ജോയിച്ചൻ പുതുകുള.
ന്യൂയോർക്ക്: പുതുപ്പള്ളി മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വിജയിക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആവശ്യമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള തെരഞ്ഞെടുപ്പായി കാണാതെ നിലവിലുള്ള കേരളത്തിന്റെ സാഹചര്യങ്ങളെ ജനാധിപത്യ വ്യവസ്ഥിതിയിൽ വിലയിരുത്തുന്നതാവണം. ഒരു കാലത്തും കേരളം അഭിമുഖീകരിച്ചിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ തുടങ്ങി എല്ലാ മേഖലകളും തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതുപ്പള്ളിയിലെ യു ഡി എഫിന്റെ വിജയം പിണറായി സർക്കാരിനുള്ള ജനാധിപത്യ വിശ്വാസികളുടെ മറുപടി ആയിരിക്കണമെന്നും ലീലാ മാരേട്ട് കൂട്ടിച്ചേർത്തു.
കഴിഞ്ഞ അൻപത്തിമൂന്ന് വർഷം പുതുപ്പള്ളിയുടെ ജീവനാഡിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പിൻമുറക്കാരനായി യുവ കോൺഗ്രസ് നേതാവ് കൂടിയായ ചാണ്ടി ഉമ്മന്റെ നേതൃത്വം പുതുപ്പള്ളിക്ക് വികസനത്തിന്റെ പുതിയ പന്ഥാവ് തുറക്കുമെന്ന കാര്യത്തിൽ സംശയമില്ല. സംശുദ്ധ രാഷ്ട്രീയത്തിന്റെ പിന്മുറക്കാരനായി ചാണ്ടി ഉമ്മൻ മാറുമെന്ന കാര്യത്തിൽ സംശയമില്ല. പുതുപ്പള്ളിയുടെ ജനകീയ മുഖം തുടരുവാൻ ചാണ്ടി ഉമ്മന്റെ വിജയത്തിനായി എല്ലാ ജനാധിപത്യ വിശ്വാസികളും പ്രവർത്തിക്കണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ആഹ്വാനം ചെയ്തു.