ജോൺസൺ ചെറിയാൻ.
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വച്ച് പൊട്ടിത്തകർന്ന ടൈറ്റൻ അന്തർവാഹനിയുടെ ചില ഭാഗങ്ങൾ മാത്രമാണ് ദൗത്യ സംഘത്തിന് ഇതുവരെ കണ്ടെത്താനായത്. ടൈറ്റൻ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം സംഭവിച്ചതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിക്കുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.ടൈറ്റാനിക് കാണാൻ പുറപ്പെട്ട ടൈറ്റൻ അന്തർവാഹിനിക്ക് സംഭവിച്ചത് യഥാർത്ഥത്തിൽ എന്താണ്? പേടകം അകത്തേക്ക് ഉൾവലിഞ്ഞതുകൊണ്ടുള്ള പൊട്ടിത്തെറിയാണ് സ്‌ഫോടനത്തിലേക്ക് എത്തിയതെന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും എന്താണ് ഈ implosion ?
ടൈറ്റന് സംഭവിച്ച വിനാശകരമായ സ്‌ഫോടനം എന്താണ്?
ടൈറ്റൻ കാണാതായതിന്റെ ആദ്യ ദിവസമായിരിക്കാം സ്‌ഫോടനം നടന്നതെന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ തന്നെ മദർഷിപ്പുമായുള്ള ആശയ വിനിമയം നഷ്ടമായെന്ന് പറയാനാകില്ല. അതാകാം ദൗത്യസംഘം അവസാന നിമിഷവും പ്രതീക്ഷ കൈവിടാതിരുന്നതിന്റെ കാരണം.
സാധാരണ, ആഴക്കടലിൽ പ്രവർത്തിക്കുന്ന സബ്‌മെർസിബിളുകൾക്കും അന്തർവാഹിനികൾക്കും മർദം കൊണ്ടുള്ള ഒരു വലിയ ഭാഗമുണ്ടാകും. വളരെ ശക്തിയുള്ള ഒരൊറ്റ ലോഹ പദാർത്ഥം ഉപയോഗിച്ച് നിർമിച്ചതാകും മർദം നിറഞ്ഞ ഈ ഭാഗം. സാധാരണ ഗതിയിൽ ഏതാണ്ട് മുന്നൂറ് മീറ്ററോളം ആഴത്തിലാണെങ്കിൽ സ്റ്റീലും അതിൽക്കൂടുതൽ ആഴക്കടലിലേക്കാണെങ്കിൽ ടൈറ്റാനിയവുമാകും ഇവിടെ ഉപയോഗിക്കുന്ന ലോഹം. ടൈറ്റാനിക് കപ്പൽ കിടക്കുന്ന അവശിഷ്ടത്തിനടുത്തെത്തിയാൽ പോലും വിനാശകരമായേക്കാവുന്ന സമ്മർദത്തെ തകർക്കാൻ കഴിയുന്നതാണ് ഗോളാകൃതിയിലുള്ള ഈ മർദപാത്രം.