റബീ ഹുസൈൻ തങ്ങൾ.
സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്
വടക്കാങ്ങര : ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിനെയും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിനെയും തെരെഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ 108 വാർഡുകളിൽ നിന്നാണ് ഏറ്റവും മികച്ച ശുചിത്വ ഹരിത വാർഡായി ഒന്നാം സ്ഥാനത്തേക്ക് വടക്കാങ്ങര ആറാം വാർഡിനെയും പടിഞ്ഞാറ്റുമുറി രണ്ടാം വാർഡിനെയും പ്രഖ്യാപിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിൽ നിന്ന് വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ അവാർഡ് ഏറ്റുവാങ്ങി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ശിബിലി, വൈസ് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ, മറ്റ് ജനപ്രതിനിധികൾ സംബന്ധിച്ചു.
സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മാറുന്നതിന്റെ ഭാഗമായി ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വാർഡിലെ മുഴുവൻ വീടുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു. തുടക്കം മുതൽ എല്ലാ മാസത്തിലും കൃത്യമായി വീടുകൾ കയറിയിറങ്ങി മാലിന്യ ശേഖരണം നടത്തുന്ന മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ തന്നെ മാതൃകയാണ് വടക്കാങ്ങര ആറാം വാർഡ്. നാട്ടുകാരുടെ നിസീമമായ സഹകരണം ഇതിനു പിന്നിലുണ്ട്. ഹരിതകർമ സേനാംഗങ്ങളായ റസിയ പാലക്കൽ, ഷീബ, മുബീന, മജീദ് കുളമ്പിൽ, സാജിത എന്നിവർ നേതൃത്വം നൽകുന്നു.
മങ്കട ബ്ലോക്ക് പഞ്ചായത്തിൽ സ്വന്തമായി മിനി എം.സി.എഫ് ഉള്ള വാർഡ് കൂടിയാണ് ആറാം വാർഡ്. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന് സ്വന്തമായ എം.സി.എഫ് സംവിധാനം ആവുന്നത് വരെ കെ സക്കീർ മാസ്റ്റർ താൽക്കാലികമായി സൗജന്യമായി നൽകിയ സ്ഥലത്താണ് വാർഡ് മെമ്പർ മിനി എം.സി.എഫ് ഒരുക്കിയിരിക്കുന്നത്.
ഫോട്ടോ കാപ്ഷൻ:
1. ഏറ്റവും മികച്ച ശുചിത്വ ഹരിത വാർഡിനുള്ള അവാർഡ് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിൽ നിന്ന് ഏറ്റു വാങ്ങുന്നു.
2. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡിൽ പ്രവർത്തിക്കുന്ന മിനി എം.സി.എഫ് കേന്ദ്രം.