റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹ് ജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുത്തതിന് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ട അറുപതോളം സഹോദര സമുദായാംഗങ്ങളും ഈദ്ഗാഹിൽ പങ്കെടുത്തു. രാവിലെ 7:30 ന് ആരംഭിച്ച പെരുന്നാൾ നമസ്കാരവും ഖുത്വുബയും ഇവർക്കൊരു പുതിയ അനുഭവമായിരുന്നു. മഹല്ല് ഖതീബ് ടി.എം ശരീഫ് മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകവും മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി, കെ അബ്ദുറഹ്മാൻ, യു.പി മുഹമ്മദ് ഹാജി, അനസ് കരുവാട്ടിൽ എന്നിവർ ഈദ് സന്ദേശം നൽകി. ശിവദാസൻ, വേലായുധൻ, നിഷ, ദാക്ഷായണി തുടങ്ങിയവർ അവരുടെ ഈദ് അനുഭവങ്ങൾ പങ്ക് വെച്ചു. മഹല്ല് കമ്മിറ്റി ഒരുക്കിയ ഹൃദ്യമായ വിരുന്ന് ആസ്വദിച്ചും പ്രദേശത്തെ ജനങ്ങൾക്കിടയിൽ വർഷങ്ങളായി നിലനില്‍ക്കുന്ന സൗഹൃദവും സാഹോദര്യവും പുതുക്കിയുമാണ് ഇവർ പിരിഞ്ഞ് പോയത്.