ഷാജി രാമപുരം.
ഫിലാഡൽഫിയ : സെപ്റ്റംബർ 14 വ്യാഴാഴ്ച മുതൽ 17 ഞായറാഴ്ച വരെ ഫിലാഡൽഫിയ ബഥേൽ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ദേവാലയത്തിൽ (532 Levick St, Philadelphia, PA 19111) വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ഫാദർ. ഡേവിസ് ചിറമേൽ മുഖ്യ വചന സന്ദേശം നൽകുന്നു.
സ്വന്തം കിഡ്നി ദാനം നൽകി മറ്റൊരാളിന്റെ ജീവൻ രക്ഷിച്ച് സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും പ്രകാശമായി മാറിയ പുരോഹിത ശ്രേഷ്ഠനാണ് ഫാദർ ഡേവിസ് ചിറമേൽ. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ, ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവ്വീസ് എന്നീ സംഘടനകളുടെ സ്ഥാപകനുമാണ്.
ദൈവ വചനത്തെ അർത്ഥ സമ്പുഷ്ടമായ ശൈലിയിലൂടെയും, നർമ്മത്തിൽ ചാലിച്ച ഭാഷയിലൂടെയും പകർന്നു നൽകുവാൻ കത്തോലിക്ക സഭയുടെ സീറോ മലബാർ തൃശൂർ ആർച്ച് ഡയോസിസിലെ വൈദീകൻ കൂടിയായ ഫാദർ ഡേവിസ് ചിറമേലിന്റെ അസാധാരണമായ വൈഭവം പ്രത്യേകം ശ്രദ്ധേയമാണ്.
കൺവെൻഷൻ സെപ്റ്റംബർ 14 മുതൽ 16 (വ്യാഴം,വെള്ളി, ശനി) വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 8.30 വരെയും തുടർന്ന് സെപ്റ്റംബർ 17 ഞായറാഴ്ച ഇടവകയുടെ 37- മത് ഇടവകദിനാഘോഷവും, കൺവെൻഷന്റെ സമാപന സമ്മേളനവും രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷയോടുകൂടി ആരംഭിക്കും. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം മുഖ്യ സന്ദേശം നൽകും.
ഫിലാഡൽഫിയായിലെ എല്ലാ വിശ്വാസ സമൂഹത്തെയും അടുത്ത വ്യാഴാഴ്ച മുതൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് ബഥേൽ മാർത്തോമ്മാ ഇടവകയുടെ പേരിൽ സ്നേഹത്തോടെ ക്ഷണിക്കുന്നതായി റവ. ജാക്സൺ പി. സാമൂവേൽ ( ഇടവക വികാരി), വർഗീസ് ഫിലിപ്പ് (വൈസ്. പ്രസിഡന്റ്), ബിനു സണ്ണി (സെക്രട്ടറി), മാത്യു ജോർജ് (ട്രസ്റ്റി), ജോൺസൻ മാത്യു (അക്കൗണ്ടന്റ്) എന്നിവർ അറിയിച്ചു.