Wednesday, December 4, 2024
HomeNew York34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ് ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി; എം. എൽ.എ....

34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെൻറ് ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി; എം. എൽ.എ. മാണി സി.കാപ്പൻ മുഖ്യാതിഥി.

മാത്യുക്കുട്ടി ഈശോ.

ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മുപ്പത്തി നാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂര്ണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മെയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ (65-30  Kissena Blvd, Queens, NY 11367) അമേരിക്കൻ വോളീബോൾ ചരിത്രത്തിൽ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന പുതിയ ഏടുകൾ തുറക്കുവാൻ പ്രഗത്ഭരായ വോളീബോൾ താരങ്ങളെ അണിനിരത്തുന്ന  ഇരുപതോളം ടീമുകൾ തയ്യാറെടുത്തു കഴിഞ്ഞു. ഈ വർഷത്തെ മെമ്മോറിയൽ ഡേ വാരാന്ത്യം വോളീബോൾ പ്രേമികൾക്കും സ്പോർട്സ് പ്രേമികൾക്കും സ്‌മൃതി മണ്ഡലത്തിൽ നിന്നും മായ്ക്കാനാവാത്തതരം തീ പാറുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ ഓരോ ടീമും മാറ്റുരക്കുമെന്നതിൽ ലവലേശം സംശയം വേണ്ടാ. ജിമ്മി ജോർജ്  മെമ്മോറിയൽ  ട്രോഫി ഈ വർഷം ആര് കൈക്കലാക്കും എന്നതാണ് സ്പോർട്സ് പ്രേമികൾ ഏവരും ഉറ്റു നോക്കുന്നത്.

സ്പോർട്സ് പ്രേമികളുടെ ആവേശകരമായ കരഘോഷങ്ങളാൽ ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തെ  പ്രകമ്പനം കൊള്ളിക്കുവാൻ ഉതകുന്ന മാസ്മരിക വോളീബോൾ സ്മാഷുകളും ബ്ലോക്കുകളും ചരിത്രത്തിന്റെ അദ്ധ്യായങ്ങളാക്കി മാറ്റുവാനും ജിമ്മി ജോർജിനെപ്പോലെയുള്ള വോളീബോൾ ഇതിഹാസങ്ങളെ  സൃഷ്ടിക്കുവാനും ഈ വർഷത്തെ ടൂർണ്ണമെന്റിലൂടെ സാധ്യമാക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള കൈപ്പന്ത് കളിയുടെ മാസ്മരിക പ്രകടനങ്ങൾക്ക് സാക്ഷികളാകുവാൻ നൂറുകണക്കിന് സ്പോർട്സ് പ്രേമികൾ എത്തിച്ചേരുമെന്നാണ് സംഘാടകരായ കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്  പ്രതീക്ഷിക്കുന്നത്. ആവേശവും  ഉല്ലാസവും നിറഞ്ഞ ധാരാളം നിമിഷങ്ങൾ ഓരോരുത്തരുടെ മനസ്സിലും ഇടം പിടിക്കത്തക്കവിധമുള്ള ഒരുക്കങ്ങളാണ് ന്യൂയോർക്കിൽ അരങ്ങേറുന്നത്.

ജിമ്മി ജോർജിന്റെ ഓർമ്മകൾ നിലനിർത്തുവാനും വോളീബോൾ ആവേശത്തിന് തീ പകരുവാനും  ഏറ്റവും അനുയോജ്യനായ വ്യക്തിയെയാണ് ഇത്തവണ മാമാങ്കത്തിന്റെ ഉദ്ഘാടകനായി സംഘാടകർ ക്ഷണിച്ചിരിക്കുന്നത്.  ജിമ്മി ജോർജിനൊപ്പം വോളീബോൾ ടീമിൽ കളിച്ച് വളർന്ന് ഇന്റർനാഷണൽ വോളീബോൾ താരമായും പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും താരമായും മാറിയ ആദരണീയനായ പാലാ എം.എൽ.എ. ശ്രീ. മാണി സി. കപ്പനാണ് ടൂർണമെന്റ് ഉദ്ഘാടകൻ. തന്റെ ഉറ്റ സുഹൃത്തായ ജിമ്മി ജോർജിനെ സ്മരിക്കുവാനും ജിമ്മിയുമൊത്തുള്ള അസുലഭ മുഹൂർത്തങ്ങൾ നമ്മളുമായി പങ്ക് വയ്ക്കുവാനും പ്രസ്തുത സുഹൃത്തിൻറെ ഓർമ്മകൾ നിലനിർത്തുവാൻ അദ്ദേഹത്തിൻറെ പേരിൽ നടത്തുന്ന മത്സര മാമാങ്കം ഉദ്ഘാടനം ചെയ്യുവാൻ ഇതിലും അനുയോജ്യനായ മറ്റൊരാളെ നമുക്ക് ലഭിക്കാനില്ല എന്നാണ് സംഘാടക സമിതി പ്രസിഡൻറ്  ഷാജു സാം പറഞ്ഞത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായും കാനഡയിലെ വിവിധ പ്രൊവിൻസുകളിലായും  രൂപപ്പെട്ടിരിക്കുന്ന ഇരുപതിലധികം വോളീബോൾ ടീമുകളാണ് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കുവാനായി ഇത്തവണ മാറ്റുരക്കുന്നത്. ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സ്, കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ്, വാഷിംഗ്‌ടൺ കിങ്‌സ്, ഫിലാഡൽഫിയ ഫിലി സ്റ്റാർസ്, നയാഗ്ര സ്പാർട്ടൻസ്, റോക്‌ലാൻഡ് സോൾഡിയേഴ്സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, ചിക്കാഗോ കൈരളി ലയൺസ്, ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ് ടീം എ, ടീം ബി,  വിർജീനിയ വാരിയേഴ്‌സ്, കനേഡിയൻ ലയൺസ്, നയാഗ്ര പാന്തേഴ്സ് എന്നീ പ്രശസ്ത വോളീബോൾ ടീമുകൾ കൂടാതെ പ്രസ്തുത ടീമുകളുടെ നാൽപ്പത് വയസ്സിനു മേൽ പ്രായമുള്ളവരുടെ അഞ്ചു ടീമുകളും, പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ അഞ്ചു ടീമുകളുമാണ്  കൈപ്പന്ത് കളിയിലെ തീ പാറുന്ന മാസ്മരിക പ്രകടനങ്ങൾ കാഴ്ചവക്കുവാൻ സ്റ്റേഡിയത്തിൽ അണിനിരക്കുന്നത്.

ടൂർണമെൻറ് നിയന്ത്രിക്കുന്നതിനും വിജയികളെ കണ്ടെത്തുന്നതിനുമായി മൂന്ന് കോർട്ടുകളിൽ സമാന്തരമായി നടക്കുന്ന മത്സരങ്ങളുടെ വിധികർത്താക്കളായി 25 പ്രശസ്ത റഫറിമാരെയാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.  മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രഗത്ഭരായ വോളീബോൾ താരങ്ങളെ അണിനിരത്തി 25-ന്  ശനിയാഴ്ച രാവിലെ എട്ടു മണിക്ക് നടത്തപ്പെടുന്ന പരേഡിന് ശേഷമുള്ള ഉദ്ഘാടന സമ്മേളനത്തോടെ വോളീബോൾ മാമാങ്കത്തിന് തിരി കൊളുത്തപ്പെടും. പിന്നീടങ്ങോട്ട് രണ്ടു ദിവസം വൈകിട്ട് ആറ് മണി വരെ ആവേശകരമായ തീപാറുന്ന പ്രകടനങ്ങളാണ് അരങ്ങേറുന്നത്.  ഞായറാഴ്ച സമാപനത്തോടനുബന്ധിച്ച് വൈകിട്ട് ഏഴു മണിക്ക് ബാങ്ക്വറ്റ് ഡിന്നറും കലാപരിപാടികളും സംഘാടകർ ക്രമീകരിക്കുന്നുണ്ട്.

മാമാങ്കത്തിന് ഇനി പത്തു ദിവസം മാത്രം ബാക്കിനിൽക്കുമ്പോൾ ഇതിന്റെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആതിഥേയരായ ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബിന്റെ മുൻ കളിക്കാരും നിലവിലെ കളിക്കാരും ചേർന്നുള്ള സംഘാടക സമിതിയാണ്. സംഘാടക സമിതി പ്രസിഡൻറ്  ഷാജു സാം, സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബികുട്ടി, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ, ടീം കോച്ച് റോൺ ജേക്കബ്, ഫണ്ട് റൈസിംഗ് കൺവീനർ സിറിൽ മഞ്ചേരിൽ, സുവനീർ കൺവീനർ ജോർജ് ഉമ്മൻ, അസിസ്റ്റൻറ് കോച്ച് അലക്സാണ്ടർ തോമസ്, റിഫ്രഷ്മെൻറ്  കൺവീനർ അലക്സ് സിബി, അഡ്വർടൈസ്‌മെൻറ് കോർഡിനേറ്റർ ജെയ്‌സൺ കെ. സജി, ട്രാൻസ്‌പോർട്ടേഷൻ കൺവീനർ ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് കൺവീനർ ലിബിൻ ജോൺ, മീഡിയ കോർഡിനേറ്റർ കം പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, സോഷ്യൽ മീഡിയ കൺവീനർമാരായ ജസ്റ്റിൻ സജി, ഫെലിക്സ് സിബി, സ്‌പൈക്കേഴ്‌സ് ടീം ക്യാപ്റ്റൻ റയാൻ ഉമ്മൻ, ടീം വൈസ് ക്യാപ്റ്റൻ  ആൻഡ്രൂ മഞ്ചേരിൽ എന്നിവരും മറ്റു അഭ്യുദയ കാംക്ഷികളായ സ്‌പൈക്കേഴ്‌സ് ക്ളബ്ബ് അംഗങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ടൂർണമെൻറ് ക്രമീകരണങ്ങളുടെ അശ്രാന്ത പരിശ്രമത്തിലായിരുന്നു.

നല്ലവരായ സ്പോർട്സ് പ്രേമികളുടെയും ബിസിനെസ്സുകാരായ കുറേ സ്പോൺസർമാരുടെയും നിസ്സീമമായ പിന്തുണ ഏറ്റവും സ്ലാഘനീയമാണ് എന്നും വളരെ ചിലവേറിയ ഈ ടൂർണമെന്റിന് സ്പോൺസേർസ് നൽകിയ സാമ്പത്തിക സഹായത്തിന്  എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ട്രഷറർ ബേബികുട്ടിയും, ജനറൽ കൺവീനർ ബിഞ്ചു ജോണും, ഫണ്ട് റൈസിംഗ് കൺവീനർ സിറിൽ മഞ്ചേരിലും സംയുക്തമായി പറഞ്ഞു. പ്രസ്തുത മാമാങ്കത്തിന്റെ ക്രമീകരണങ്ങളുടെയും മത്സരങ്ങളുടെയും അന്തിമ വിജയം നല്ലവരായ സ്പോർട്സസ് പ്രേമികളുടെയും  മലയാളി സുഹൃത്തുക്കളുടെയും ആവേശകരമായ പ്രോത്സാഹനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നതിനാൽ എല്ലാവരും ഈ ടൂർണമെന്റിൽ മുഴുവൻ സമയവും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന് സംഘാടക സമിതി സെക്രട്ടറി അലക്സ് ഉമ്മൻ അറിയിച്ചു. ടൂർണമെന്റിന്റെ സ്മരണകൾ നിലനിർത്താനായി അതി മനോഹരമായ ഒരു സുവനീർ മത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് സുവനീർ കൺവീനർ ജോർജ് ഉമ്മൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:   (1) ഷാജു സാം – 646-427-4470    (2)  അലക്സ് ഉമ്മൻ – 516-784-7700   (3) ബേബികുട്ടി തോമസ് – 516-974-1735   (4) ബിഞ്ചു ജോൺ – 646-584-6859       (5) സിറിൽ മഞ്ചേരിൽ – 917-637-3116.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments