ഞു നിന്നു.
ശരിയായിരിക്കും റാണ പറഞ്ഞത്. ഒരിക്കൽ വാറങ്കൽ റെയിൽവേ സ്റ്റേഷനിൽ സന്ധ്യയ്ക്ക് ചെന്നിറങ്ങിയ എന്നെ ഒരുപറ്റം ടാക്സി ഡ്രൈവർമാർ പൊതിഞ്ഞു. അവർ വന്നത് ടാക്സി ഓട്ടത്തിന് വേണോ എന്ന് ചോദിക്കാനല്ല. മറിച്ച് ഓരോ ടാക്സിയിലും കസ്റ്റമറെ കാത്തിരിക്കുന്ന സുന്ദരിമാരുടെ ഇടനിലക്കാരായാണ്. ആ സുന്ദരിമാരുടെ റേറ്റ് കേവലം അഞ്ഞൂറ് രൂപ മാത്രമായിരുന്നു. ഈ സുന്ദരിമാർ ആരും ലോക്കൽ പാർട്ടികൾ ആയിരുന്നില്ല. മറിച്ച് പ്രൊഫഷണല്‍ കോളേജ് സ്റ്റുഡൻസ് ആയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിന് ശരീരം വിറ്റ് പഠിക്കാൻ കാശുണ്ടാക്കുന്ന വിദ്യാർഥിനികൾ ആയിരുന്നു അതിൽ കൂടുതലും. ഒരുപിടി സുന്ദരിമാരാകട്ടെ അടിച്ചുപൊളിച്ചു ജീവിക്കാൻ, മദ്യവും ഡ്രഗ്സും വാങ്ങാൻ കാശ് പോരാതെ വരുമ്പോൾ, കാശുണ്ടാക്കാൻ ഇറങ്ങിയവരായിരുന്നു. അന്ന് ആ ടാക്സി ഡ്രൈവർമാരുടെ ഇടയിൽ നിന്നും രക്ഷപെടാൻ എനിക്ക് അല്പം പണിപ്പെടേണ്ടി വന്നു.
പ്രൊഫഷണല്‍ കോളേജ് വിദ്യാർഥിനികളുടെ റേറ്റ് അഞ്ഞൂറ് ആണെങ്കിൽ, തീർച്ചയായും റാണ പറഞ്ഞത് ശരിയായിരിക്കും. ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ റാണ തുടർന്നു.
“ഞാൻ അവളോട് ചോദിച്ചു, അവളുടെ റേറ്റ് എത്രയാണെന്ന്. എനിക്ക് അത്ര വെറുപ്പ് അന്നേരം അവളോട് തോന്നിയിരുന്നു.”
“അവൾ പൊട്ടിത്തെറിച്ചോ”. ഞാൻ റാണയോട് ചോദിച്ചു.
ഒരിക്കൽ അവൾ ഉൾപ്പെടുന്ന വിദ്യാർത്ഥികളുടെ വിജയത്തിന് സ്വന്തം താമസസ്ഥലത്ത് ഗായത്രി പൂജ ചെയ്ത നിസ്വാർത്ഥനായ ഒരു ബ്രാഹ്മണനിൽ നിന്ന് ഇത്ര നീചമായ ഒരു ചോദ്യം അവൾ പ്രതീക്ഷിച്ചിരിക്കില്ല. അതും സ്വന്തം ഗുരുവിൽ നിന്നും. ഏതു ശിഷ്യയും പൊട്ടിത്തെറിക്കും.
“ഇല്ല. അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു. തികച്ചും കൃത്രിമച്ചിരി. അല്ലെങ്കിലും അവൾ ഒരു തികഞ്ഞ നടികൂടിയാണല്ലോ” റാണ പറഞ്ഞു.
ശരിയാണ്. പ്രിയങ്ക നൃത്തം അഭ്യസിച്ചിട്ടുണ്ട്. സ്കൂള്‍ ഡേയ്ക് അവൾ സോളോ അവതരിപ്പിച്ചിരുന്നു. മാത്രമല്ല ചില സിനിമാപ്പാട്ടിന്റെ വരികൾക്കൊപ്പിച്ച് അവള്‍ ഗ്രൂപ്പ് ഡാൻസ് ചിട്ടപ്പെടുത്തുമായിരുന്നു. ആ ഗ്രൂപ്പിൽ ഏഴു പേരെങ്കിലും കുറഞ്ഞത് കാണും. അവരെയെല്ലാം ദിവസങ്ങൾക്കകം അവൾ നന്നായി ട്രെയിൻ ചെയ്തെടുക്കുമായിരുന്നു.
റാണ തുടര്‍ന്നു. “ചിരിക്കിടയിൽ അവൾ പറഞ്ഞു, ഒരു ഒത്ത ബ്രോയിലർ ചിക്കന്റെ റേറ്റ്”. റാണ അത് പറഞ്ഞത് വിദൂരതയിലേക്ക് നോക്കിയാണ്.
പിന്നെ പതിയെപ്പറഞ്ഞു. “ചിരിക്കുന്ന അവളുടെ കണ്കോണുകളില്‍ ഒരു കണ്ണുനീർത്തുള്ളി തുളുമ്പി നിന്നിരുന്നു.”
ഞാൻ റാണയുടെ മുഖത്തേക്ക് നോക്കിയില്ല. പരാജയപ്പെട്ടുപോയ രണ്ട് അധ്യാപകരാണ് ഞങ്ങൾ ഇരുവരും. ദൂരെ എന്‍റെ ബസ്സ്‌ പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം അത് അലറി വിളിച്ചുകൊണ്ട് റോഡിൻറെ മറുപുറം വന്നുനിന്നു. ഞാൻ ഓടി ബസിൽ കയറി. സൈഡ്സീറ്റ് നോക്കിയിരുന്നു. എങ്കിലും റാണയെ നോക്കിയില്ല. കൈ വീശി യാത്ര പറഞ്ഞില്ല. ഞാൻ നേരെതന്നെ നോക്കിയിരുന്നു. ബസ് മുന്നോട്ടു എടുത്തു. മുന്നൂറു മീറ്ററിനപ്പുറം വളവു തിരിയുന്നതിനു മുമ്പ്, ഞാൻ തിരിഞ്ഞുനോക്കി. റാണ അവിടെത്തന്നെ നില്‍ക്കുന്നു. വിദൂരതയിലേക്ക് നോക്കി. നിശ്ചലം. ഒരു പ്രതിമ പോലെ.
**************************************
ശ്രീകുമാര്‍ ഭാസ്കരന്‍
Cell- 7034361359
E.mail-dr.sreekumarbhaskaran@gmail.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments