ജോൺസൺ ചെറിയാൻ.
നിപ സ്ഥിരീകരണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ തുടരുന്ന കേരളത്തിന് ഇന്നത്തെ സ്രവ പരിശോധനാഫലം ആശ്വാസം. ഇന്നലെ അയച്ച 11 സ്രവ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്ന് 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 950 പേരാണുള്ളതെന്ന് കോഴിക്കോട് ഡിഎംഒ ഡോ കെ കെ രാജാറാം അറിയിച്ചു. നിപ സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്കൊപ്പം സഹായിയായി ഒരാള്‍ക്ക് മാത്രം അനുമതി. കള്ളുചെത്തും വില്‍പ്പനയും നിരോധിച്ചു. നിപ പരിശോധന ഫലം വേഗത്തിലാക്കാനായി ഐ സി എം ആര്‍ മൊബൈല്‍ യൂണിറ്റ് ഉള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമായി.