ജോൺസൺ ചെറിയാൻ .
വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രതയോടെ മാത്രമേ പരാമർശങ്ങൾ നടത്താവൂ.പറയുന്ന വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലമാണ്. എല്ലാ വിശ്വാസികളെയും നമ്മൾ ബഹുമാനിക്കുന്നു. നമ്മുക്കൊപ്പവും ധാരാളം വിശ്വാസികൾ ഉണ്ട്. മിത്ത് വിവാദം നേരിട്ട് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.അതേസമയം മിത്ത് വിവാദം നിയമ സഭയിൽ ഉന്നയിക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേർന്നത്. സ്പീക്കർക്കെതിരെ അടിയന്തര പ്രമേയം നോട്ടീസ് കൊണ്ട് വരാൻ പറ്റില്ലെന്നത് പരിമിതിയാണ്. അതിനാൽ സ്പീക്കർ തിരുത്തണമെന്ന നിലപാട് മാത്രം സഭയിൽ ആവർത്തിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പുലർത്തുന്ന മൗനം രാഷ്ട്രീയമായി ഉന്നയിക്കാനും യുഡിഎഫിൽ തീരുമാനമായി.