വെൽഫെയർ പാർട്ടി.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാന സർക്കാർ 27 കോടി രൂപ ചെലവഴിച്ച് ‘കേരളീയം’ പരിപാടി നടത്തുന്നത് ജനദ്രോഹപരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി. കെ എസ് ആർ ടി സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കെ ടി ഡി എഫ് സി യുടെ ഖജനാവ് കാലിയായ അവസ്ഥയാണ്. നിക്ഷേപകർക്ക് കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുകകൾ തിരികെ നൽകുന്നില്ല. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇത്തരത്തിൽ ക്ഷേമപദ്ധതികളും ശമ്പളവും പെൻഷനുകളും മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ വൻതുക ചെലവഴിച്ച് ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിൻറെ മുഖം മിനുക്കാനുള്ള പി ആർ വർക്ക് മാത്രമാണെന്നും പറഞ്ഞു.
ഖജനാവ് കാലിയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും സർക്കാർ സമ്മതിക്കുകയും ഭീമമായ തുക പൊതുഖജനാവിൽ നിന്ന് ഇത്തരം പരിപാടികൾക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ‘കേരളീയ’ത്തിന്റെ ധാരാളിത്തം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതീകരിക്കാനാവില്ല. പ്രതിപക്ഷത്തിന്റെയും കേരള സമൂഹത്തിന്റെയും ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ജനറൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ, അഷ്‌റഫ് കെ കെ എന്നിവർ സംസാരിച്ചു.