പി പി ചെറിയാൻ.
മെസ്‌ക്വിറ്റ് (ഡാളസ് ):ജീവിതത്തിൽ ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുതെന്നും ,ദൈവത്തിൽ നിന്നും നിരവധി അനുഗ്രഹങ്ങൾ പ്രാപിച്ച നമ്മൾ നമുക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ നന്മകായി പ്രയോജനപെടുത്തുവാൻ തയാറാകണെമെന്നു ബിഷപ്പ് ഉമ്മൻ ജോർജ് ഉദ്ബോധിപ്പിച്ചു .കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇരുപത്തി ആറാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ രണ്ടാം ദിനം യൂദാ 24,25 (വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ)എന്നീ വാക്യങ്ങളെ ആധാരമാക്കി തിരുവചന ധ്യാനം നടത്തുകയായിരുന്നു പ്രമുഖ ആത്മീയ പ്രഭാഷകനും, സി എസ് ഐ സഭയുടെ കൊല്ലം – കൊട്ടാരക്കര ഭദ്രാസന അധ്യക്ഷനും, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും, വേദ പണ്ഡിതനും ആയ ബിഷപ് ഡോ. ഉമ്മൻ ജോർജ്.
ഡാളസ് സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച്
വൈകിട്ട് 6.30 നു റവ ഫാ സി ജി തോമസ് കോർ എപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.തുടർന്ന് ഡാളസിലെ 21 ഇടവകളിലെ ഗായകർ ഉൾപ്പെടുന്ന എക്ക്യൂമെനിക്കൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ നടന്നു
മദ്ധ്യസ്ഥ പ്രാർത്ഥനക്കു ഫിലിപ്മാത്യു നേത്ര്വത്വം നൽകി. റവ ഷൈജു സി ജോയ് ആമുഖ പ്രസംഗം നടത്തുകയും മുഖ്യാഥിതി ഉൾപ്പെട എല്ലാവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയുകയും ചെയ്തു .നിശ്ചയിക്കപ്പെട്ട പാഠഭാഗം കെ .എസ് മാത്യു വായിച്ചു.
1979 ൽ ഡാളസിൽ ആരംഭിച്ച കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിൽ ഇന്ന് വിവിധ സഭകളിൽപ്പെട്ട ഏകദേശം 21 ഇടവകകൾ അംഗങ്ങളാണ്. ഡാളസിലെ മെസ്ക്വിറ്റിലുള്ള സെന്റ്. പോൾസ് മാർത്തോമ്മ ഇടവകയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
റവ. ഷൈജു സി. ജോയ് പ്രസിഡന്റും, വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വൈസ് പ്രസിഡന്റും, ഷാജി എസ്. രാമപുരം ജനറൽ സെക്രട്ടറിയും, വിൻസെന്റ് ജോണികുട്ടി ട്രസ്റ്റിയും, ജോൺ തോമസ് ക്വയർ ഡയറക്ടറും , ജസ്റ്റിൻ പാപ്പച്ചൻ യൂത്ത് കോർഡിനേറ്ററും ആയ 21 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ഡാളസിലെ കെഇസിഎഫിന് ചുക്കാൻ പിടിക്കുന്നത്.
ഞായർ വൈകീട്ട് 6നു കൺവെൻഷന്റെ കടശ്ശി യോഗം നടക്കും .തുടർന്നു മണിപ്പൂർ സംഭവങ്ങളിൽ പീഢയാനുഭവിക്കുന്ന ജനസമൂഹത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നതിനു നൈറ്റ് വിജിൽ ഉണ്ടായിരിക്കുമെന്നും ഡാളസിലെ എല്ലാവിശ്വാസികളെയും കടശ്ശി യോഗത്തിലേക്കു സ്നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.അഭിവന്ദ്യ തിരുമേനിയുടെ ആശീർവാദത്തോടെ കൺവെൻഷന്റെ രണ്ടാം ദിന പരിപാടികൾ സമാപിച്ചു.